കോഴിക്കോട് :രോഗികളുടെ തിരക്കൊഴിയാറില്ല മെഡിക്കൽ കോളേജിൽ. അതിനിടെയാണ് വെള്ളിയാഴ്ച രാത്രി 7.45-ഓടെ മെഡിക്കൽ കോളേജിൽനിന്നുള്ള അപകടവാർത്ത പുറത്തുവന്നത്. ഓക്സിജൻ സിലിൻഡർ പൊട്ടിത്തെറിച്ചെന്നായിരുന്നു ആദ്യം കേട്ടത്. മിനിറ്റുകൾക്കുശേഷമാണ് യുപിഎസിൽനിന്നുള്ള ഷോർട്ട് സർക്യൂട്ട് മൂലമുണ്ടായ പൊട്ടിത്തെറിയും പുക പടർന്നതാണെന്നുമുള്ള വിവരം പുറത്തുവന്നത്. അപ്പോഴേക്കും എങ്ങും പരിഭ്രാന്തി പടർന്നു. രോഗികളും കൂട്ടിരിപ്പുകാരുമെല്ലാം പേടിച്ചു. തീപ്പിടിത്തമാണെന്ന വാർത്ത പരന്നു. അതിനിടെ വൊളന്റിയർമാരും ആശുപത്രി അധികൃതരും സുരക്ഷാസേനകളുമെല്ലാം എത്തി രക്ഷാപ്രവർത്തനം തുടങ്ങി. രോഗികൾ മരിച്ചെന്ന ആരോപണവുമായി ടി. സിദ്ദിഖ് എംഎൽഎകൂടി രംഗത്തെത്തിയതോടെ ആശങ്കയേറി.
രാത്രി 7.45: വെള്ളപ്പുക, കണ്ണ് മൂടുന്നു
മെഡിക്കൽ കോളേജ് അത്യാഹിതവിഭാഗത്തിലാണ് പുതിയ എംആർഐ സ്കാനുള്ളത്. പൊതുവെ തിരക്കുകുറഞ്ഞ ദിവസമായിട്ടും അപ്പോഴും നാലുപേർ എംആർഐ എടുക്കാൻ കാത്തുനിൽക്കുന്നുണ്ടായിരുന്നു. മുയിപ്പോത്ത് സ്വദേശി ഇ.പി. സജീവൻ, ഭാര്യയുടെ എംആർഐ എടുക്കാൻ മുറിയുടെ പുറത്തിരിക്കുകയായിരുന്നു. പെട്ടന്നാണ് എംആർഐ മുറിയുടെ ഇടതുവശത്തായുള്ള യുപിഎസ് മുറിയിൽനിന്ന് പുകയുയരുന്നത് കണ്ടത്. ആകെ ബഹളമായി. അതിനിടെ ആരോ വിളിച്ച് പറഞ്ഞു, തീപ്പിടിത്തം, രക്ഷപ്പെട്ടോ... ഒരുനിമിഷം എന്തുചെയ്യണമെന്നറിയാതെ എല്ലാവരും നിന്നു. ആളുകൾ ഓടിത്തുടങ്ങി. വെള്ളപ്പുക, കണ്ണ് മൂടുന്നു. തമ്മിൽ കാണാത്ത സ്ഥിതി.

8.45: രക്ഷാപ്രവർത്തനവുമായി എങ്ങും വൊളന്റിയർമാർ
അപകടമുണ്ടായ ഉടൻതന്നെ വൊളന്റിയർമാർ എത്തിയിരുന്നു. രാത്രി 8.45 ആകുമ്പോഴേക്കും ഈ ഭാഗത്ത് രക്ഷാപ്രവർത്തകർ മാത്രമായി. രോഗികളെ പുറത്തെത്തിച്ചു. കൂട്ടിരിപ്പുകാരോട് വേഗം പുറത്തുകടക്കാൻ ആവശ്യപ്പെട്ടു. രോഗികളെ സ്ട്രച്ചറിൽ കൊണ്ടുവന്നു. അത്യാഹിതവിഭാഗത്തിലേക്കുള്ള നിരത്തിലും പരിസരപ്രദേശത്തും ആംബുലൻസുകൾ മാത്രം. ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്ന് 100-ൽ കൂടുതൽ പോലീസുകാർ. ആംബുലൻസിന് വഴിയൊരുക്കാനായി നിന്നു. ജനങ്ങളെ നിയന്ത്രിക്കാനും പോലീസ് പെടാപ്പാടുപെട്ടു. വെള്ളിമാടുകുന്ന് അഗ്നിരക്ഷാസേന വിഭാഗവും സ്ഥലത്തെത്തി. കെട്ടിടത്തിനുള്ളിൽ കയറി. അകത്തുള്ള പുക പുറന്തള്ളാൻ പവർപ്രഷർ ഘടിപ്പിച്ചു. ഫ്ളഡ് ലൈറ്റ് ഉപയോഗിച്ച് മുക്കും മൂലയും തിരഞ്ഞു.
9.15: മൂന്നുനിലകളിലെ രോഗികളെ മാറ്റി
കോളേജ് അധികൃതരും ജനപ്രതിനിധികളും രാഷ്ട്രീയപ്പാർട്ടി അംഗങ്ങളും സ്ഥലത്തെത്തി. അതീവ ഗൗരവകരമായ അപകടമെന്ന് വിലയിരുത്തൽ. കാരണം കണ്ടെത്താനായില്ല. ഷോർട്ട് സർക്യൂട്ടെന്ന ഒറ്റവാക്കിൽ കാരണം ഒതുക്കി. രോഗികളെ മാറ്റിപ്പാർപ്പിക്കാനുള്ള സ്ഥലങ്ങൾ സജ്ജമായി. മൂന്നുനിലകളിലെ രോഗികളെ പുറത്തെത്തിച്ചു. അപ്പോഴും നാലാം നിലയിലെ ന്യൂറോസർജറി വിഭാഗത്തിലെ രോഗികൾ അകത്തുതന്നെ.
9.45: കെട്ടിടം സീൽചെയ്തു
പുകയുടെ തോത് കുറഞ്ഞു. കെട്ടിടം സീൽചെയ്യാൻ തീരുമാനമായി. നാലാംനിലയിലെ രോഗികളെയും എമർജൻസി എക്സിറ്റ് വഴി പുറത്തെത്തിക്കാനുള്ള ശ്രമം തുടങ്ങി. എന്നാൽ, എമർജൻസി എക്സിറ്റ് ആശുപത്രിയിലെ കേടായ ഉത്പന്നങ്ങൾകൊണ്ട് നിറഞ്ഞിരുന്നു. ആദ്യം എമർജൻസി എക്സിറ്റിൽ വഴിയുണ്ടാക്കേണ്ട ഗതികേടായി. പുക ഏകദേശം കുറഞ്ഞു. അകത്തുകടക്കാൻ പറ്റുന്ന രീതിയായി. കളക്ടർ സ്ഥലത്തെത്തി. ആശുപത്രിക്കുള്ളിൽ പ്രവേശിച്ച്, പരിശോധിക്കുന്നു. സ്ഥിതി നിയന്ത്രണവിധേയമാണെന്നും രോഗികൾ സുരക്ഷിതരാണെന്നും പറയുന്നു.

യുപിഎസ് ഓവര്‍ലോഡ് എന്ന് സൂചന
അപകടമുണ്ടായ ബ്ലോക്കിലെ യുപിഎസ് ഓവര്ലോഡായിരുന്നുവെന്ന് സൂചന. വെള്ളിയാഴ്ച ഇതിന്റെ അറ്റകുറ്റപ്പണിക്കായി ആളുകള്‍ എത്തിയിരുന്നതായും സൂചനയുണ്ട്. സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ലോക്കിലെ എംആര്‍ഐ സ്കാനിങ് പ്രവര്‍ത്തിക്കാത്തതിനാല്‍ ഇവിടെ കൂടുതല്‍ സ്കാനിങ് നടത്തേണ്ടി വന്നതായാണ് പറയപ്പെടുന്നത്. മാത്രമല്ല മറ്റു പല ബ്ലോക്കുകളും ഘട്ടം ഘട്ടമായ അപകടമുണ്ടായ പിഎംഎസ്ഐവൈ കെട്ടിടത്തിലേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ്. ഇതും ഓവര്‍ലോഡിന് കാരണമായതായി പറയപ്പെടുന്നു.
