
കോഴിക്കോട്: സംരംഭകത്വത്തിന്റെ കാലമാണിപ്പോൾ. അതിന് പ്രോത്സാഹനവും ഏറെയുണ്ട്. എന്നാൽ, അതൊന്നും കാര്യമായി ഇല്ലാതിരുന്നകാലത്ത് ഒരു പത്താംക്ലാസുകാരൻ തുടങ്ങിയ ചെറിയസംരംഭം. രണ്ടുവർഷം കഴിഞ്ഞപ്പോൾ പത്താംക്ലാസ് കഴിഞ്ഞിറങ്ങിയ അനിയനും ഒപ്പംകൂടി. അങ്ങനെ ഗുണനിലവാരവും സേവനമികവും കൊണ്ട് ആ ചെറിയ സംരംഭത്തെ വലിയ വളർച്ചയിലെത്തിച്ചു, സഹോദരങ്ങളായ അരുൺകുമാറും അജിത്തും. കഴിഞ്ഞദിവസം ഒരു തീനാളം കരിച്ചുകളഞ്ഞത് കോടികളുടെ ആ സ്ഥാപനം മാത്രമല്ല, രണ്ടു ചെറുപ്പക്കാരുടെ ചോരനീരാക്കിയ പരിശ്രമംകൂടിയാണ്. മാറാട് വെസ്റ്റ് മാഹിയിൽ ഞായറാഴ്ച രാത്രി രേണുക ഓയിൽ ആൻഡ് ഫ്‌ളോർമിൽ കത്തിയെരിഞ്ഞ സംഭവം അതിന്റെ ഉടമകളെ മാത്രമല്ല, അവരെ അറിയുന്നവരുടെയും കണ്ണുനനയിച്ചു. അത്രയും പ്രിയപ്പെട്ടതായിരുന്നു ആ നാട്ടുകാർക്ക് അവരും അവരുടെ സഥാപനവും.
'സീറോയിൽനിന്നായിരുന്നു ഞങ്ങളുടെ തുടക്കം. ഒരുപാട് കഷ്ടതകൾ കടന്ന് പതുക്കെപ്പതുക്കെയാണ് ഈ നിലയിലെത്തിയത്. അതാണിപ്പോൾ കത്തിച്ചാമ്പലായത്. തിരിച്ചെടുക്കാൻ ഇനിയൊന്നും ബാക്കിയില്ല. വീണ്ടുമെല്ലാം സീറോയിൽനിന്ന് തുടങ്ങണം' -അജിത്ത് പറഞ്ഞു.
'2000-ത്തിൽ ചെറിയരീതിയിലായിരുന്നു തുടക്കം. പണ്ട് അച്ഛന് ഒരു ഓയിൽമില്ലുണ്ടായിരുന്നത് മാത്രമാണ് പരിചയം. അങ്ങനെയാണ് തീർത്തും പുതുതായൊന്ന് തുടങ്ങുന്നത്' -കമ്പനിക്ക് തുടക്കമിട്ട അരുൺ പറഞ്ഞു. കൊപ്ര ആട്ടിയെടുക്കുന്ന വെളിച്ചെണ്ണയുമായി എം-80 സ്‌കൂട്ടറിൽ ചുറ്റുവട്ടത്ത് കൊണ്ടുനടന്നായിരുന്നു വിൽപ്പന. കുറച്ചുകഴിഞ്ഞപ്പോൾ അടുത്തപ്രദേശങ്ങളിലേക്ക് കൂടി വ്യാപിപ്പിച്ചു. പിന്നെ എം-80 ആപേ ഓട്ടോയിലായി. അങ്ങനെ 26 വർഷങ്ങൾ കഴിഞ്ഞപ്പോൾ ലോറികളടക്കം 22 വണ്ടികളുള്ള സ്ഥാപനമായി കമ്പനി വളർന്നു. വിദേശത്തേക്ക് കയറ്റി അയക്കാനുൾപ്പെടെ ആയിരത്തിലധികം സ്ഥാപനങ്ങളിലേക്കാണ് ഇവിടെനിന്ന് വെളിച്ചെണ്ണ പോകുന്നത്. ബ്രാൻഡഡ് സൂപ്പർമാർക്കറ്റുകളും പ്രമുഖ ആയുർവേദ ഔഷധനിർമാണശാലകളുമെല്ലാം ഇതിലുൾപ്പെടും. ഇതിനുപുറമെ 'കേരളത്തനിമ' എന്ന സ്വന്തം ബ്രാൻഡായും വിൽപ്പനയുണ്ട്. മാർക്കറ്റിങ്ങിനും വിതരണത്തിനും ഉൾപ്പെടെ 50-ഓളം ജീവനക്കാരും ഉണ്ടായിരുന്നു.
