കോഴിക്കോട്: കോർപ്പറേഷനിൽ കോൺഗ്രസിന് 14 അംഗങ്ങളുണ്ടായിട്ടും ഒരു സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സ്ഥാനം പോലും നേടിയെടുക്കാൻ കഴിയാത്തതിൽ ചുമതലയുണ്ടായിരുന്ന കെപിസിസി ജനറൽ സെക്രട്ടറി അഡ്വ പിഎം നിയാസിനെതിരേ പരാതിയുമായി കോൺഗ്രസ് നേതാക്കൾ.
കോഴിക്കോട് കോർപ്പറേഷനിൽ ആദ്യമായി സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പദവി ബിജെപിക്ക് ലഭിക്കുന്ന സാഹചര്യമുണ്ടായത് നിയാസിന്റെ വീഴ്ചയാണെന്നാരോപിച്ച് മുൻ ഡിസിസി പ്രസിഡന്റ് കെസി അബു എഐസിസി ജനറൽ സെക്രട്ടറിമാരായ ദീപാദാസ് മുൻഷിക്കും കെസി വേണുഗോപാലിനും പ്രതിപക്ഷ നേതാവിനും രമേശ് ചെന്നിത്തലയ്ക്കും പരാതി നൽകി. സ്റ്റാൻഡിംഗ് കമ്മിറ്റി തിരഞ്ഞെടുപ്പിന്റെ ചുമതല ഏൽപ്പിച്ച പിഎം നിയാസ് പ്രതികാരം തീർക്കുകയാണെന്നും കത്തിൽ ആരോപിക്കുന്നുണ്ട്.
35 അംഗങ്ങളുള്ള ഇടതുമുന്നണിക്ക് പ്രധാനപ്പെട്ട ആറ് സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങളെ വിജയിപ്പിക്കാനായി. 13 അംഗങ്ങളുള്ള ബിജെപിക്കും ഒരു സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനെ ലഭിച്ചു. എന്നാൽ 14 അംഗങ്ങളുള്ള കോൺഗ്രസിന് ഒന്നും ലഭിച്ചില്ലെന്നും പരാതിയിൽ പറയുന്നു.
കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ പിഎം നിയാസ് പാറോപ്പടി വാർഡിൽ നിന്ന് തോറ്റിരുന്നു. ഇതിന് പിന്നാലെ പരാജയത്തിൽ പാറോപ്പടി വാർഡിലെ മുൻകൗൺസിലറും കോൺഗ്രസിന്റെ കോഴിക്കോട് കോർപ്പറേഷനിലെ മുൻ പ്രതിപക്ഷനേതാവുമായിരുന്ന കെസി ശോഭിതയ്ക്ക് പങ്കുണ്ടന്ന തരത്തിൽ ഒരു വിഭാഗം ആരോപണം ഉയർത്തിയിരുന്നു. ആരോപണത്തിനതിരെ ശോഭിത സാമൂഹ്യമാധ്യമത്തിൽ ഡിസിസി നേതൃത്വത്തിനും കെപിസിസി ഭാരവാഹികൾക്കുമെതിരേ രൂക്ഷമായ വിമർശനം ഉയർത്തിയിരുന്നു. ഇതിനിടെ കോഴിക്കോട് ഡിസിസി പ്രസിഡന്റ പ്രവീൺകുമാർ ശോഭിതയോട് വിശദീകരണം തേടുകയും ചെയ്തിരുന്നു. എന്നാൽ കെപിസിസിക്കും എഐസിസിക്കുമാണ് വിശദീകരണം നൽകുകയെന്നായിരുന്നു ശോഭിത യുടെ നിലപാട്. ഇതിന് പിന്നാലെയാണ് സ്റ്റാൻഡിംഗ് കമ്മിറ്റി തിരഞ്ഞെടുപ്പ് നടന്നത്. എന്നാൽ ഇതിന്റെ ചുമതലയും നിയാസിന് പാർട്ടി നിയാസിന് നൽകി. തിരഞ്ഞെടുപ്പിൽ പാർട്ടിക്ക് കിട്ടേണ്ട അധ്യക്ഷ സ്ഥാനവും കിട്ടിയില്ല. ഇതിന് പിന്നാലെയാണ് കെസി അബു ഇപ്പോൽ പ്രതികരണവുമായി രംഗത്തെത്തിയത്. കെസി ശോഭിതയുടെ പിതാവും കൂടിയാണ് കെസി അബു.
കോൺഗ്രസിൽ ശോഭിതയായിരുന്നു സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ സ്ഥാനത്തേക്ക് വരേണ്ടിയിരുന്നത്. എന്നാൽ അങ്ങനെ സംഭവിക്കാതിരിക്കാൻ നിയാസ് തെറ്റായി വിപ്പ് നൽകിയതാണ് ബിജെപിക്ക് ചെയർപേഴ്‌സൺ സ്ഥാനം ലഭിക്കാനുള്ള സാഹചര്യമുണ്ടാക്കിയതെന്നാണ് കെസി അബു നേതൃത്വത്തിന് നൽകിയ പരാതിക്കത്തിൽ പറയുന്നത്. പാറോപ്പടിയിൽ പരാജയപ്പെട്ട പിഎം നിയാസിനെ വീണ്ടും സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ തിരഞ്ഞെടുപ്പിന്റെ ചുമതല നൽകിയത് വലിയ തെറ്റായി പോയെന്നും പത്താംക്ലാസിൽ തോറ്റയാളെ പ്ലസ് വൺ ക്ലാസെടുക്കാൻ ഏൽപ്പിക്കുന്നത് പോലെയാണിതെന്നും കെസി അബു ആരോപിച്ചു.
ശോഭിതയോടുള്ള പ്രതികാരം തീർക്കാനുള്ള അവസരമായി കോർപ്പറേഷൻ സ്റ്റാൻഡിങ് കമ്മിറ്റി തിരഞ്ഞെടുപ്പിനെ പിഎം നിയാസ് കണ്ടതാണ് ബിജെപിക്ക് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സ്ഥാനം ലഭിക്കുന്നതിലേക്ക് എത്തിച്ചതെന്നാണ് അബു വ്യക്തമാക്കുന്നത്.
28 അംഗങ്ങളുള്ള യുഡിഎഫിന് കോഴിക്കോട് കോർപ്പറേഷനിൽ രണ്ട് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സ്ഥാനത്തിന് അർഹതയുണ്ടായിട്ടും ഒന്ന് നഷ്ടപ്പെട്ടത് കോഴിക്കോട് യുഡിഎഫിൽ വലിയ ചർച്ചയാകുമ്പോഴാണ് കെ.സി. അബുവിന്റെ വെളിപ്പെടുത്തൽ. കോഴിക്കോട് ഡിസിസി പ്രസിഡന്റ് പ്രവീൺ കുമാറും മുസ്ലിംലീഗ് ജില്ലാ പ്രസിഡന്റ് എംഎ റസാക്കും സിപിഎമ്മുമാണ് ബി ജെപിക്ക് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സ്ഥാനം ലഭിക്കാനുള്ള സാഹചര്യമുണ്ടാക്കിയതെന്ന് ആരോപിച്ച് വിശദീകരണങ്ങൾ നൽകിയിരുന്നു. എന്നാൽ യു ഡിഎഫ് നേതാവ് തന്നെ നേതൃത്വത്തിന്റെ വീഴ്ചയാണ് ഇത്തരം സാഹചര്യം സൃഷ്ടിച്ചതെന്ന് വിശദീകരിച്ചതോടെ വിഷയം മുന്നണിയിൽ വീണ്ടും ചർച്ചയാകും.
കോൺഗ്രസിന് ലഭിക്കേണ്ട സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സ്ഥാനം ബി ജെപിക്ക് ലഭിച്ചതോടെ യുഡിഎഫിൽ മുസ്ലിംലീഗിന് മാത്രമായി സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പദവി. ഇത്തവണ കോർപ്പറേഷനിലെ പ്രതിപക്ഷ നേതാവ് സ്ഥാനവും മുസ്ലിം ലീഗിനാണ് നൽകിയിരിക്കുന്നത്.
മുൻ പ്രതിപക്ഷ നേതാവ് കെസി ശോഭിതയെ ഒതുക്കാനായാണ് മുസ്ലിംലീഗിന് ആദ്യ ടേമിൽ തന്നെ പ്രതിപക്ഷനേതാവ് സ്ഥാനം നൽകിയതെന്നും ആക്ഷേപം ഉയരുന്നുണ്ട്.
Content Highlights: Congress leaders allege PM Niyas`s failure led to BJP securing a Standing Committee Chairman post in Kozhikode Corporation, sparking internal conflict.
Published: 17 Jan 2026, 02:03 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented