കൊല്ലം: കൊല്ലം കൊട്ടിയത്ത് ദേശീയപാത നിര്‍മാണത്തിനിടെ ഇടിഞ്ഞുവീണുണ്ടായ അപകടത്തില്‍ ഒഴിവായത് വന്‍ ദുരന്തം. സര്‍വീസ് റോഡിലൂടെ വാഹനങ്ങള്‍ കടന്നുപോകുന്നതിനിടെയാണ് നിര്‍മാണത്തിലിരുന്ന പാത ഇടിഞ്ഞുവീണത്. കുട്ടികളുമായി വന്ന സ്‌കൂള്‍ ബസ്സടക്കം ഈ സമയത്ത് സര്‍വീസ് റോഡിലുണ്ടായിരുന്നു. സ്‌കൂള്‍ ബസടക്കം നാലു വാഹനങ്ങള്‍ കുടുങ്ങി. റോഡുകള്‍ വിണ്ടു കീറിയിരിക്കുകയാണ്. നിര്‍മാണത്തിലിരുന്ന ദേശീയപാതയില്‍ മണ്ണിടിഞ്ഞ് വലിയ ഗര്‍ത്തം രൂപപ്പെട്ടു.

To advertise here,

ഇടിഞ്ഞ ഭാഗവും പാര്‍ശ്വഭിത്തിയും സര്‍വീസ് റോഡിലേക്ക് പതിക്കാതിരുന്നത് വലിയ ദുരന്തം ഒഴിവാക്കി. ഏത് നിമിഷവും ഇടഞ്ഞ് വീഴുത്ത തരത്തിലാണിപ്പോള്‍ പാര്‍ശ്വഭിത്തിയുള്ളത്. സ്‌കൂള്‍ ബസിലുണ്ടായിരുന്ന കുട്ടികളേയും മറ്റു വാഹനങ്ങളിലുള്ളവരേയും സുരക്ഷിതമായി മാറ്റിയിട്ടുണ്ട്.

വെള്ളം ഒഴുകുന്ന ഒരു ഓട റോഡിനടിയിലൂടെ കടന്നുപോകുന്നുണ്ട്. മതിയായ സംവിധാനമൊരുക്കാതെ ഇതിന് മുകളിലൂടെ റോഡ് നിര്‍മാണം നടത്തിയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. ദേശീയ പാത അതോറിറ്റിയുടെയും നിര്‍മാണ കമ്പനിയുടെയും അനാസ്ഥയാണ് അപകടത്തിന് കാരണമെന്ന് പ്രദേശവാസികളും കുറ്റപ്പെടുത്തി. സംഭവത്തില്‍ അടിയന്തര അന്വേഷണത്തിന് നിര്‍ദേശം നല്‍കിയതായി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് അറിയിച്ചു. ദേശീയപാത അതോറിറ്റിയില്‍നിന്ന് വിശദീകരണം തേടാന്‍ അധികൃതരോട് നിര്‍ദേശിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥര്‍ സംഭവ സ്ഥലം സന്ദര്‍ശിക്കും.