കോഴിക്കോട്: ദേശീയപാതയിൽ പന്തീരാങ്കാവിലെ ടോൾപിരിവിനെതിരായ കോൺഗ്രസ് പ്രതിഷേധം സംഘർഷത്തിൽ കലാശിച്ചു. വ്യാഴാഴ്ച രാവിലെ എട്ടുമണിക്ക് ടോൾപിരിവ് ആരംഭിക്കാനിരിക്കെയാണ് ഡിസിസി പ്രസിഡന്റ് കെ. പ്രവീൺകുമാറിന്റെ നേതൃത്വത്തിൽ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായെത്തിയത്. സർവീസ് റോഡുകളുടെ നിർമാണം പൂർത്തീകരിക്കുക, പ്രദേശത്തെ രണ്ട് പഞ്ചായത്തുകളിലുള്ളവർക്ക് ടോളിൽ പൂർണമായ ഇളവ് നൽകുക, ഇതുവഴി സർവീസ് നടത്തുന്ന സ്വകാര്യബസുകളെ ടോളിൽനിന്ന് ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് പ്രതിഷേധക്കാർ ഉന്നയിക്കുന്നത്. ഇതിൽ തീരുമാനമാകുന്നതുവരെ ടോൾ പിരിവ് ആരംഭിക്കാൻ സമ്മതിക്കില്ലെന്നും പ്രതിഷേധക്കാർ പറഞ്ഞു.
രാവിലെ എട്ടുമണിക്ക് ആദ്യം വന്ന വാഹനം ടോൾപ്ലാസയിൽ ടോൾപിരിക്കാനായി അധികൃതർ തടഞ്ഞെങ്കിലും കോൺഗ്രസ് പ്രവർത്തകർ ഈ വാഹനം കടത്തിവിട്ടു. തുടർന്ന് പിന്നാലെയെത്തിയ നിരവധി വാഹനങ്ങളും ടോൾ പിരിക്കാതെ കടത്തിവിട്ടു. ഇതോടെയാണ് പോലീസ് ഇടപെട്ടത്. തുടർന്ന് പോലീസും പ്രവർത്തകരും തമ്മിൽ ഉന്തുംതള്ളും ഉണ്ടായി. പ്രവർത്തകരെ പോലീസ് ബലംപ്രയോഗിച്ച് അറസ്റ്റ് ചെയ്തുനീക്കാൻ ശ്രമിച്ചതോടെ നേരിയ സംഘർഷവുമുണ്ടായി.
അതേസമയം, നിലവിൽ സ്ഥലത്തുള്ള പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തുനീക്കിയാലും കൂടുതൽ പ്രവർത്തകർ വിവിധ സംഘങ്ങളായെത്തി ഇനിയും പ്രതിഷേധിക്കുമെന്നാണ് സമരക്കാർ പറയുന്നത്. സർവീസ് റോഡുകളുടെ നിർമാണം പൂർത്തിയാക്കാതെ ടോൾപിരിവ് അനുവദിക്കില്ലെന്നും സമരക്കാർ പറഞ്ഞു.
ടോൾപിരിവിന് എല്ലാംസജ്ജം...
കോഴിക്കോട്: രാമനാട്ടുകരമുതൽ വെങ്ങളംവരെയുള്ള കോഴിക്കോട് ബൈപ്പാസിൽ വ്യാഴാഴ്ച രാവിലെ എട്ടുമണിക്ക് ടോൾപിരിവ് തുടങ്ങാനായി എല്ലാ സജ്ജീകരണവും പൂർത്തിയായിരുന്നു. ടോൾപ്ലാസയുടെ ഇരുപതുകിലോമീറ്റർ പരിധിയിലുള്ളവർക്ക് 340 രൂപയുടെ പ്രതിമാസ പാസ് വിതരണംചെയ്തുതുടങ്ങി. പന്തീരാങ്കാവ് കൂടത്തുംപാറയിലെ ടോൾപ്ലാസയിൽ ഇതിനായി സംവിധാനമൊരുക്കിയിട്ടുണ്ട്. മൂവായിരംരൂപയ്ക്ക് ഫാസ്ടാഗ് എടുക്കുന്നവർക്ക് ഒരുവർഷം 200 യാത്രനടത്താം. അത് ഏത് ദേശീയപാതയിലും ഉപയോഗിക്കാം.
ഫാസ്ടാഗുള്ളവർക്കുമാത്രമാണ് നിരക്കിൽ ഇളവുള്ളത്. അല്ലാത്തവർക്ക് വലിയനിരക്ക് കൊടുക്കേണ്ടിവരും. 24 മണിക്കൂറിനകം ഇരുഭാഗത്തേക്കും പോവുന്ന വാഹനങ്ങൾക്ക് മടക്കയാത്രയിൽ ടോൾനിരക്കിൽ 25 ശതമാനം കിഴിവുണ്ട്. ഒരുമാസം അൻപത് തുടർച്ചയായ യാത്രനടത്തുന്ന വാഹനങ്ങൾക്ക് ടോൾനിരക്കിൽ 33 ശതമാനവും കോഴിക്കോട് ജില്ലയിൽ രജിസ്റ്റർചെയ്ത നാഷണൽ പെർമിറ്റ് അല്ലാത്ത കൊമേഴ്സ്യൽ വാഹനങ്ങൾക്ക് 50 ശതമാനവും ഇളവുണ്ട്.
ടോൾപ്ലാസയിലൂടെ നിലവിൽ കടന്നുപോവുന്ന എഴുപതുശതമാനം വാഹനവും കാലഹരണപ്പെട്ട ഫാസ്ടാഗാണ് ഉപയോഗിക്കുന്നതെന്നാണ് ട്രയൽ റണ്ണിൽ വ്യക്തമായതെന്ന് ദേശീയപാതാ അതോറിറ്റി അധികൃതർ പറഞ്ഞു. പലവാഹനത്തിനും ഫാസ്ടാഗുമില്ല. അതുകൊണ്ട് ട്രയൽ റൺ നടത്തുന്ന ദിവസങ്ങളിൽ വലിയ ഗതാഗതക്കുരുക്കാണ് അനുഭവപ്പെട്ടത്.
ഫാസ്ടാഗില്ലാത്ത വാഹനങ്ങൾവരുമ്പോൾ മറ്റുള്ളവരും ക്യൂവിൽനിൽക്കേണ്ട അവസ്ഥയാണ്. കൂടത്തുംപാറയിൽ രണ്ടുഭാഗത്തായാണ് ടോൾപ്‌ളാസ പണിതത്. ഇരുഭാഗത്തും അഞ്ച് ട്രാക്കുവീതമുണ്ട്. ഇരുചക്ര-മുച്ചക്ര വാഹനങ്ങൾക്ക് ടോളില്ലാത്തതിനാൽ കടന്നുപോവാൻ ഏറ്റവും അവസാനഭാഗത്തായി പ്രത്യേകട്രാക്കുണ്ട്. അതുവഴിമാത്രമേ പോവാൻപാടുള്ളൂ.
പാസിനായി ഹാജരാക്കേണ്ട രേഖകൾ
വാഹനത്തിന്റെ ആർസിക്കൊപ്പം ആധാർകാർഡ്, വൈദ്യുതി ബിൽ, പാസ്പോർട്ട്, ബാങ്ക് പാസ്ബുക്ക്, തിരഞ്ഞെടുപ്പ് തിരിച്ചറിയൽകാർഡ് എന്നിവയാണ് 20 കിലോമീറ്റർ പരിധിയിലുള്ളവർക്കുള്ള പ്രതിമാസപാസിന് സ്വീകരിക്കുന്ന രേഖകൾ. ആർസിയിലെ പേരും മറ്റുരേഖകളിലെ പേരും ഒന്നായിരിക്കണം. ഈ രേഖകളിലെ വിലാസവും ടോൾപ്ലാസയുടെ 20 കിലോമീറ്റർ പരിധിയിലുള്ളതായിരിക്കണം. രേഖകളുടെ പകർപ്പും അപേക്ഷിക്കുന്നസമയത്ത് ഹാജരാക്കണം. വിലാസം 20 കിലോമീറ്റർ പരിധിയിലുള്ളതാണോ വാലിഡായ ഫാസ്ടാഗുണ്ടോ എന്ന് ഓൺലൈനായി പരിശോധിക്കും. ഫാസ്ടാഗുമായി പാസിനെ ബന്ധിപ്പിക്കാം.
അഭിഭാഷക കമ്മിഷനെ നിയോഗിച്ചു
പണിപൂർത്തിയാക്കാതെയാണ് ടോൾപിരിക്കുന്നതെന്ന പരാതിയിൽ കോടതി അഭിഭാഷക കമ്മിഷനെ നിയോഗിച്ചു. അഡ്വ. ജോർജിനെയാണ് കോഴിക്കോട് മുൻസിഫ് കോടതി നിയോഗിച്ചത്.
യൂത്ത് കോൺഗ്രസ് ബേപ്പൂർ മണ്ഡലം പ്രസിഡന്റ് ഷുഹൈബ് ഫറോക്കിന്റെ പരാതിയിലാണ് നടപടി. ആറുവരിപ്പാത, സർവീസ് റോഡ് എന്നിവയുടെ നിർമാണം പൂർത്തീകരിച്ചോ, ഇരുചക്ര-മുച്ചക്ര വാഹനങ്ങൾക്ക് എന്ത് സംവിധാനമാണ് ഒരുക്കിയത്, 60 കിലോമീറ്റർ പരിധിയിൽ മറ്റ് ടോൾബൂത്തുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് പരിശോധിക്കുക.
Published: 15 Jan 2026, 09:14 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented