കോട്ടയം: ഇല്ലാത്ത തസ്തികയില്‍ ജോലി, സാമ്പത്തികകാര്യങ്ങളുടെ പൂര്‍ണനിയന്ത്രണം, വിരമിക്കല്‍ പ്രായം കഴിഞ്ഞിട്ടും ആരുമറിയാതെ തുടര്‍ന്നത് രണ്ടുവര്‍ഷം, കണക്കുകളിലും രേഖകളിലും ആകെ കൃത്രിമം -ചിങ്ങവനത്തെ ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ എംപ്ലോയീസ് സഹകരണസംഘത്തില്‍ ഇങ്ങനെ നടന്നത് 2.65 കോടിയുടെ തട്ടിപ്പ്. എഫ്സിഐയുടെ കോട്ടയം ജില്ലയിലെ 45 ജീവനക്കാര്‍മാത്രമുള്ള പ്രാഥമിക സഹകരണസംഘത്തിലാണ് മുന്‍ അസിസ്റ്റന്റ് സെക്രട്ടറി ക്രമക്കേട് നടത്തിയത്. നിക്ഷേപം തിരിച്ചുകിട്ടാത്തതുസംബന്ധിച്ച് ഒട്ടേറെ പരാതി സഹകരണസംഘം ജോയിന്റ് രജിസ്ട്രാര്‍ക്ക് കിട്ടിയിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനകളിലാണ് ക്രമക്കേട് കണ്ടെത്തിയത്.

To advertise here,

സംഘത്തിന്റെ ദൈനംദിനകാര്യങ്ങള്‍ നോക്കിനടത്തേണ്ടവര്‍ കാണിച്ച വീഴ്ച, കണക്കുകളിലും രേഖകളിലും കൃത്രിമം കാണിക്കാനും പണാപഹരണം നടത്താനും വഴിതെളിച്ചതായി ജോയിന്റ് രജിസ്ട്രാറുടെ റിപ്പോര്‍ട്ടിലുണ്ട്.

ഒന്‍പതംഗ കമ്മിറ്റിക്കായിരുന്നു സംഘത്തിന്റെ നിയന്ത്രണം. സംഘത്തിന് അസിസ്റ്റന്റ് സെക്രട്ടറി തസ്തിക അനുവദിച്ചിരുന്നില്ല. 1984-ല്‍ ജൂനിയര്‍ ക്ലാര്‍ക്കായി സര്‍വീസില്‍ കയറിയ ജീവനക്കാരി 2001 ജൂലായ് ഒന്നുമുതല്‍ അക്കൗണ്ടന്റായും 2003 ഏപ്രില്‍ ഒന്നുമുതല്‍ അസിസ്റ്റന്റ് സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. സംഘത്തിന്റെ മുഴുവന്‍ ഇടപാടുകളുടെയും ചുമതല ഇവര്‍ക്കായിരുന്നു. ശമ്പളം വാങ്ങിയിരുന്ന ഏകജീവനക്കാരിയും ഇവരായിരുന്നു. 2015 മേയില്‍ വിരമിക്കേണ്ടിയിരുന്ന ഇവര്‍ 2017 മേയ് 31 വരെ ജോലിയില്‍ തുടര്‍ന്നു. അത് ഭരണസമിതി അറിഞ്ഞില്ല. 2018 ഡിസംബര്‍ ഒന്നിന് മരിച്ചു.

നിയമപരമല്ലാത്ത വായ്പവിതരണം, നിക്ഷേപക്കണക്കുള്‍പ്പെടെയുള്ള രേഖകള്‍ എഴുതി സൂക്ഷിക്കാതിരിക്കുക, ഭരണസമിതി യോഗം ചേരാതിരിക്കുക, മിനുട്‌സ് ബുക്കിലെ വ്യാജരേഖപ്പെടുത്തലുകള്‍, നിക്ഷേപം തിരികെനല്‍കാത്തത് തുടങ്ങി വിവിധ പ്രവര്‍ത്തനങ്ങളാല്‍ സംഘത്തിന് സാമ്പത്തികനഷ്ടം വന്നു.

സംഘത്തിലെ അംഗങ്ങള്‍ക്ക് 1.7 കോടി രൂപയുടെ നിക്ഷേപം തിരികെനല്‍കാനുണ്ട്. സംഘത്തിന് നഷ്ടമായ തുക തിരിച്ചുകിട്ടാനായി മുന്‍ അസിസ്റ്റന്റ് സെക്രട്ടറിയുടെ കുടുംബത്തിന്റെ പേരില്‍ ആര്‍ബിട്രേഷന്‍ കേസ് കൊടുത്തിട്ടുണ്ട്. ഇതില്‍, 145 സെന്റ് ഇതിനായി വിറ്റ് 1.28 കോടി രൂപ ഈടാക്കാന്‍ 2025 മേയ് 16-ന് അനുമതിയുമായി.