തിരുവല്ല : സ്വകാര്യ വെൽനെസ് ക്ലിനിക്കിൽ കൊഴുപ്പ് നീക്കൽ ശസ്ത്രക്രിയ്ക്കിടെയുണ്ടായ ഹൃദയാഘാതത്തെത്തുടർന്ന് വീട്ടമ്മ മരിച്ചു. ചങ്ങനാശേരി മാടപ്പള്ളി വെങ്കോട്ട മുണ്ടുകുഴി പുതുപ്പറമ്പിൽ വീട്ടിൽ വിദ്യ വി.ജി (45)ആണ് മരിച്ചത്. മരണത്തിന് കാരണം ചികിത്സാ പിഴവാണെന്ന് ബന്ധുക്കൾ ആരോപിച്ചു.

To advertise here,

ഇടിഞ്ഞില്ലം ‘മെഡ് ലോഞ്ചസ്’ എന്ന ക്ലിനിക്കിൽ കയ്യിലെ കൊഴുപ്പ് നീക്കാനായി സെപ്റ്റംബർ പതിനാറാം തീയതിയാണ് വിദ്യയെ ശസ്ത്രക്രിയ്ക്ക് വിധേയയാക്കിയത്. ഇതിനുമുൻപായി അനസ്തേഷ്യ നൽകിയിരുന്നു. തുടർന്ന് പതിനൊന്നരയോടെ നടത്തിയ ശസ്ത്രക്രിയ്ക്കിടെ ഹൃദയാഘാതം ഉണ്ടാവുകയായിരുന്നു. ഉച്ചയ്ക്ക് രണ്ടേകാലോടെ വിദ്യയെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ച് വെന്റിലേറ്ററിലേക്ക് മാറ്റിയെങ്കിലും ചൊവ്വാഴ്ച രാത്രി മരിച്ചു. അനസ്തേഷ്യയിലെ പാകപ്പിഴയും തുടർ ചികിത്സ നൽകുന്നതിലുണ്ടായ കാലതാമസവുമാണ് മരണത്തിന് ഇടയാക്കിയതെന്നാണ് ബന്ധുക്കളുടെ ആരോപണം.

അതേസമയം ചികിത്സാ പിഴവ് സംഭവിച്ചിട്ടില്ല എന്നാണ് ക്ലിനിക്കിന്റെ വിശദീകരണം. സംഭവത്തിൽ തിരുവല്ല പോലീസ് വിദ്യയുടെ ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. സംഭവത്തിൽ  കേസ് രജിസ്റ്റർ ചെയ്ത് തുടർ നടപടികൾ സ്വീകരിക്കുമെന്ന് പോലീസ് ഇൻസ്പെക്ടർ ഗോപകുമാർ പറഞ്ഞു.

വീടിനോട് ചേർന്നുള്ള കടമുറിയിൽ ബ്യൂട്ടിപാർലർ നടത്തിവരികയായിരുന്നു വിദ്യ. മാടപ്പള്ളിയിൽ വ്യാപാരിയായ എസ്. സന്തോഷ് ആണ് ഭർത്താവ്. സിദ്ധാർഥ് സന്തോഷ്, സംഗീത് സന്തോഷ് എന്നിവരാണ് മക്കൾ. കോട്ടയം മെഡിക്കൽ കോളേജിലെ പോസ്റ്റുമോർട്ടത്തിന് ശേഷം ബുധനാഴ്ച വൈകിട്ട് അഞ്ചുമണിക്ക് വീട്ടുവളപ്പിൽ സംസ്കരം നടക്കുമെന്ന് കുടുംബം അറിയിച്ചു.