കോഴിക്കോട്: ജില്ലയിലെ തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമം നടന്നതായും മുഴുവൻ മണ്ഡലങ്ങളിലേയും വിവിപാറ്റ് എണ്ണണമെന്നും മുസ്‌ലിം ലീഗ് കോഴിക്കോട് ജില്ലാ പ്രസിഡന്റ് എം.എ. റസാഖ്. പേരാമ്പ്രയിലെ സ്‌ട്രോങ് റൂമിനോടു ചേർന്ന മെറ്റീരിയൽ റൂം തുറന്ന സംഭവത്തിൽ ഇതുവരെ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ ആരോപിച്ചു.

To advertise here,

11.15-ന് തുറന്ന് 1.50 വരെ മെറ്റീരിയൽ റൂമിനുള്ളിൽ ചില പ്രവർത്തനങ്ങൾ നടന്നിട്ടുണ്ട്. മൂന്ന് മണിക്കൂർ സമയം എന്താണ് നടന്നതെന്ന് എന്നതിലാണ് സംശയം. മെറ്റീരിയൽ റൂമിനുള്ളിൽ ലാപ്‌ടോപ്പും മൊബൈൽ ഫോണും കൊണ്ടുപോയിട്ടുണ്ട്. എല്ലാം ദുരൂഹമാണ്. ഇതുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടറെ നേരിൽകണ്ട് സംസാരിച്ചു. എന്നാൽ, കൃത്യമായ മറുപടി ലഭിച്ചില്ലെന്നും കളക്ടർക്കെതിരേ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നും റസാഖ് പറഞ്ഞു.

സർക്കാർ ഉണ്ടാക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്ന ജില്ലയാണ് കോഴിക്കോടെന്നും ജില്ലയിലെ യുഡിഎഫ് മണ്ഡലങ്ങളുടെ എണ്ണം കുറച്ച് അട്ടിമറിക്കുള്ള ശ്രമം നടന്നതായാണ് സംശയമെന്നും അദ്ദേഹം ആരോപിച്ചു. കോഴിക്കോട് ജില്ലയിലെ മുഴുവൻ മണ്ഡലങ്ങളുടെയും വിവിപാറ്റുകൾ എണ്ണണമെന്നാണ് യുഡിഎഫിന്റെ ആവശ്യമെന്നും എം.എ. റസാഖ് കൂട്ടിച്ചേർത്തു.