ഒരുനിമിഷംകൊണ്ടാണ് എല്ലാം അവസാനിച്ചത്. കൊപ്രച്ചേവിൽനിന്നാണ് തീപടർന്നതെന്നാണ് നിഗമനം. 'ഓണം പ്രമാണിച്ച് വലിയ സ്റ്റോക്കാണ് ഉണ്ടായിരുന്നത്. 150 ടൺ കൊപ്ര, 100 ടൺ വെളിച്ചെണ്ണ, പൗച്ച് നിർമാണത്തിനുള്ള 60 ലക്ഷം രൂപയുടെ എക്‌സ് റേ ഷീറ്റുകൾ, കന്നാസുകൾ, ടൺകണക്കിന് പിണ്ണാക്ക്, മെഷീനുകൾ എന്നിവയെല്ലാം മില്ലിലുണ്ടായിരുന്നു. കോടികളുടെ സാധനങ്ങൾ കത്തിയമരുന്നത് നോക്കിനിൽക്കാനേ കഴിഞ്ഞുള്ളൂ' -അജിത്തിന്റെ ശബ്ദമിടറി.
പുതിയതായി വാങ്ങിയ ലോറി, ആദ്യ സർവീസിന് കയറ്റാനായി നിർത്തിയിട്ടിരുന്നതും കത്തിനശിച്ചു. ലോഡ് കയറ്റി പോവാനിരിക്കുകയായിരുന്നു, ആദ്യ സർവീസ് കഴിഞ്ഞ് മതിയെന്ന് പറഞ്ഞതുകൊണ്ട് അതും പോയി -അജിത്ത് പറഞ്ഞു. ഇനിയെന്ത്, എവിടെനിന്ന് തുടങ്ങും ഒന്നുമറിയില്ല -ചാരമായി മാറിയ സ്വപ്നങ്ങൾക്ക് മുന്നിൽനിന്ന് അവർ പറഞ്ഞു.
ജീവൻ പണയംവെച്ച് അങ്കം; അഗ്നിരക്ഷാസേന തീർത്തത് അവിശ്വസനീയ രക്ഷാദൗത്യം
ബേപ്പൂർ:മാറാട് വെളിച്ചെണ്ണക്കമ്പനിയിലുണ്ടായ അഗ്‌നിബാധ ശമിപ്പിക്കാൻ അഗ്നിരക്ഷാസേന നടത്തിയത് 14 മണിക്കൂറിലധികമുള്ള പോരാട്ടം.
കടുത്ത പുകയും ഇരുട്ടും താണ്ടി, ചുട്ടുപഴുത്ത മില്ലിനുള്ളിലേക്ക് ജീവന്റെ കാവലാളുകളായി അവർ ഇറങ്ങിച്ചെന്നപ്പോൾ ബേപ്പൂർ സാക്ഷ്യംവഹിച്ചത് സമാനതകളില്ലാത്ത ധീരതയ്ക്കാണ്.
ഞായറാഴ്ച രാത്രി 10.35-നാണ് മീഞ്ചന്ത ഫയർസ്റ്റേഷനിലേക്ക് ആ ഭീതിദമായ ദുരന്തസന്ദേശമെത്തുന്നത്. അപകടത്തിന്റെ വ്യാപ്തി മനസ്സിലാക്കി അപ്പോൾത്തന്നെ പുറപ്പെട്ട മൂന്ന് യൂണിറ്റുകൾ സംഭവസ്ഥലത്തെത്തുമ്പോഴേക്കും മില്ലിൽ തീ പൂർണമായും ആളിപ്പടരുകയായിരുന്നു. തുടർന്ന് വെള്ളിമാടുകുന്ന്, മുക്കം, പേരാമ്പ്ര, കൊയിലാണ്ടി, മാവൂർ, നരിക്കുനി, ബീച്ച്, മലപ്പുറം എന്നിങ്ങനെ ഒൻപത് ഫയർസ്റ്റേഷനുകളിൽനിന്നായി 14 ഫയർ യൂണിറ്റുകൾ അതിവേഗം സ്ഥലത്തേക്ക് കുതിച്ചെത്തി.
ഓണം പ്രമാണിച്ച് ഉത്പാദനം കൂട്ടാനായി വൻതോതിൽ സൂക്ഷിച്ചിരുന്ന കൊപ്രയിലേക്ക് തീപടർന്നതാണ് ദൗത്യം അതീവ സങ്കീർണമാക്കിയത്. മില്ലിനുള്ളിലെ കൂറ്റൻ യന്ത്രങ്ങളും ലോഹ ഉപകരണങ്ങളും ചുട്ടുപഴുത്തുനിന്നിരുന്നു. ഇതിനിടയിലേക്ക് മേൽക്കൂരകൾ ഓരോന്നായി ഇടിഞ്ഞുവീണു. അസ്‌ക ലൈറ്റുകളുടെ നേരിയ വെളിച്ചത്തിൽ, ശ്വസനോപകരണ മാസ്‌കും ഫയർ സ്യൂട്ടും ധരിച്ച്, ജീവൻ പണയംവെച്ചാണ് സേനാംഗങ്ങൾ അകത്തേക്ക് കടന്നുചെന്നത്. 14 യൂണിറ്റുകൾ ചേർന്ന് അൻപതിലധികം തവണ നിരന്തരം വെള്ളമെത്തിച്ചാണ് ഫയർ ഫൈറ്റിങ് നടത്തിയത്.
