കാസര്‍കോട് ഡിപ്പോയിലെ ഡ്രൈവറാണ് സുരേഷന്‍

കോഴിക്കോട്: കഴിഞ്ഞ ദിവസമാണ് കാസർകോട് നിന്നും ബെംഗളൂരുവിലേക്ക് പോകുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസ്സിന് നേരെ ബിഡിദിയിൽ വെച്ച് മുട്ടയേറ് ഉണ്ടായത്. ഡ്രൈവറുടെ മനസ്സാന്നിധ്യം കൊണ്ടാണ് വലിയ അപകടം ഒഴിവായത്. രണ്ട് ദിവസം മുമ്പ് ഇതേ സ്ഥലത്ത് വെച്ച് മറ്റൊരു കെ.എസ്.ആർ.ടി.സി ബസ്സ് മറിഞ്ഞ് രണ്ട് പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇതോടെ ഈ രണ്ട് സംഭവത്തിനും പിന്നിൽ ക്രിമിനൽ സംഘമാണോ എന്ന സംശയത്തിലേക്കാണ് അന്വേഷണം നീങ്ങുന്നത്. അന്വേഷണം ആ തരത്തിൽ ഉണ്ടാകുമെന്ന് ഗതാഗത മന്ത്രിയും പ്രതികരിച്ചിട്ടുണ്ട്.
രണ്ട് പേർ മരിക്കാനിടയായ സംഭവത്തിൽ ഡ്രൈവർ ഉറങ്ങിപ്പോയതാണെന്ന പ്രാഥമിക നിഗമനത്തിലേക്കാണ് പോയതെങ്കിലും ഇതിന് പിന്നിൽ അട്ടിമറിയുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് പറയുകയാണ് കഴിഞ്ഞ ദിവസം മുട്ടയേറ് കൊണ്ട ബസ്സിലെ ഡ്രൈവർ ബി. സുരേഷൻ. തന്റെ ബസ്സ് ബിഡിദിയിൽ എത്തിയപ്പോൾ സർവീസ് റോഡിൽ നിന്ന് മൂന്നുപേർ ബസ്സിന് നേരെ മുട്ടയെറിയുന്നത് കണ്ടിരുന്നു. യാത്രക്കാർ അത് ഫോട്ടോ എടുക്കുകയും ചെയ്തു. സ്ഥിരമായി പ്രശ്നമുണ്ടാകുന്ന ഭാഗമായതിനാൽ ഏറെ ശ്രദ്ധിച്ചായിരുന്നു വാഹനം ഓടിച്ചത്. അതുകൊണ്ടാണ് ബസ് നിയന്ത്രിച്ച് കുറച്ച് മുന്നോട്ട് വെളിച്ചമുള്ള ഭാഗത്ത് നിർത്തനായതെന്നും മറിച്ചാണെങ്കിൽ അപകടം സംഭവിക്കാമായിരുന്നുവെന്നും സുരേഷൻ പറയുന്നു.
ബസ്സിന്റെ ചില്ലിൽ മുട്ടകൾ വന്ന് പതിച്ചതോട് കൂടി കാഴ്ച്ച മങ്ങിയിരുന്നു. വൈപ്പറിടാതെ മുന്നോട്ട് പോയി സുരക്ഷിതമായ ഇടത്ത് നിർത്തുകയാണ് ചെയ്തത്. അവിടെ നിന്നും ചില്ലുകൾ വൃത്തിയാക്കിയ ശേഷമാണ് യാത്ര തുടർന്നത്. മുട്ട പൊട്ടി ഒലിക്കുമ്പോൾ വൈപ്പർ ഇടാൻ പാടില്ല. അറിയാതെ ഇട്ടുപോയാൽ വെള്ള പെയിന്റ് അടിച്ചത് പോലെ കാഴ്ച്ച പൂർണമായും മങ്ങും. ഇപ്പോഴത്തെ പല കാറുകൾക്കും ഓട്ടോമാറ്റിക്ക് വൈപ്പറുണ്ട്. ഇത്തരം കാറുള്ളവരാണ് ഇതുവഴി പോകുമ്പോൾ ശ്രദ്ധിക്കേണ്ടത്. വലിയ അപകടം സംഭവിക്കാൻ വേറൊന്നും വേണ്ടെന്നും സുരേഷൻ ചൂണ്ടിക്കാട്ടുന്നു.
നേരത്തെ ഇതുവഴി കാറുമായി പോവുമ്പോഴൊക്കെ സമാനമായ അനുഭവം ഉണ്ടായിട്ടുണ്ട്. മാത്രമല്ല, മറ്റ് വാഹനത്തിലുള്ളവരും പറയാറുണ്ട്. അതുകൊണ്ട് ബിഡിദിയിൽ എത്തുമ്പോൾ ഏറെ ജാഗ്രതയോടെയാണ് വാഹനം ഓടിക്കാറുള്ളതെന്നും സുരേഷൻ പറയുന്നു.
കാസർകോട് ഡിപ്പോയിലെ ഡ്രൈവറാണ് സുരേഷൻ. വെള്ളിക്കോത്ത് സ്വദേശിയായ ഇദ്ദേഹം കഴിഞ്ഞ 14 വർഷമായി കെ.എസ്.ആർ.ടി.സിയിൽ ജോലി ചെയ്യുന്നു. തളിപ്പറമ്പ് സ്വദേശിയായ സനു ആയിരുന്നു കണ്ടക്ടർ.
Content Highlights: KSRTC driver B Suresh averted a major accident in Bidadi on the Kasaragod-Bengaluru route after criminals threw eggs at his bus windshield, raising suspicions of sabotage linked to a fatal crash in the same area two days earlier.
Published: 14 Aug 2026, 05:47 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented