കോഴിക്കോട്: കോഴിക്കോട് ജില്ലാ കലക്ടറായിരിക്കേ ടി.ഒ സൂരജ് ലോകബാങ്കിന്റെ സഹായത്തോടെ ബീച്ച് ആശുപത്രിയിലേക്ക് മെഡിക്കല്‍ ഉപകരണങ്ങള്‍ വാങ്ങിയതുമായി ബന്ധപ്പെട്ട അഴിമതി കേസില്‍ പുനരന്വേഷണത്തിന് വിജിലന്‍സ് കോടതി ഉത്തരവ്. 

To advertise here,

സിഡ്കോയെ ഇടനിലക്കാരാക്കി റീഹാബിലിറ്റേഷന്‍ ഓഫ് ചൈല്‍ഡ് ഹെല്‍ത്ത് പ്രൊജക്ടിലേക്ക് ഉപകരണങ്ങള്‍ വാങ്ങിയതില്‍ 34 ലക്ഷം രൂപയുടെ അഴിമതിയുണ്ടെന്ന് 2007 ലെ വിജിലന്‍സ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ആര്‍.സി.എച്ച് പ്രൊജക്ട് ഓഫീസര്‍ എം.വിജയന്‍, ടി.ഒ.സൂരജ്, സിഡ്കോ മാനേജര്‍ എം.ജി ശശിധരന്‍, സിഡ്കോ ഓറിയന്റല്‍ സര്‍ജിക്കല്‍ മാനേജിങ് പാര്‍ട്ണര്‍ ടി.എം. വാസുദേവന്‍ എന്നിവരായിരുന്നു പ്രതികള്‍. 2003 ല്‍ ആയിരുന്നു കേസിനാസ്പദമായ സംഭവം.

പക്ഷേ, 2012 ല്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചപ്പോള്‍ എം വിജയനും ടി.ഒ. സൂരജും ഒഴിവാക്കപ്പെട്ടു. ഇത് ചോദ്യം ചെയ്തു കൊണ്ടാണ് വിജിലന്‍സ് കോടതി പുനരന്വേഷണത്തിന് ഉത്തരവിട്ടത്. ഈ കേസില്‍ മൂന്നും നാലും പ്രതികളായവര്‍ കേസ് തള്ളണമെന്നാവശ്യപ്പെട്ട് ഇപ്പോള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കേസ് പുനരന്വേഷിക്കാന്‍ കോടതി ഉത്തരവിട്ടത്. 

ക്രമക്കേടില്‍ പ്രതികളുടെ പങ്ക് പ്രഥമദൃഷ്ട്യാ വ്യക്തമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. കേസില്‍ പുനരന്വേഷണം വേണമെന്നും കോടതി ആവശ്യപ്പെട്ടു. യഥാര്‍ഥ വിലയെക്കാള്‍ പതിന്മടങ്ങ് അധികവില കാണിച്ച് ഉപകരണങ്ങള്‍ വാങ്ങിയെന്നായിരുന്നു അന്വേഷണത്തിലെ കണ്ടെത്തല്‍. യഥാര്‍ഥ ബില്ലുകളും സര്‍ക്കാരിന് സമര്‍പ്പിച്ച ബില്ലുകളും തമ്മിലുളള വ്യത്യാസവും അന്വേഷണ സംഘം ചൂണ്ടിക്കാട്ടിയിരുന്നു. ക്വട്ടേഷന്‍ ക്ഷണിച്ചതിലും ടെണ്ടര്‍ നിശ്ചയിച്ചതിലും ക്രമക്കേട് നടന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്.

Content Highlights: kozhikode beach hospital purchasing scam; re inquiry against t.o.sooraj