കോഴിക്കോട്: കോതിക്കുസമീപം നദീനഗർ പാലത്തിനുകീഴെ ഇത്തിരി മൺതിട്ടയിൽ ഒരു വീടുകാണാം. വീടെന്നുപറയാൻ പറ്റില്ല. കനാലിൽ, കല്ലായിപ്പുഴയുടെ അഴിമുഖത്ത് പലകകൊണ്ട് കെട്ടിയുണ്ടാക്കിയ ഒരു ഷെഡ്. ഒന്നരമാസംപ്രായമുള്ള കുഞ്ഞുമുതൽ 60 പിന്നിട്ട അവളുടെ മുത്തശ്ശി ഉൾപ്പെടെയുള്ള 11 പേർ താമസിക്കുന്നത്, ചെറിയ കാറ്റിൽപ്പോലും ഉലയുന്ന, ഏതുനിമിഷവും വീഴാവുന്ന ഈ ഷെഡിലാണ്. കാറ്റടിക്കുമ്പോൾ കുഞ്ഞിനെയുമെടുത്ത് പുറത്തിറങ്ങും.

To advertise here,

25 വർഷത്തോളമായി അഴിമുഖത്തെ ഈ വീട്ടിലാണ് സി.വി. നബീസയും മക്കളും പേരക്കുട്ടികളും താമസം. കനാൽ അവസാനിക്കുന്നിടത്തെ തിട്ടയിലാണ് വീട്. മേൽക്കൂരയിൽ ഓടുണ്ടോയെന്ന് ചോദിച്ചാൽ പേരിനുമാത്രം. താഴ്ന്ന ഉത്തരവും പൊട്ടിയ കഴുക്കോലുകളും. വീടിനകത്തുകൂടി നടക്കുമ്പോൾപ്പോലും നിലം താഴ്ന്നുപോകും. ''എപ്പോൾവേണമെങ്കിലും ഈ വീട് വീഴും. കാറ്റടിക്കുമ്പോൾ മോളേം കുഞ്ഞിനെയുംകൊണ്ട് പുറത്തേക്കിറങ്ങി നിൽക്കും. വെള്ളം ഇങ്ങനെ കയറിവരും. അടച്ചുറപ്പുള്ള വീട്ടിൽ കഴിഞ്ഞാൽ മതിയെന്നായിരുന്നു ഇവരുടെ ഉപ്പയുടെ ആഗ്രഹം. അതിന് പറ്റുന്നതിനുമുൻപേ അവര് പോയി'' -നബീസ പറഞ്ഞു. കബീർ മരിച്ചിട്ട് നാലുവർഷമായി. നബീസയ്ക്ക് മൂന്നുമക്കളാണ്. ഏഴ് പേരക്കുട്ടികളും. പേരക്കുട്ടി റിൽഷാനയുടേതാണ് ഒന്നരമാസം പ്രായമുള്ള 'അസ്മിൽ നിഹറ'യെന്ന കുഞ്ഞ്. മകൻ മത്സ്യമേഖലയിലും ഒരു മകൾ സ്വകാര്യസ്ഥാപനത്തിൽ ശുചീകരണത്തൊഴിലാളിയായും പണിയെടുക്കുകയാണ്.

നേരത്തേ പെരുമഴക്കാലത്ത് ആരോഗ്യകേന്ദ്രത്തിലേക്ക് മാറ്റിപ്പാർപ്പിച്ചിരുന്നു. അന്ന് ഈ ഷെഡ്ഡാകെ തകർന്നു. പലരുടെയും സഹായംകൊണ്ട് നന്നാക്കി. ഇപ്പോൾ സ്ഥിരം പാമ്പ് കയറും. ദിവസങ്ങൾക്കുമുൻപ് പേരക്കുട്ടികളിൽ ഒരാളെ പാമ്പ് കടിച്ചിരുന്നു.

പുറമ്പോക്കിലുള്ള ഈ സ്ഥലത്തുനിന്ന് പുനരധിവസിപ്പിക്കാൻ ഇവർ കോർപ്പറേഷനിൽ അപേക്ഷിച്ചിരുന്നു. അതുപ്രകാരം 2022-ൽ രണ്ടര സെന്റ് സ്ഥലം ചാമുണ്ഡിനഗറിൽ നൽകാമെന്ന് തീരുമാനിച്ചു. അതുമായി ബന്ധപ്പെട്ട് കടലാസ് കുടുംബത്തിന് ലഭിച്ചില്ല.

ശ്രമം നടക്കുന്നു- കൗൺസിലർ

:''സി.വി. നബീസയുടെ കുടുംബം വീടിന്റെ പ്രശ്‌നം ഉന്നയിച്ച് കോർപ്പറേഷനിൽ ബന്ധപ്പെട്ടിരുന്നു. അതുപ്രകാരം സ്ഥലം നൽകാനുള്ള നടപടിക്രമങ്ങളിലേക്ക് കടന്നിട്ടുണ്ട്. അത് ലഭിച്ചാൽ ആരുടെയെങ്കിലും സഹായത്തോടെ വീടുണ്ടാക്കാമായിരുന്നു''- കൗൺസിലർ ഫസ്ന ഷംസുദ്ദീൻ പറഞ്ഞു.