കൊച്ചി: കെപിസിസി ഭാരവാഹി പട്ടിക വന്നപ്പോള്‍, എ ഗ്രൂപ്പില്‍ നിരാശ. ഗ്രൂപ്പ് നേതൃത്വം പല വഴിയായതിനാല്‍ നാഥനില്ലായ്മ പുനഃസംഘടനയില്‍ ദൃശ്യമായെന്നാണ് താഴെ തട്ടിലെ നേതാക്കളുടെ വിലയിരുത്തല്‍. കുറച്ചുകൂടി പരിഗണന ഗ്രൂപ്പ് അര്‍ഹിക്കുന്നുണ്ടെന്നു പറയുന്നവരും ഗ്രൂപ്പിന്റെ ഇപ്പോഴത്തെ അവസ്ഥയില്‍ ഇതുതന്നെ കിട്ടിയത് ഭാഗ്യമെന്നു പറയുന്നവരുമുണ്ട്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മരണശേഷം നേതൃത്വത്തില്‍ പല അഭിപ്രായങ്ങളായതോടെ എ ഗ്രൂപ്പിന്റെ വിലപേശല്‍ ശേഷി കുറഞ്ഞു.

To advertise here,

അതേസമയം ഉമ്മന്‍ചാണ്ടിയുടെ കാലത്തുണ്ടായിരുന്ന എ ഗ്രൂപ്പിന്റെ കേഡര്‍ സംവിധാനം അതുപോലെ താഴെ തട്ടിലുണ്ടെന്നാണ് നേതാക്കള്‍ പറയുന്നത്. അതുകൊണ്ടുതന്നെ തദ്ദേശ തിരഞ്ഞെടുപ്പില്‍ സീറ്റുചര്‍ച്ചയില്‍ ശക്തമായി ഇടപെടാന്‍ കഴിയുമെന്ന പ്രതീക്ഷയും അവര്‍ പുലര്‍ത്തുന്നു.

കെപിസിസി പുനഃസംഘടനയില്‍ എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിന്റെയും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെയും താത്പര്യങ്ങള്‍ക്കാണ് ജില്ലയില്‍ കൂടുതല്‍ പരിഗണന ലഭിച്ചത്. ഷാഫി പറമ്പില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റായിരുന്നപ്പോള്‍ കമ്മിറ്റിയില്‍ സഹ ഭാരവാഹികളായിരുന്നവര്‍ക്ക് പുനഃസംഘടനയില്‍ പരിഗണന കിട്ടിയില്ലെന്ന പരാതിയും ഉയര്‍ന്നു. യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന സെക്രട്ടറി പി.വൈ. ഷാജഹാനടക്കം പരസ്യ പ്രസ്താവനകളുമായി രംഗത്തുവന്നു. പാര്‍ട്ടിക്കുവേണ്ടി ജയിലില്‍ പോയവര്‍ക്ക് പരിഗണനയില്ല, പെട്ടിപിടിക്കുന്നവര്‍ക്കാണ് സ്ഥാനമാനങ്ങളെന്നാണ് അവരുടെ പരാതി.

എ വിഭാഗത്തില്‍നിന്ന് മുതിര്‍ന്ന നേതാവ് അബ്ദുള്‍ മുത്തലിബിനെ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിലനിര്‍ത്തിയപ്പോള്‍, മുന്‍ മേയര്‍ ടോണി ചമ്മണിക്ക് പ്രമോഷന്‍ കിട്ടിയില്ല. അതേസമയം കെ.സി. വേണുഗോപാലിന്റെ അനുയായി എം.ആര്‍. അഭിലാഷിന് ജനറല്‍ സെക്രട്ടറിയായി പ്രമോഷന്‍ കിട്ടി. രമേശ് ചെന്നിത്തലയുടെ അനുയായി അറിയപ്പെടുന്ന, പൊതുവേ ഗ്രൂപ്പുകള്‍ക്കെല്ലാം സ്വീകാര്യനായ ഐ.കെ. രാജുവും ജനറല്‍ സെക്രട്ടറിയായി. കെ.സി. വിഭാഗത്തിന്റെ അക്കൗണ്ടില്‍ ദീപ്തിമേരി വര്‍ഗീസിന് ജനറല്‍ സെക്രട്ടറി സ്ഥാനത്ത് തുടരാനായി.

വൈസ് പ്രസിഡന്റായതോടെ ഹൈബി ഈഡന്‍ പാര്‍ട്ടി നേതൃത്വത്തിലേക്ക് എത്തി. മുന്‍ എംഎല്‍എ വി.പി. സജീന്ദ്രന്‍ വൈസ് പ്രസിഡന്റ് സ്ഥാനത്ത് തുടര്‍ന്നപ്പോള്‍, മാത്യു കുഴല്‍നാടന്‍ എംഎല്‍എ വൈസ് പ്രസിഡന്റായി പാര്‍ട്ടി ഭാരവാഹിത്വത്തിലേക്ക് തിരിച്ചെത്തി. വി.ജെ. പൗലോസ് ഒഴിവായതിനാല്‍ വൈസ് പ്രസിഡന്റ് സീറ്റുകിട്ടിയ ജയ്സണ്‍ ജോസഫിനും ഭാരവാഹിത്വത്തിലേക്ക് തിരിച്ചുവരാനായി.

ഗ്രൂപ്പ് -സാമുദായിക പരിഗണനയ്ക്കു മുന്‍തൂക്കം നല്‍കിയാണ് ഭാരവാഹികളെ നിശ്ചയിച്ചതെന്ന പരാതികള്‍ നിലനില്‍ക്കുമ്പോള്‍ത്തന്നെ, ഈഴവ സമുദായത്തിന് വേണ്ട പരിഗണന കിട്ടിയില്ലെന്ന ആക്ഷേപവുമുണ്ട്. ജോയിന്റ് സെക്രട്ടറിമാരെയും എക്‌സിക്യുട്ടീവ് അംഗങ്ങളെയും പ്രഖ്യാപിക്കുമ്പോള്‍ പരാതികള്‍ പരിഹരിക്കപ്പെടുമെന്നാണ് നേതാക്കളുടെ പ്രതീക്ഷ.