തിരൂരങ്ങാടി: ദേശീയപാത തകര്‍ന്ന കൂരിയാട്ട് വയലില്‍ എംബാങ്ക്‌മെന്റ് പൊളിക്കല്‍ തുടങ്ങി. തകര്‍ന്ന സ്ഥലത്ത് തൂണുകള്‍ ഉയര്‍ത്തി (വയഡക്ട്) പുതിയ പാത നിര്‍മിക്കുമെന്ന് കരാര്‍ കമ്പനിയായ കെഎന്‍ആര്‍സിഎല്‍, ദേശീയപാത അതോറിറ്റിയെ അറിയിച്ചിരുന്നു. പുതിയപാത നിര്‍മിക്കുന്നതിന് നേരത്തേ ഉയര്‍ത്തിയ മണ്ണ് പൂര്‍ണമായും ഇവിടെനിന്ന് നീക്കേണ്ടിവരും. ഈ പ്രവൃത്തിയാണ് ഇപ്പോള്‍ വേഗത്തിലായത്. 

To advertise here,

തകര്‍ന്ന നിര്‍മിതി പൊളിച്ചുമാറ്റുന്നതിന് ദിവസങ്ങളെടുക്കും. ഇതിന്നായി കരാര്‍ കമ്പനി ദേശീയപാതാ അതോറിറ്റിയോട് സാവകാശവും തേടിയിരുന്നു. ശക്തമായ മഴ തുടര്‍ന്നാല്‍ പണി വൈകാനും സാധ്യതയുണ്ട്.

മണ്ണുമാന്തിയന്ത്രമുപയോഗിച്ച് ലോറികളില്‍ നിറച്ചാണ് ഇവിടെനിന്ന് മണ്ണ് നീക്കുന്നത്. വയല്‍പ്രദേശമായ കൂരിയാട്ട് മണ്ണിന്റെ ഘടന തിരിച്ചറിഞ്ഞുള്ള രൂപകല്‍പ്പനയില്ലാതെയും ഉറപ്പുള്ള അടിത്തറ നിര്‍മിക്കാതെയും പ്രവൃത്തിയുമായി മുന്നോട്ടുപോയതാണ് വിനയായതെന്ന് ദേശീയപാത അതോറിറ്റി, കേന്ദ്ര ഗതാഗത സെക്രട്ടറിക്ക് കൈമാറിയ റിപ്പോര്‍ട്ടില്‍ വിശദീകരിച്ചിരുന്നത്.

കൂരിയാട്ട് 276 മീറ്റര്‍ ഭാഗത്താണ് തകര്‍ച്ച കണ്ടെത്തിയിരുന്നത്. തകര്‍ന്ന പാതയ്ക്ക് പകരമായി വയഡക്ടോ പാലമോ പണിയുക മാത്രമാണ് പരിഹാരമെന്ന് ദേശീയപാതാ അതോറിറ്റി കണ്ടെത്തിയിരുന്നു.