എടയ്ക്കാട്ടുവയല്‍: വിദ്യാര്‍ഥികളുടെ ജീവനു ഭീഷണിയായി സ്‌കൂള്‍ മുറ്റത്തിനരികിലൂടെ പോകുന്ന 11 കെവിയുള്‍പ്പെടെയുള്ള വൈദ്യുതി ലൈനുകള്‍ മാറ്റാന്‍ 1,07,000 രൂപ അടയ്ക്കണമെന്ന് കെഎസ്ഇബി. ലൈന്‍ മാറ്റാന്‍ എസ്റ്റിമേറ്റ് തയ്യാറാക്കിയിട്ടുണ്ടെന്നും വ്യക്തമാക്കി.

To advertise here,

ആരക്കുന്നം കെഎസ്ഇബി സെക്ഷന്‍ ഓഫീസിനു കീഴിലുള്ള എടയ്ക്കാട്ടുവയല്‍ പഞ്ചായത്തിലെ വെളിയനാട് സെയ്ന്റ് പോള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍മുറ്റത്തിന് അരികിലൂടെ പോകുന്ന ലോടെന്‍ഷന്‍, ഹൈടെന്‍ഷന്‍ വൈദ്യുതി ലൈനുകള്‍ മാറ്റാനാണ് ഡിപ്പോസിറ്റ് സ്‌കീമില്‍ തുക അടയ്ക്കാന്‍ കെഎസ്ഇബി നിര്‍ദേശിച്ചത്.

ഗ്രാമപ്പഞ്ചായത്തും പിടിഎയും സ്‌കൂള്‍ അധികൃതരും ലൈന്‍ മാറ്റുന്നകാര്യം നിരന്തരം ഉന്നയിച്ചിട്ടും കെഎസ്ഇബി നടപടിയെടുത്തിരുന്നില്ല. എടയ്ക്കാട്ടുവയല്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.ആര്‍. ജയകുമാര്‍, ഇക്കാര്യം അസിസ്റ്റന്റ് എന്‍ജിനിയറുടെ ശ്രദ്ധയില്‍പ്പെടുത്തുകയും ചെയ്തു. ഏതാനും ആഴ്ച മുന്‍പ് കെഎസ്ഇബി ചോറ്റാനിക്കര അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എന്‍ജിനിയറുടെ ഓഫീസില്‍ പരാതിയെത്തിയപ്പോഴാണ് കെഎസ്ഇബി പരിശോധനയ്ക്ക് വന്നത്.

ആരക്കുന്നം സെക്ഷന്‍ ഓഫീസില്‍നിന്ന് ഉദ്യോഗസ്ഥരെത്തി പരിശോധിച്ചെങ്കിലും മറ്റ് നടപടിയൊന്നുമുണ്ടായില്ലെന്ന് ഹെഡ്മാസ്റ്റര്‍ ഏലിയാസ് പോള്‍ പറഞ്ഞു. ലൈന്‍ അടിയന്തരമായി മാറ്റണമെന്നാവശ്യപ്പെട്ട് ആരക്കുന്നം സെക്ഷന്‍ ഓഫീസില്‍ എടയ്ക്കാട്ടുവയല്‍ പഞ്ചായത്ത് പ്രസിഡന്റ് ജൂലായ് 23-ന് ഇ-മെയിലില്‍ വഴി വീണ്ടും കത്തു നല്‍കി. ഈ കത്തിനുള്ള മറുപടിയിലാണ് ലൈന്‍ മാറ്റാന്‍ എസ്റ്റിമേറ്റ് തയ്യാറാക്കിയിട്ടുണ്ടെന്നും ഇതിനായി ഡിപ്പോസിറ്റ് സ്‌കീമില്‍ 1,07,000 രൂപ സ്‌കൂള്‍ അധികൃതര്‍ അടയ്ക്കണമെന്നും ആവശ്യപ്പെട്ടത്.

കേന്ദ്രഫണ്ടില്‍ പേപ്പതി-വട്ടപ്പാറ റോഡ് നിര്‍മാണം നടക്കുമ്പോള്‍ പോസ്റ്റ് മാറ്റിയിടുന്ന എസ്റ്റിമേറ്റില്‍ ഈ പ്രവര്‍ത്തനവും ചെയ്യാനാകുമെന്നും കെഎസ്ഇബി അസിസ്റ്റന്റ് എന്‍ജിനിയര്‍ വിശദീകരിച്ചിട്ടുണ്ട്. എന്നാല്‍ റോഡ് നിര്‍മാണത്തിന്റെ ഭാഗമായി പോസ്റ്റുകള്‍ മാറ്റാന്‍ കുറഞ്ഞത് ഒരുവര്‍ഷം കാത്തിരിക്കേണ്ടിവരുമെന്നും അതുവരെ അപകടകരമായ ലൈന്‍ മാറ്റാതിരുന്നാല്‍ ഉണ്ടാകാവുന്ന ദുരന്തസാധ്യതയുടെ ഉത്തരവാദികള്‍ കെഎസ്ഇബി ആയിരിക്കുമെന്നും പിടിഎ ഭാരവാഹികള്‍ പറഞ്ഞു.

വൈദ്യുതിലൈനുകള്‍ സംബന്ധിച്ചുള്ള മുഴുവന്‍ വിവരങ്ങളും മേലധികാരികളെ അറിയിച്ചിട്ടുണ്ടെന്നും അവര്‍ നിര്‍ദേശിക്കുന്നതുപോലെ നടപടി സ്വീകരിക്കുമെന്നും ആരക്കുന്നം സെക്ഷന്‍ അസിസ്റ്റന്റ് എന്‍ജിനിയര്‍ ഷിജു കൂമുള്ളില്‍ പറഞ്ഞു.

പേപ്പതി-വട്ടപ്പാറ പിഡബ്ല്യുഡി റോഡിലൂടെയുള്ള വൈദ്യുതിലൈനുകള്‍, ഉയരത്തിലുള്ള സ്‌കൂള്‍ മതിലിനോട് ചേര്‍ന്നാണ് പോകുന്നത്. വീതിയുള്ള മതിലായതിനാല്‍ വിദ്യാര്‍ഥികള്‍ മതിലില്‍ കയറിയാല്‍ ലൈനില്‍ തല സ്പര്‍ശിക്കാനുള്ള സാധ്യതയുണ്ട്.