ഈ ഭാഗത്ത് റാമ്പില്ലാത്തതിനാല്‍ ഇതുപോലുള്ള അപകടമുണ്ടാകുമ്പോള്‍ പെട്ടെന്ന് രോഗികളെ ഒഴിപ്പിക്കുന്നത് തടസ്സമാണ്. വൈദ്യുതി മുടങ്ങുന്നതോടെ ലിഫ്റ്റ് പ്രവര്‍ത്തിക്കാതെ വരും. ഇവിടെ അപകട മുന്നറിപ്പ് നല്‍കാനുള്ള സ്പീക്കര്‍ സംവിധാനവും ഉണ്ടായിരുന്നില്ല.
ആശങ്കപ്പെടാനില്ല -മേയർ
പേടിക്കാനില്ല. രോഗികളെ സുരക്ഷിതമായി മാറ്റിയിട്ടുണ്ടെന്നാണ് മനസ്സിലാവുന്നത്. ആശങ്കപ്പെടേണ്ടതില്ല. കോർപ്പറേഷനിലെ ഹെൽത്ത് ഓഫീസർ ഡോ. മുനവർ റഹ്മാനും പരിശോധന നടത്തി. എല്ലാ സംവിധാനങ്ങളുമൊരുക്കിയിട്ടുണ്ട്.
ഡോ. ബീനാ ഫിലിപ്പ്, മേയർ

ആരോപണം നിഷേധിച്ച് അധികൃതര്‍
മെഡിക്കല്‍ കോളേജിലുണ്ടായ പുക കാരണമല്ല അഞ്ചു മരണങ്ങള് സംഭവിച്ചതെന്ന് അധികൃതര്‍. മരിച്ച അഞ്ചുപേരില്‍ ഒരാളെ ആശുപത്രിയിലേക്ക് കൊണ്ടുവന്നപ്പോഴേ മരണപ്പെട്ടിരുന്നുവെന്നുംമറ്റുള്ളവര്‍ അതീവഗുരുതരാവസ്ഥയിലായിരുന്നുവെന്നും അധികൃതര്‍ പറയുന്നു.
പുക ശ്വസിച്ചുള്ള മരണമല്ല. ഒരാള്‍ തൂങ്ങി മരിക്കാന്‍ ശ്രമിച്ചതാണ്. കൊണ്ടു വന്നപ്പോഴേ മരിച്ചിരുന്നു. ഒരാള്‍ വായില്‍ അര്‍ബുദം ബാധിച്ച് വന്നതാണ്. കൗണ്ട് കുറഞ്ഞ് രോഗബാധയായി വന്നതായിരുന്നു. അതീവ ഗുരുതരമായിരുന്നു. ഒരാള്‍ക്ക് അതീവ കരള്‍രോഗമായിരുന്നു. വൃക്ക തകാരാറിലായിരുന്നു. മറ്റൊരാള്‍ക്ക് ന്യുമോണിയ ബാധിച്ച് ഗുരുതരാവസ്ഥയിലായിരുന്നു. രണ്ടു പേര് ഉച്ചയ്ക്ക് ശേഷം വന്നതാണ്. വയനാടില്‍ നിന്ന് വന്ന സത്രീ വിഷം കഴിച്ചാണ് ഇവിടെയെത്തിയത്. പുക വന്നപ്പോഴേ അവരെ മാറ്റിയിരുന്നു. ഇതില്‍ തൂങ്ങി മരിച്ചതും വിഷം കഴിച്ചുമരിച്ചതുമായ രണ്ടുപേരേ പോസ്റ്റ്മോര്‍ട്ടം ചെയ്യും. മറ്റുള്ളവരെ ബന്ധുക്കളുമായി സംസാരിച്ചതിന് ശേഷം മറ്റു നടപടികള്‍ സ്വീകരിക്കും- മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ പറഞ്ഞു.
മെഡിക്കല്‍ കോളേജിലുണ്ടായ പുകയില്‍ മരണം സംഭവിച്ചുവെന്ന് ടി. സിദ്ദിഖ് എം.എല്‍.എ ആരോപിച്ചതിന് പിന്നാലെയാണ് ആശുപത്രി അധികൃതര്‍ പ്രതികരിച്ചത്. പുക വന്നപ്പോള്‍ വെന്റിലേറ്ററില്‍ നിന്ന് മാറ്റി കൊണ്ടിരിക്കുമ്പോഴാണ് മരണം സംഭവിച്ചതെന്ന് ബന്ധുക്കള്‍ പറഞ്ഞതായി എം.എല്‍.എ കൂട്ടിച്ചേര്‍ത്തു
30 പേര് സ്വകാര്യ ആശുപത്രിയിലേക്ക് സ്വമേധയാ മാറി. മറ്റുള്ളവര്‍ ബീച്ച് ആശുപത്രിയിലാണ്. മെഡിക്കല്‍ കോളേജിലെ ഒരു സംഘം ബീച്ച് ഹോസ്പിറ്റലില്‍ സേവനം അനുഷ്ഠിക്കും. എല്ലാ ക്രമീകരണങ്ങളും പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നും മെഡിക്കല്‍ കോളേജ് അധികൃതര്‍ വ്യക്തമാക്കി.
അത്യാഹിതവിഭാഗം പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിനകത്തെ യുപിഎസ് റൂമില്‍നിന്നാണ് പുക ഉയര്‍ന്നത്. രാത്രി എട്ടുമണിയോടെയാണ് സംഭവം. അഗ്നിരക്ഷാസേനയുടെ വിവിധ യൂണിറ്റുകള്‍ സ്ഥലത്തെത്തി പുക ശാന്തമാക്കാനുള്ള തീവ്ര യത്നത്തിലാണ്. പഴയ കാഷ്വാലിറ്റി താത്കാലികമായി അത്യാഹിത വിഭാഗമായി സജ്ജമാക്കി.
പൊട്ടിത്തെറിയോടെയാണ് പുക ഉയര്‍ന്നതെന്നാണ് ആശുപത്രിയിലുണ്ടായിരുന്നവര്‍ പറയുന്നത്. ഇതോടെ ഒന്നും കാണാന്‍ സാധിക്കാത്തവിധം പുക പടര്‍ന്നു. ആളുകള്‍ പേടിച്ച് ചിതറിയോടി. പൊട്ടിത്തെറി ശബ്ദം കേട്ടതായി ഡോക്ടര്‍മാരും നഴ്സുമാരും സ്ഥിരീകരിക്കുന്നു. അത്യാഹിത വിഭാഗത്തിലെ 200-ലധികം രോഗികളെ മാറ്റിയിട്ടുണ്ട്. സമീപത്തെ കെട്ടിടങ്ങളിലേക്കാണ് രോഗികളെ മാറ്റിയത്.രോഗികളെ പുറത്തെ ആശുപത്രിയിലേക്ക് മാറ്റിയിട്ടില്ല. മെഡിക്കല്‍ കോളേജിലെത്തന്നെ പ്രധാന കെട്ടിടത്തിലേക്ക് മാറ്റാനാണ് നിര്‍ദേശിച്ചത്. ഫയര്‍ഫോഴ്സും ഇലക്ട്രിക്കല്‍ വിഭാഗവും പോലീസും ഡോക്ടര്‍മാരും ചേര്‍ന്ന് സുരക്ഷ ഉറപ്പുവരുത്തുന്നുണ്ടെ്. ഫയര്‍ഫോഴ്സിന്റെ വിവിധ യൂണിറ്റുകള്‍ എത്തിയിട്ടുണ്ടെന്നും മെഡിക്കല്‍ സൂപ്രണ്ട് അറിയിച്ചു.
അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി
അതേസമയം സംഭവത്തിൽ മന്ത്രി വീണാ ജോര്‍ജ് അന്വേഷണത്തിന് നിര്‍ദേശം നല്കി. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറോടാണ് അന്വേഷണത്തിന് നിര്‍ദേശം നല്‍കിയത്. രോഗികള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാന്‍ അവരെ സുരക്ഷിതരായി മറ്റ് സ്ഥലത്തേയ്ക്ക് മാറ്റാനും നിര്‍ദേശിച്ചു. അത്യാഹിത സേവനം ആവശ്യമുള്ള രോഗികള്‍ക്ക് ബീച്ച് ഹോസ്പിറ്റലില്‍ അതിനുള്ള സൗകര്യം ലഭ്യമാക്കുമെന്നും ആരോഗ്യ മന്ത്രി അറിയിച്ചു. മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരുടെ സേവനം കൂടി അവിടെ ലഭ്യമാക്കും.
പിഎംഎസ്എസ്വൈ കെട്ടിടം തുറന്നിട്ട് നാലുവർഷം, ന്യൂനതകളേറെ
മെഡിക്കൽ കോളേജ് അത്യാഹിതവിഭാഗം സ്ഥിതിചെയ്യുന്ന പ്രധാനമന്ത്രി സുരക്ഷാ ബീമാ യോജന (പിഎംഎസ്എസ്വൈ) കെട്ടിടം ഉദ്ഘാടനംചെയ്ത് നാലാംവർഷത്തിലേക്ക് കടക്കുമ്പോഴാണ് ഈ അപ്രതീക്ഷിത ദുരന്തമുണ്ടായത്. 2022-ലാണ് കെട്ടിടം ഉദ്ഘാടനംചെയ്തത്. എച്ച്എൽഎൽ ഇൻഫ്രാടെക് സർവീസസ് ലിമിറ്റഡാണ് (ഹൈറ്റ്സ്) 195 കോടിരൂപ ചെലവഴിച്ച് പ്രവൃത്തികൾ പൂർത്തിയാക്കിയത്. നിർമാണം പൂർത്തിയായപ്പോൾത്തന്നെ ചില അറ്റകുറ്റപ്പണികൾ ആവശ്യമായിവന്നിരുന്നു. ആറുനിലയുള്ള കെട്ടിടത്തിന്റെ മുകളിലെ നിലയിൽ ചോർച്ചയടക്കമുണ്ടെന്ന് ആരോപണമുണ്ടായിരുന്നു. എന്നാൽ, അറ്റകുറ്റപ്പണികൾ നടത്തുകയായിരുന്നു.
കഴിഞ്ഞവർഷം ഓഗസ്റ്റിലാണ് കെട്ടിടം പൊതുമരാമത്ത് വകുപ്പിന് കൈമാറിയത്. വൈദ്യുതി കണക്ഷൻ സംബന്ധമായ അറ്റകുറ്റപ്പണികൾ രണ്ടുമാസത്തിനുള്ളിൽ നിർമാണക്കമ്പനി പൂർത്തിയാക്കണമെന്ന നിബന്ധനയോടെയാണ് കെട്ടിടം പൊതുമരാമത്ത് ഏറ്റെടുത്തിരുന്നത്. താഴത്തെനിലയിൽ അത്യാഹിതവിഭാഗവും രണ്ടാമത്തെ നിലയിൽ ഗാസ്ട്രോളജിയും മൂന്നാമത്തെ നിലയിൽ യൂറോളജിയും നാലാമത്തെ നിലയിൽ ന്യൂറോളജി വിഭാഗവുമാണ് പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്. മറ്റുവിഭാഗങ്ങളും ഇങ്ങോട്ട് മാറ്റാനിരിക്കെയാണ് ഇപ്പോൾ യുപിഎസ് റൂമിൽ ഷോർട്ട്സർക്യൂട്ട് കാരണം ദുരന്തമുണ്ടായിരിക്കുന്നത്. 2023 മാർച്ചിലാണ് അത്യാഹിതവിഭാഗം പുതിയകെട്ടിടത്തിലേക്ക് മാറ്റിയത്.
Content Highlights: A fire broke out at Kozhikode Medical College`s PMSSY block, forcing evacuation of over 200 patients
Published: 03 May 2025, 06:29 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented