
കോഴിക്കോട്: തദ്ദേശസ്ഥാപനങ്ങളിലെ വിവിധ സ്ഥിരംസമിതി അംഗങ്ങളുടെ തിരഞ്ഞെടുപ്പ് ജനുവരി അഞ്ചുമുതൽ ഏഴുവരെ നടത്താനിരിക്കെ കോർപ്പറേഷനിലും അതിനുള്ള ഒരുക്കത്തിലാണ് കൗൺസിലർമാർ.
കോർപ്പറേഷനിൽ എട്ട് സ്ഥിരംസമിതിയാണുള്ളത്. അതിൽ ഇത്തവണ ഭരണകക്ഷിയായ എൽഡിഎഫിന് മാത്രമല്ല, യുഡിഎഫിനും ബിജെപിക്കുമെല്ലാം സ്ഥിരംസമിതി അധ്യക്ഷപദവി ലഭിക്കും. യുഡിഎഫിന് രണ്ടും ബിജെപിക്ക് ഒന്നും ലഭിക്കുമെന്നുറപ്പാണ്. ചിലപ്പോൾ അത് കൂടാനും സാധ്യതയുണ്ട്.
ധനകാര്യം, ആരോഗ്യം, പൊതുമരാമത്ത്, ക്ഷേമകാര്യം, നഗരാസൂത്രണം, വികസനകാര്യം, നികുതി അപ്പീൽ, വിദ്യാഭ്യാസം-കായികം എന്നിങ്ങനെയാണ് സ്ഥിരംസമിതികൾ.
ഇതിൽ ഡെപ്യൂട്ടി മേയർക്കാണ് ധനകാര്യ സ്ഥിരംസമിതി അധ്യക്ഷപദവി. ശേഷിക്കുന്നതിൽ ആരോഗ്യം, പൊതുമരാമത്ത്, വികസനകാര്യം അല്ലെങ്കിൽ നഗരാസൂത്രണം എന്നിവയും അംഗങ്ങൾ കൂടുതലുള്ള ഇടതുപക്ഷത്തിനാവാനാണ് സാധ്യത. എൽഡിഎഫ് -35, യുഡിഎഫ് -28, ബിജെപി -13 എന്നിങ്ങനെയാണ് കക്ഷിനില.
ക്ഷേമകാര്യം, വിദ്യാഭ്യാസം, നികുതി അപ്പീൽ എന്നിവയായിരിക്കും യുഡിഎഫിനും ബിജെപിക്കും കിട്ടുക. നഗരാസൂത്രണംകൂടി ലഭിക്കുമോയെന്ന കാര്യവും ചർച്ചയിലുണ്ട്.
തിരഞ്ഞെടുപ്പ്
അംഗങ്ങളുടെ എണ്ണത്തിന് ആനുപാതികമായാണ് സ്ഥിരംസമിതി അധ്യക്ഷരെയും കമ്മിറ്റിയിലുള്ളവരെയും നിശ്ചയിക്കുക. ധനകാര്യകമ്മിറ്റിയിൽ 10 അംഗങ്ങളുണ്ടാവും. ഇതിൽ ആറുപേരെങ്കിലും ഉണ്ടെങ്കിലേ ഇടതിന് കമ്മിറ്റിയിൽ ഭൂരിപക്ഷമുണ്ടാകൂ.
പൊതുമരാമത്ത്, ആരോഗ്യം പോലുള്ളതിലും ഇത്തരത്തിൽ ആറുവീതമുണ്ടായാൽ എൽഡിഎഫിലെ 18 അംഗങ്ങളാവും. എല്ലാകമ്മിറ്റിയിലും 10 അംഗങ്ങൾ ഉണ്ടാവാറില്ല. മറ്റുകമ്മിറ്റികളിൽ ഏഴും എട്ടും അംഗങ്ങളൊക്കെയാണ് ഉണ്ടാവുക. എൽഡിഎഫ് അംഗങ്ങളിൽ ശേഷിക്കുന്ന 18 പേരെ മറ്റ് അഞ്ചുകമ്മിറ്റികളിലേക്ക് എങ്ങനെ നിശ്ചയിക്കുന്നുവെന്നത് പ്രധാനമാണ്.
ഇത്തരത്തിലുള്ള അനുപാതം നിശ്ചയിച്ചാണ് രണ്ടുകമ്മിറ്റി യുഡിഎഫിനും ഒന്ന് ബിജെപിക്കും കിട്ടുമെന്ന് ഉറപ്പാക്കുന്നത്. ആദ്യം സ്ഥിരംസമിതി അംഗങ്ങളെയാണ് തിരഞ്ഞെടുക്കുക. അതിൽനിന്ന് അധ്യക്ഷരെയും. അഞ്ചിന് സ്ഥിരംസമിതി തിരഞ്ഞെടുപ്പ് നടക്കാനാണ് സാധ്യത.
Content Highlights: Kozhikode Corporation gears up for standing committee elections from Jan 5-7. LDF, UDF, and BJP to hold key positions. Learn more about committee allocations and dynamics.
Published: 30 Dec 2025, 08:31 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented