കോഴിക്കോട്: 15 വർഷത്തെ കാത്തിരിപ്പിനൊടുവിൽ കോഴിക്കോട് നഗരത്തിന്റെ ഗതാഗതപ്രശ്‌നങ്ങൾക്ക് പരിഹാരമാവാൻ ലൈറ്റ് മെട്രോ പദ്ധതിക്ക് വഴിതെളിയുന്നു. പദ്ധതിയുടെ തുടർപ്രവർത്തനങ്ങൾക്കായി തിരുവനന്തപുരത്തിനൊപ്പം കോഴിക്കോടിന് 20 കോടിരൂപ സംസ്ഥാന ബജറ്റിൽ അനുവദിച്ചു. കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതി നടപ്പാക്കുമെന്നും ലൈറ്റ് മെട്രോയുടെ സാധ്യതാപഠനത്തിനുള്ള നടപടികൾ സ്വീകരിച്ചുവരുന്നുവെന്നും ബജറ്റ് പ്രസംഗത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തമാക്കി.

To advertise here,

ഏറെക്കാലമായി ഒന്നുമാവാതെകിടന്ന കോഴിക്കോടിന്റെ സ്വപ്നപദ്ധതിയാണ് യാഥാർഥ്യമാവുന്നതെന്ന് കെ. ജയന്ത് എം.എൽ.എ. പറഞ്ഞു. വെസ്റ്റ്ഹിൽ-നടക്കാവ്-മീഞ്ചന്ത-ചെറുവണ്ണൂർ-രാമനാട്ടുകര വരെ 19 കിലോമീറ്ററും ബീച്ച്- തൊണ്ടയാട്-മെഡിക്കൽ കോളേജ് 8.1 കിലോമീറ്ററുമായി രണ്ട് റൂട്ടുകളാണ്. കൊച്ചി മെട്രോറെയിൽ കോർപ്പറേഷൻ (കെ.എം.ആർ.എൽ.) നിർദേശിച്ചത്. സാധ്യതാപഠനത്തിനുശേഷമാണ് റൂട്ടിന്റെ കാര്യത്തിൽ അന്തിമതീരുമാനമാവുക.

ലൈറ്റ് മെട്രോയ്ക്കുവേണ്ടി ഒന്നരവർഷം മുൻപ് കെ.എം.ആർ.എൽ. സമഗ്ര മൊബിലിറ്റി പ്ലാൻ തയ്യാറാക്കി സംസ്ഥാന സർക്കാരിന് സമർപ്പിച്ചിട്ടുണ്ട്. അതിന് സംസ്ഥാന സർക്കാരിന്റെ അംഗീകാരം കിട്ടി. തുടർന്ന് കേന്ദ്രത്തിന് സമർപ്പിച്ച് അനുമതികിട്ടിയിലാലേ കെ.എം.ആർ.എലിന് ഡി.പി.ആർ. തയ്യാറാക്കുന്ന നടപടികളിലേക്ക് നീങ്ങാൻകഴിയൂ. ബജറ്റിൽ തുക വകയിരുത്തിയതോടെ ഇനി അതിനുള്ള നടപടികളിലേക്ക് നീങ്ങും. തിരുവനന്തപുരം േെമട്രാ റെയിലിനായിരുന്നു സർക്കാർ പ്രാധാന്യം നൽകിയത്. കെ. ജയന്ത് എം.എൽ.എ.യുടെ ഇടപെടലിന്റെ ഫലമായാണ് കോഴിക്കോടിന്റെ കാര്യത്തിൽ പ്രഖ്യാപനമുണ്ടായത്.

2011-ൽ കോഴിക്കോട്ട് മോണോറെയിലിനുള്ള നടപടികളാണ് തുടങ്ങിയത്. ഇ. ശ്രീധരന്റെ നേതൃത്വത്തിൽ അന്ന് വിശദമായ പഠനം നടത്തി മെഡിക്കൽ കോളേജ് മുതൽ മീഞ്ചന്തവരെയുള്ള 13.3 കിലോമീറ്റർ വരുന്ന റൂട്ടും 14 സ്റ്റേഷനുകളും നിശ്ചയിച്ചു. ആഗോള ടെൻഡർ വിളിച്ച് നാലു കന്പനികൾ തയ്യാറായി. ഡി.എം.ആർ.സി. (ഡൽഹി േെമട്രാ റെയിൽ കോർപ്പറേഷൻ) മോണോ റെയിലിനായി വിശദ പദ്ധതിറിപ്പോർട്ട് തയ്യാറാക്കിയെങ്കിലും ലൈറ്റ് മെട്രോയാണ് അനുയോജ്യമെന്ന് പറഞ്ഞ് പദ്ധതി മാറ്റി. 2014-ൽ ലൈറ്റ് മെട്രോയ്ക്കുവേണ്ടി ഡി.എം.ആർ.സി. വീണ്ടും ഡി.പി.ആർ. (വിശദ പദ്ധതി റിപ്പോർട്ട്) സമർപ്പിച്ചു.

കേന്ദ്രസർക്കാരിന്റെ െമട്രോനയം മാറിയതോടെ 2017-ൽ വീണ്ടും ഡി.പി.ആർ. പുതുക്കിനൽകി. മെട്രോയ്ക്കുവേണ്ടി കേരള റാപ്പിഡ് ട്രാൻസിറ്റ് കോർപ്പറേഷൻ രൂപവത്കരിച്ചിരുന്നു. അതുകഴിഞ്ഞ് സംസ്ഥാനത്ത് ഒരു മെട്രോ കമ്പനി മതി എന്ന കേന്ദ്രസർക്കാരിന്റെ നിർദേശപ്രകാരമാണ് കൊച്ചി മെട്രോ റെയിൽ കോർപ്പറേഷനെ പദ്ധതി ഏൽപ്പിച്ചത്. തുടർന്നാണ് അവർ മൊബിലിറ്റിപ്‌ളാൻ തയ്യാറാക്കിയത്.

പദ്ധതിയുടെ തുടക്കത്തിലേ ഐ.എ.എസ്. ലോബി തടസ്സംനിന്നിരുന്നു. കോഴിക്കോട് നഗരങ്ങളിൽ ലൈറ്റ് മെട്രോ ആവശ്യമില്ലെന്നാണ് അവർ പറഞ്ഞത്. ഇ. ശ്രീധരൻ മുഖ്യ ഉപദേഷ്ടാവായ ഡി.എം.ആർ.സി.യെ കൺസൾട്ടന്റാക്കുന്നതിനെയും എതിർത്തു. എതിർപ്പ് മറികടന്നാണ് അന്ന് സർക്കാർ ഡി.എം.ആർ.സി.യെ നിയമിച്ചത്. പക്ഷേ, പിന്നീട് പദ്ധതി മുന്നോട്ടുകൊണ്ടുപോവുന്നതിൽ സർക്കാർ താത്പര്യം കാണിക്കാതിരുന്നതോടെ ഡി.എം.ആർ.സി.ക്ക് പിൻവാങ്ങേണ്ടിവന്നു. വർഷങ്ങളോളം കോഴിക്കോട് പ്രവർത്തിച്ച ഓഫീസും പൂട്ടേണ്ടിവന്നു.