
കൊച്ചി: കോതമംഗലത്ത് എഞ്ചിനീയറിങ് വിദ്യാർഥിയെ താമസസ്ഥലത്ത് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വിദ്യാർഥി പ്രതിഷേധം ശക്തമാകുന്നു. ഇതിനുപിന്നാലെ എസ്.എഫ്.ഐ, കെ.എസ്.യു തുടങ്ങിയ വിദ്യാർഥി സംഘടനകളുടെ നേതൃത്വത്തിൽ ക്യാമ്പസിൽ വൻ പ്രതിഷേധമാണ് അരങ്ങേറുന്നത്. പ്രിൻസിപ്പലിന്റെ ഓഫീസിന് മുന്നിൽ തടിച്ചുകൂടിയ വിദ്യാർഥികൾ തങ്ങളുടെ ആവശ്യങ്ങൾ പൂർണ്ണമായും അംഗീകരിക്കും വരെ സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന ഉറച്ച നിലപാടിലാണ്.
പത്തോളം ആവശ്യങ്ങളാണ് വിദ്യാർഥികൾ മാനേജ്‌മെന്റിന് മുന്നിൽ വെച്ചിരിക്കുന്നത്. വിദ്യാർഥിയുടെ മരണത്തിന് കാരണക്കാരായെന്ന് ആരോപിക്കപ്പെടുന്ന പ്രിൻസിപ്പൽ, ഡീൻ, എച്ച്.ഒ.ഡി എന്നിവർ അന്വേഷണം പൂർത്തിയാകുന്നത് വരെ സ്ഥാനത്തുനിന്ന് മാറിനിൽക്കണമെന്നതാണ് ഇവരുടെ പ്രധാന ആവശ്യം. കൂടാതെ, മരിച്ച വിദ്യാർഥിയുടെ കുടുംബത്തിന് അർഹമായ നഷ്ടപരിഹാരം നൽകുക, സേ പരീക്ഷകളുടെ ഉയർന്ന ഫീസ് കുറയ്ക്കുക, പരീക്ഷകൾ പുനഃക്രമീകരിക്കുക തുടങ്ങിയ ആവശ്യങ്ങളും വിദ്യാർഥികൾ ഉന്നയിച്ചിട്ടുണ്ട്.
വിദ്യാർഥി പ്രതിഷേധം ശക്തമായതോടെ മാനേജ്‌മെന്റ് പ്രതിനിധികൾ നേരിട്ടെത്തി ചില ആവശ്യങ്ങളിൽ ഉറപ്പ് നൽകി. സേ പരീക്ഷയുടെ ഫീസ് 6000 രൂപയിൽ നിന്ന് 1000 രൂപയാക്കി കുറയ്ക്കാനും, ഈ ആഴ്ച നടക്കേണ്ടിയിരുന്ന പരീക്ഷകൾ ഓണത്തിന് ശേഷം നടത്താനായി പുനഃക്രമീകരിക്കാനും മാനേജ്‌മെന്റ് തയ്യാറായിട്ടുണ്ട്. കൂടാതെ, വിദ്യാർഥികളുമായുള്ള ആശയവിനിമയം മെച്ചപ്പെടുത്താൻ കൗൺസിൽ യോഗങ്ങളും പി.ടി.എ മീറ്റിങ് വിളിക്കാമെന്നും ഉറപ്പ് നൽകി. എന്നാൽ, ആരോപണവിധേയരായ ഉദ്യോഗസ്ഥരെ മാറ്റിനിർത്താൻ മാനേജ്‌മെന്റ് തയ്യാറായില്ല. പോലീസ് അന്വേഷണത്തിൽ കുറ്റക്കാരാണെന്ന് കണ്ടെത്തിയാൽ മാത്രം നടപടി സ്വീകരിക്കാമെന്ന നിലപാടാണ് കോളേജ് അധികൃതർ സ്വീകരിച്ചത്.
മാനേജ്‌മെന്റിന്റെ ഭാഗികമായ ഉറപ്പുകളിൽ തൃപ്തരല്ലാത്ത വിദ്യാർഥികൾ പ്രതിഷേധം തുടരുകയാണ്. പ്രിൻസിപ്പൽ തങ്ങളോട് നേരിട്ട് സംസാരിക്കാൻ തയ്യാറാകുന്നില്ലെന്ന് ആരോപിച്ച് വിദ്യാർഥികൾ കോളേജ് ഗേറ്റ് തള്ളിത്തുറന്ന് അക്കാദമിക് ബ്ലോക്കിനുള്ളിലേക്ക് പ്രവേശിച്ചു. പ്രിൻസിപ്പലിന്റെ ഓഫീസിന് മുന്നിൽ തമ്പടിച്ച വിദ്യാർഥികൾ മുദ്രാവാക്യങ്ങൾ വിളിച്ച് പ്രതിഷേധിക്കുകയാണ്.
നിലവിൽ പോലീസിന്റെയും വിദ്യാർഥി സംഘടനാ നേതാക്കളുടെയും മധ്യസ്ഥതയിൽ അനുനയ നീക്കങ്ങൾ നടന്നുവരികയാണ്. ഇരുപതോളം വിദ്യാർഥി പ്രതിനിധികളും എസ്.എഫ്.ഐ, കെ.എസ്.യു സംഘടനകളുടെ നേതാക്കളും ഉൾപ്പെടുന്ന സംഘം പ്രിൻസിപ്പലുമായി കൂടിക്കാഴ്ച നടത്താൻ തീരുമാനിച്ചിട്ടുണ്ട്. 15 മിനിറ്റിനുള്ളിൽ പ്രിൻസിപ്പൽ വിദ്യാർഥികളെ നേരിട്ട് കണ്ട് വിശദീകരണം നൽകുമെന്ന് ഉറപ്പ് നൽകിയതോടെ പ്രതിഷേധം ഭാഗികമായി ശാന്തമായി. എങ്കിലും, ആരോപണവിധേയരായവർ മാറിനിൽക്കണമെന്ന പ്രധാന കാര്യത്തിൽ വിട്ടുവീഴ്ചയില്ലെന്ന് വിദ്യാർഥികൾ ആവർത്തിച്ചു.
എംഎ എഞ്ചിനീയറിങ് കോളേജിലെ മൂന്നാംവർഷ സിവിൽ എഞ്ചിനീയറിങ് വിദ്യാർഥി അരുണാചൽ സ്വദേശി മിച്ചി മിർപുവാണ് മരിച്ചത്. ശനിയാഴ്ച വൈകുന്നേരം മൂന്നുമണിയോടെയാണ് കോളേജിനടുത്ത് വിദ്യാർഥികൾ പേയിങ് ഗസ്റ്റായി (പി.ജി.) താമസിക്കുന്ന വീട്ടിൽ മിർപുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മിച്ചിയുടെ പക്കൽനിന്നും മൂന്ന് പേജ് വരുന്ന ഹിന്ദി ഭാഷയിലുള്ള ആത്മഹത്യാക്കുറിപ്പും കണ്ടെത്തിയിട്ടുണ്ട്.
എംഎ കോളേജ് ഓട്ടോണോമസ് കോളേജാണ്. ഇവിടെ വിദ്യാർഥികളുടെ ക്രെഡിറ്റ് സ്‌കോർ തീരുമാനിച്ചിരുന്നത് കോളേജ് അധികൃതർ തന്നെയാണ്. മറ്റെല്ലാ എഞ്ചിനിയറിങ് കോളേജുകളിലും കുറഞ്ഞ ക്രെഡിറ്റ് സ്‌കോർ 18 ആണ് എന്നിരിക്കെ എംഎ കോളേജിൽ മാത്രം ഇത് 22 ആണെന്നും ക്രെഡിറ്റ് സ്‌കോർ ഇല്ലാത്തതാണ് ആത്മഹത്യയിലേക്ക് നയിച്ചത് എന്നുമാണ് വിദ്യാർഥികളുടെ ആരോപണം. ഇതിനെക്കുറിച്ച് ആത്മഹത്യാക്കുറിപ്പിലും സൂചിപ്പിച്ചിട്ടുണ്ട്. ഇയർ ബാക്കുമായി ബന്ധപ്പെട്ട് വിദ്യാർഥികൾക്കിടയിൽ വലിയ രീതിയിലുള്ള ആശങ്കകൾ നിലനിന്നിരുന്നതായാണ് വിവരം. ടെക്‌നിക്കൽ യൂണിവേഴ്‌സിറ്റി ഉൾപ്പെടെയുള്ള കോളേജുകളിൽ ഇയർ ബാക്ക് പിൻവലിച്ചിരുന്നു. അതേസമയം, എംഎ കോളേജിൽ സ്‌കോർ 22-ൽ എത്തിക്കാനാകാതെ ഇരുപതോളം വിദ്യാർഥികളാണ് ഇത്തരത്തിൽ ഇയർഔട്ട് ഭീഷണിയിലുള്ളത് എന്നും ഇത് ഭയന്ന് കുറച്ചു വിദ്യാർഥികൾ കോളേജിൽനിന്നും ടി.സി. വാങ്ങി പോയതായും വിദ്യാർഥികൾ പറയുന്നു. ഈ വിഷയത്തെക്കുറിച്ച് മാനേജുമെന്റുമായി പലതവണ സംസാരിച്ചിരുന്നുവെങ്കിലും അവർ ഒരു തരത്തിലുള്ള ഒത്തുതീർപ്പിനും വഴങ്ങിയിരുന്നില്ല എന്ന് വിദ്യാർഥികൾ ആരോപിക്കുന്നു. ഉന്നതവിദ്യാഭ്യാസ മന്ത്രി ഇടപെട്ട് സംസാരിച്ചിട്ടും വിഷയത്തിൽ നടപടി ഉണ്ടായില്ലെന്നും ആരോപണമുണ്ട്.
Content Highlights: Protests erupt at Kothamangalam MA College over a student's suicide. Students demand action against authorities and credit score reforms.
Published: 18 Aug 2026, 01:03 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented