കോവളം: തീർഥാടനയാത്രയ്ക്കു പുറപ്പെട്ട വയോധികരായ സഹോദരിമാർ ദേശീയപാതയിൽ തിരുവല്ലം കരിമ്പുവിളയ്ക്കു സമീപം ബൈക്കിടിച്ച് മരിച്ചു. തിരുവല്ലം ഇടയാർ പുത്തൻവീട്ടിൽ പി.ശാന്ത(72), സഹോദരി പി. വിജയമ്മ(63) എന്നിവരാണ് ഞായറാഴ്ച രാവിലെ 6.45-ന് കരിമ്പുവിള പെട്രോൾ പമ്പിനു സമീപം റോഡ് മുറിച്ചുകടക്കവേ അമിതവേഗത്തിലെത്തിയ ബൈക്കിടിച്ച് മരിച്ചത്.
തലയ്ക്കു ഗുരുതര പരിക്കേറ്റ രണ്ടുപേരും സംഭവസ്ഥലത്ത് മരിച്ചു. ബൈക്കോടിച്ചിരുന്ന വിഴിഞ്ഞം സ്വദേശി ആര്യൻ(19) ഗുരുതര പരിക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഞായറാഴ്ച രാവിലെ 6.45-ഓടെ തിരുവല്ലം കരിമ്പുവിള പെട്രോൾ പമ്പിന് എതിരേയുള്ള ദേശീയപാതയിലാണ് അപകടം. തമിഴ്നാട്ടിലെ ആറ്റിൻകര പള്ളിയിൽ പോകുന്നതിനാണ് ഇരുവരും വീട്ടിൽനിന്ന് പുറപ്പെട്ടതെന്ന് ബന്ധുക്കൾ പറഞ്ഞു. തിരുവല്ലം ഭാഗത്തുനിന്ന് ഈഞ്ചയ്ക്കലിലേക്കു പോകുകയായിരുന്നു ബൈക്ക് യാത്രക്കാരൻ. െഫാറൻസിക് വിഭാഗവും പൂന്തുറ പോലീസും അപകടസ്ഥലം പരിശോധിച്ചു.
പരേതനായ ബാബുവാണ് മരിച്ച ശാന്തയുടെ ഭർത്താവ്. മക്കൾ: ഇന്ദുലേഖ, അനി, ചിത്ര. മരുമക്കൾ: ബൈജു, മുരുകൻ, പരേതയായ ശശികല. സാബുവാണ് മരിച്ച വിജയമ്മയുടെ മകൻ.
കൈപിടിച്ചിറങ്ങി; മരണത്തിലും ഒന്നിച്ചു
ഇടതുകാലിലെ വൈകല്യം കാരണം വിജയമ്മയ്ക്കു നടക്കാൻ ബുദ്ധിമുട്ടുണ്ട്. വിജയമ്മ പുറത്തുപോകുമ്പോൾ സഹായിയായി മൂത്തസഹോദരി ശാന്ത ഒപ്പമുണ്ടാകും. ആറ്റിൻകര പള്ളിയിലേക്ക് പുറപ്പെട്ടപ്പോഴും ഇരുവരും കൈചേർത്തുപിടിച്ചാണ് ഇറങ്ങിയത്.
ദേശീയപാതയിലെ തിരുവല്ലം കരിമ്പുവിള റോഡ് മുറിച്ചുകടക്കുമ്പോൾ പാഞ്ഞെത്തിയ ബൈക്ക് ഇടിച്ചുതെറിപ്പിച്ചതോടെ ശാന്തയുടെ കൈപ്പിടിയിൽനിന്ന് അനുജത്തി വേർപെട്ടു. ഇരുവരും എല്ലാവർഷവും ഓണത്തിനു മുൻപ് തമിഴ്‌നാട്ടിലെ ആറ്റിൻകര പള്ളിയിൽ പോകാറുണ്ട്.
രണ്ടുപേരും ശനിയാഴ്ച രാത്രിതന്നെ മൂന്നുദിവസത്തെ യാത്രയ്ക്കുള്ള തയ്യാറെടുപ്പുകൾ നടത്തിയിരുന്നു. ഞായറാഴ്ച രാവിലെ 6.30-ഓടെ മക്കളോടും ബന്ധുക്കളോടും യാത്രപറഞ്ഞ് പുറപ്പെട്ടു. 6.45-ഓടെ തിരുവല്ലത്തുവെച്ച് ഇരുവരെയും ബൈക്കിടിച്ചു. ഒന്നുറക്കെ കരയാനാകുന്നതിനു മുൻപ് രണ്ടുപേരും മരിച്ചു. ബന്ധുവിന്റെ ചായക്കടയിൽ ജോലിചെയ്താണ് വിജയമ്മ ഉപജീവനം നടത്തിയിരുന്നത്.
Content Highlights: Two elderly sisters, Shanta (72) and Vijayamma (63), died after being hit by a speeding bike., The accident occurred on Sunday morning at around 6:45 AM near Thiruvallam Karimbuvila on the national highway., The sisters were on their way to the Attinkara church in Tamil Nadu for a pilgrimage., The bike rider sustained serious injuries and is undergoing treatment in a private hospital.
Published: 10 Aug 2026, 08:13 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented