തിരുവനന്തപുരം: മേയർ വി.വി. രാജേഷിന്റെ പരിഹാസത്തിന് കടുത്ത ഭാഷയിൽ മറുപടി നൽകി കോൺഗ്രസ് നേതാവ് കെ.എസ്. ശബരീനാഥൻ. മേയർ പങ്കുവെച്ച 'ആന്തൂറിയം പൂവിന്റെയും അവലോസ് ഉണ്ടയുടെയും' തമാശ വെറും 'ക്രിഞ്ച്' ആണെന്നും അത് കേട്ടിട്ട് ബോറടിക്കുന്നുവെന്നും ശബരീനാഥൻ തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിൽ കുറിച്ചു. ഭരണപരാജയങ്ങൾ മറച്ചുവെക്കാൻ ഇത്തരം പരിഹാസങ്ങൾ കൊണ്ട് സാധിക്കില്ലെന്നും അദ്ദേഹം വിമർശിച്ചു.

To advertise here,

അധികാരമേറ്റ് 45 ദിവസത്തിനകം കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ച മാസ്റ്റർ പ്ലാനിന്റെ അവസ്ഥ എന്തായെന്ന് അദ്ദേഹം ചോദിച്ചു. കൂടാതെ, കേന്ദ്ര ബജറ്റിൽ തിരുവനന്തപുരത്തിനായി പ്രഖ്യാപിക്കുമെന്ന് പറഞ്ഞ വമ്പിച്ച വികസന പദ്ധതികളും, മുൻപ് ഉറപ്പുനൽകിയ 'ഒളിമ്പിക്സ് വേദിയും' എവിടെപ്പോയി എന്നും അദ്ദേഹം ചോദിച്ചു. വികസന കാര്യങ്ങളിലെ വാഗ്ദാനലംഘനങ്ങളെക്കുറിച്ച് 'ജസ്റ്റ് ആസ്കിങ്' എന്ന രീതിയിലാണ് അദ്ദേഹം ചോദ്യങ്ങൾ ഉന്നയിച്ചത്.

അവിശ്വാസ പ്രമേയ നീക്കം പാളിയതോടെയാണ് മേയർ വി.വി. രാജേഷ് ശബരീനാഥനെ പരിഹസിച്ച് രംഗത്തെത്തിയത്. ശബരീനാഥൻ ഒരാഴ്ചയായി മഴയത്ത് ആന്തൂറിയം പൂവുമായി നിൽക്കുകയാണെന്നും എൽഡിഎഫ് പ്രതിനിധി അവലോസ് ഉണ്ട നൽകാൻ തയ്യാറാകുന്നില്ലെന്നുമായിരുന്നു രാജേഷിന്റെ പരിഹാസം.

നഗരസഭയിലെ ഭരണസ്തംഭനത്തിനെതിരെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിൽ എൽഡിഎഫ് സ്വീകരിച്ച നിലപാടാണ് തർക്കങ്ങളുടെ കേന്ദ്രബിന്ദു. പ്രമേയത്തെ പിന്തുണയ്ക്കില്ലെന്ന് സിപിഎം വ്യക്തമാക്കിയതോടെ ബിജെപിയും എൽഡിഎഫും തമ്മിൽ ഒത്തുകളിക്കുകയാണെന്ന് കോൺഗ്രസ് ആരോപിച്ചു. പ്രമേയത്തിന്മേലുള്ള ചർച്ചയ്ക്ക് പോലും എൽഡിഎഫ് തയ്യാറാകാത്തത് എന്തുകൊണ്ടാണെന്നും, പ്രതിപക്ഷത്തിന് കാര്യങ്ങൾ അക്കമിട്ട് നിരത്താനുള്ള ഒരു പ്ലാറ്റ്‌ഫോം നൽകാൻ പോലും അവർ മടിക്കുന്നത് രാഷ്ട്രീയ അഡ്ജസ്റ്റ്‌മെന്റ് കാരണമാണെന്നും ശബരീനാഥൻ ചൂണ്ടിക്കാട്ടിയിരുന്നു.