രാവിലെ 8.45 വരെ നൂറോളം വരുന്ന സേനാംഗങ്ങൾ വിശ്രമമില്ലാതെ പൊരുതിയശേഷമാണ് തീ പൂർണമായും നിയന്ത്രണവിധേയമാക്കാനായത്.
അന്നം തരുന്നവരെ ഈ അവസ്ഥയിൽ വിട്ടിട്ട് നാട്ടിലേക്ക് പോകില്ല
കണ്ണീരോടെ ഖുഷിയും സഹപ്രവർത്തകരും
ബേപ്പൂർ: 'അന്നം തരുന്ന മുതലാളിമാരെ ഈ അവസ്ഥയിൽ ഇവിടെ വിട്ടിട്ട് ഞങ്ങൾ നാട്ടിലേക്ക് പോവുന്നില്ല...' വെസ്റ്റ് മാഹിയിലെ രേണുക ഓയിൽ മില്ലിലുണ്ടായ വൻ തീപ്പിടിത്തത്തിനു ശേഷമുള്ള ശൂന്യതയിലേക്കു നോക്കി മില്ലിലെ തൊഴിലാളിയായ ഖുഷി ഇതു പറയുമ്പോൾ ആ വാക്കുകളിൽ തൊഴിലുടമയോടുള്ള സ്‌നേഹവും കൂറും വ്യക്തമായിരുന്നു.
പാക്കിങ്, ലോഡിങ്, ഡിസ്ട്രിബൂഷൻ, മാർക്കറ്റിങ് മേഖയിലുള്ള മലയാളികളെക്കൂടാതെ 16 ഇതരസംസ്ഥാനത്തൊഴിലാളികളാണ് ഈ മില്ലിൽ ജോലിചെയ്യുന്നത്. മില്ലിനോടു ചേർന്നുള്ള താമസസ്ഥലത്ത് മൂന്ന് കുടുംബങ്ങളായാണ് ഇവർ കഴിയുന്നത്. ഇതിൽ രണ്ടു കുടുംബങ്ങൾ ബിഹാറിൽ നിന്നുള്ളവരും ഒരു കുടുംബം അസാമിൽ നിന്നുള്ളതുമാണ്. ഞായറാഴ്ച പകൽ പണി കഴിഞ്ഞ് മുറിയിലേക്ക് പോയതായിരുന്നു എല്ലാവരും. എന്നാൽ രാത്രി പത്തുമണിയോടെ മില്ലിന്റെ പിൻഭാഗത്ത് വൻതോതിൽ തീയും പുകയും ഉയരുന്നതു കണ്ട് തൊഴിലാളികൾ ബഹളംവെച്ച് എല്ലാവരെയും വിവരമറിയിക്കുകയായിരുന്നു. ഉടൻ തന്നെ തീ അണയ്ക്കാൻ ശ്രമിച്ചെങ്കിലും കറന്റും വെള്ളവുമില്ലാത്തത് രക്ഷാപ്രവർത്തനത്തിന് വലിയ തിരിച്ചടിയായെന്ന് തൊഴിലാളികൾ പറയുന്നു.
കൺമുന്നിൽ തങ്ങളുടെ അധ്വാനവും ജീവനമാർഗവും കത്തിയമരുന്നത് നോക്കിനിൽക്കാനേ ഇവർക്കായുള്ളൂ. എല്ലാം നഷ്ടപ്പെട്ടു നിൽക്കുന്ന മുതലാളിമാർക്കൊപ്പം ഒരു താങ്ങായി ഇവിടെത്തന്നെ നിലയുറപ്പിക്കാനാണ് ഖുഷിയും സഹപ്രവർത്തകരും തീരുമാനിച്ചിരിക്കുന്നത്.
Content Highlights: Renuka Oil Mill in Marad West Mahi was completely destroyed by a massive fire., The business was built over 26 years by brothers Arun Kumar and Ajith, starting from zero., Losses include 150 tons of copra, 100 tons of oil, machinery, and a new truck, totaling crores., Fire and Rescue Services from 9 stations fought the fire for over 14 hours., 50 employees, including migrant workers, are standing by their employers despite the loss.
Published: 28 Jul 2026, 09:05 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented