മലപ്പുറം: രോഗിയായ യാത്രക്കാരന് സീറ്റ് നൽകാത്തതിനും സ്റ്റോപ്പിലിറക്കാത്തതിനും കെ.എസ്.ആർ.ടി.സി.ക്ക് 30,000 രൂപ പിഴയിട്ട് ജില്ലാ ഉപഭോക്തൃ കമ്മിഷൻ. തോട്ടശ്ശേരിയറ സ്വദേശി മുഹമ്മദ് സൈനുദ്ദീൻ കോർമത്തിന്റെ പരാതിയിലാണ് നടപടി. കെ.എസ്.ആർ.ടി.സി. എം.ഡി.യാണ് പിഴ അടയ്‌ക്കേണ്ടത്.

To advertise here,

മുഹമ്മദ് സൈനുദ്ദീൻ തൃശ്ശൂർ ആമ്പല്ലൂരിൽനിന്ന് മലപ്പുറം കൊളപ്പുറത്തേക്കാണ് ബസ്സിൽക്കയറിയത്. ഇരിക്കാൻ സീറ്റൊഴിവില്ലെന്ന് മനസ്സിലായി. രോഗിയായതിനാൽ മൂന്നു മണിക്കൂർ നിന്നുകൊണ്ടുള്ള യാത്ര ബുദ്ധിമുട്ടാണെന്ന് അറിയിച്ചപ്പോൾ കണ്ടക്ടർ തൃശ്ശൂരിൽനിന്ന് സീറ്റു കിട്ടുമെന്നറിയിച്ചു.

തൃശ്ശൂരിലെത്തിയപ്പോൾ ഒഴിഞ്ഞ സീറ്റുകളിലൊന്നിൽ സൈനുദ്ദീൻ ഇരുന്നു. ബസ് പുറപ്പെട്ടപ്പോൾ ഒരു യാത്രക്കാരനെത്തി സീറ്റ് ഒഴിയണമെന്നും അത് താൻ റിസർവ് ചെയ്തതാണെന്നും അറിയിച്ചു. കണ്ടക്ടറും സീറ്റൊഴിയാൻ ആവശ്യപ്പെട്ടു. അതിനിടയിൽ മറ്റു സീറ്റുകളിൽ യാത്രക്കാർ ഇരിക്കുകയുംചെയ്തു. ഇതേത്തുടർന്ന് സൈനുദ്ദീന് നിന്ന് യാത്രചെയ്യേണ്ടിവന്നു. സർവീസ് റോഡിലൂടെപോകാതെ ദേശീയപാതയിലൂടെ ഓടിച്ചതിനാൽ കക്കാട് സ്റ്റോപ്പിൽ ഇറങ്ങാനായില്ല. പകരം കൂരിയാട്ട് ഇറങ്ങേണ്ടിവന്നു. ഇതേത്തുടർന്നാണ് ഉപഭോക്തൃ കമ്മിഷനിൽ പരാതി നൽകിയത്.

25,000 രൂപ നഷ്ടപരിഹാരവും 5,000 രൂപ കോടതിചെലവും 45 ദിവസത്തിനകം പരാതിക്കാരന് നൽകണമെന്നും അല്ലെങ്കിൽ ഒൻപത് ശതമാനം പലിശയടക്കം നൽകണമെന്നുമാണ് കെ. മോഹൻദാസ് പ്രസിഡന്റും പ്രീതി ശിവരാമൻ, സി.വി. മുഹമ്മദ് ഇസ്മായിൽ എന്നിവർ അംഗങ്ങളുമായ ജില്ലാ ഉപഭോക്തൃകമ്മിഷൻ വിധിച്ചത്.