കോഴിക്കോട്: കൂടത്തായി കൂട്ടക്കൊലപാതക കേസിലെ പൊന്നാമറ്റം റോയി വധക്കേസില്‍ ഒന്നാംപ്രതി ജോളിയുടെ ജാമ്യാപേക്ഷയില്‍ 17ന് വിധി പറയും. കോഴിക്കോട് ജില്ലാ കോടതിയില്‍ മണിക്കൂറുകള്‍ നീണ്ട വാദ പ്രതിവാദത്തിനൊടുവിലാണ് വിധി പറയല്‍ 17ലേക്ക് മാറ്റിയത്. പ്രതിക്കുവേണ്ടി അഡ്വ.ബി.എ ആളൂര്‍ നേരിട്ട് കോടതിയിലെത്തി വാദം നടത്തി.

കുറ്റാന്വേഷണം പൂര്‍ത്തിയായ സാഹചര്യത്തില്‍ പ്രതി വിചാരണ തടവുകാരിയായി ജയിലില്‍ കഴിയേണ്ട സാഹചര്യമില്ലെന്നും കൃത്യമായ അന്വേഷണം നടത്താന്‍ പോലീസിന് കഴിഞ്ഞിട്ടില്ലെന്നും ആളൂര്‍ പറഞ്ഞു. ജോളിയുടെ കുറ്റസമ്മത മൊഴിയല്ലാതെ മറ്റൊന്നും കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. ഇക്കാര്യം കോടതിക്ക് ബോധ്യപ്പെട്ടതായി വിശ്വസിക്കുന്നുവെന്നും യാതൊരു സ്വാധീനത്തിലും പെടാതെ ജാമ്യാപേക്ഷയില്‍ അനുകൂല വിധിയുണ്ടാവുമെന്നാണ് കരുതുന്നതെന്നും ആളൂര്‍ പറഞ്ഞു. ഒരുപാട് വര്‍ഷങ്ങള്‍ക്ക് മുമ്പ്  നടന്ന സംഭവമെന്നത് കൊണ്ട് തന്നെ ശാസ്ത്രീയമായോ, വസ്തുതാപരമായോ തെളിയിക്കാന്‍ യാതൊരു സാധ്യതയുമില്ല. ഈയൊരു സാഹചര്യത്തില്‍ എന്തിനാണ് അന്വേഷണം കഴിഞ്ഞിട്ടും വിചാരണ തടവുകാരിയായി ജോളി ജയിലില്‍ കഴിയുന്നത് എന്നാണ് ഏറ്റവും പ്രധാനമായി ഉയരുന്ന ചോദ്യം. 

റോയിയുടെ കേസില്‍ സയനൈഡ് ഉള്ളില്‍ ചെന്നാണ് മരിച്ചതെന്നതിന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടടക്കമുള്ള തെളിവുണ്ടെന്നും ഇക്കാര്യമെല്ലാം കുറ്റപത്രത്തോടൊപ്പം കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നും സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ എന്‍.കെ.ഉണ്ണികൃഷ്ണന്‍ പറഞ്ഞു. ജോളിക്ക് ഒരു തരത്തിലും ജാമ്യം അനുവദിക്കാന്‍ കഴിയുന്ന സാഹചര്യമല്ല ഇപ്പോഴുള്ളത്. സാക്ഷികളടക്കമുള്ളവര്‍ ബന്ധുക്കളും അടുത്ത സുഹൃത്തുക്കളുമായത് കൊണ്ട് സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്ന് മാത്രമല്ല, ആത്മഹത്യയിലേക്ക് വരെ എത്തിപ്പെടാനുള്ള സാഹചര്യമുണ്ട്. ഇത് കേസിനെ ഏറെ ഗൗരവമായി ബാധിക്കുമെന്നും അത് നീതിന്യായ വ്യവസ്ഥയെക്കുറിച്ച് സമൂഹത്തിന് തന്നെ തെറ്റായ സന്ദേശമാണ് നല്‍കുകയെന്നും എന്‍.കെ.ഉണ്ണികൃഷ്ണന്‍ കോടതിയില്‍ വാദിച്ചു. 17-ാം തീയതി അനുകൂലമായ തീരുമാനമുണ്ടാവും ജാമ്യം നല്‍കാന്‍ കോടതി തയ്യാറാവില്ലെന്നാണ് കരുതുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

content highlights; koodathayi roy murder case, jolly bail plea