കോട്ടയം: നഗരഹൃദയത്തിൽ കഴിഞ്ഞ പത്തു വർഷമായി തുരുമ്പെടുത്തു നിൽക്കുന്ന ആകാശപാതയ്ക്ക് ശാപമോക്ഷം ലഭിക്കുമെന്ന പ്രതീക്ഷയിൽ നാട്ടുകാർ. 2016 ഫെബ്രുവരിയിൽ തിരുവഞ്ചൂർ രാധാകൃഷ്ണന്റെ സ്വപ്ന പദ്ധതിയായി നിർമ്മാണം തുടങ്ങിയെങ്കിലും മാസങ്ങൾക്കുള്ളിൽ ഭരണമാറ്റം ഉണ്ടായതോടെ പണി പൂർണ്ണമായും നിലയ്ക്കുകയായിരുന്നു. ഇന്ന് പ്രാവിനും കുരുവിക്കും കൂടുകൂട്ടാനുള്ള ഇടമായി മാറി ഈ ആകാശപാത.

To advertise here,

ലിഫ്റ്റുകൾ, എസ്കലേറ്ററുകൾ, കറങ്ങുന്ന കസേരകൾ, വലിയ എൽഇഡി വാൾ തുടങ്ങി അത്യാധുനിക സജ്ജീകരണങ്ങളോടെയാണ് ഈ ആകാശപാത വിഭാവനം ചെയ്തിരുന്നത്. കോട്ടയം നഗരത്തിന് ഒരു പുതിയ മുഖച്ഛായ നൽകുക എന്നതായിരുന്നു തിരുവഞ്ചൂർ രാധാകൃഷ്ണൻ ലക്ഷ്യമിട്ടത്. എന്നാൽ ഒരു ദശകമായി നിർമ്മാണം പാതിവഴിയിൽ ഉപേക്ഷിക്കപ്പെട്ടതോടെ കോടിക്കണക്കിന് രൂപയുടെ ഇരുമ്പ് കമ്പികൾ തുരുമ്പെടുത്ത് നശിക്കുന്ന ദയനീയ കാഴ്ചയാണ് ഇവിടെ കാണാൻ സാധിക്കുന്നത്.

നിർമ്മിതിയുടെ സുരക്ഷയെക്കുറിച്ച് ആശങ്കയുണ്ടെന്നും ഇത് പൊളിച്ചുനീക്കണമെന്നും നിർദ്ദേശിക്കുന്ന ഒരു വിദഗ്ധ സമിതി റിപ്പോർട്ട് നിലവിൽ അധികൃതരുടെ പക്കലുണ്ട്. പത്തു വർഷത്തെ കാലപ്പഴക്കവും തുരുമ്പും കാരണം കമ്പികൾക്കുണ്ടായ ബലക്ഷയം വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. എങ്കിലും, ഈ പദ്ധതിയെ ഏതു രീതിയിൽ പുതിയൊരു രൂപത്തിൽ അവതരിപ്പിക്കാം എന്നതിനെക്കുറിച്ച് ആലോചനകൾ നടത്തിവരികയാണെന്ന് നിയമസഭാ സ്പീക്കറായ തിരുവഞ്ചൂർ രാധാകൃഷ്ണൻ വ്യക്തമാക്കി. പുതിയ രാഷ്ട്രീയ സാഹചര്യത്തിൽ ഈ പദ്ധതിക്ക് പ്രഥമ പരിഗണന ലഭിക്കുമെന്നും ബജറ്റിൽ തുക വകയിരുത്തുമെന്നുമാണ് കോട്ടയം നിവാസികളുടെ പ്രതീക്ഷ.