കൊച്ചി: നേതാക്കള്‍ പല താത്പര്യങ്ങള്‍ പ്രകടിപ്പിച്ചതോടെ മേയര്‍ചര്‍ച്ച അനിശ്ചിതത്വത്തിലായി. ഒറ്റയ്ക്ക് ഭരിക്കുന്നതിനുള്ള ഭൂരിപക്ഷം കോണ്‍ഗ്രസിന് ലഭിച്ചെങ്കിലും മേയറെ എളുപ്പത്തില്‍ കണ്ടെത്താന്‍ കഴിയാത്ത അവസ്ഥയിലാണ്. ഗ്രൂപ്പുതാത്പര്യങ്ങള്‍ക്കപ്പുറം നേതാക്കള്‍ക്ക് വ്യക്തിതാത്പര്യംകൂടി വന്നതോടെ ചര്‍ച്ച മുന്നോട്ടുപോകാത്ത അവസ്ഥയിലാണ്.
മൂന്നുപേരുകളില്‍ തട്ടിയാണ് ചര്‍ച്ചകള്‍ നീളുന്നത്. കെപിസിസി ജനറല്‍ സെക്രട്ടറി ദീപ്തി മേരി വര്‍ഗീസ്, മുന്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാരായ വി.കെ. മിനിമോള്‍, ഷൈനിമാത്യു എന്നിവരുടെ പേരുകളാണ് പ്രധാനമായും ചര്‍ച്ചയിലുള്ളത്. ലത്തീന്‍ സമുദായത്തില്‍നിന്ന് മേയര്‍ സ്ഥാനത്തിനായി ആവശ്യമുയര്‍ന്നിട്ടുണ്ട്. കോണ്‍ഗ്രസ് നേതൃത്വത്തെ ഇക്കാര്യം സമുദായപ്രതിനിധികള്‍ അറിയിച്ചുകഴിഞ്ഞിട്ടുണ്ട്. ലത്തീന്‍ സമുദായത്തില്‍നിന്ന് എറണാകുളത്തുനിന്നുവേണോ, കൊച്ചിയില്‍നിന്നുവേണോ എന്ന ചര്‍ച്ചകളും നടക്കുന്നുണ്ട്.
ദീപ്തി മേരി വര്‍ഗീസിനുവേണ്ടി കെ.സി. വേണുഗോപാല്‍ പക്ഷമാണ് ആവശ്യം ഉന്നയിച്ചിരിക്കുന്നത്. അതേസമയം ഐഗ്രൂപ്പില്‍ നേതാക്കള്‍ പലതട്ടിലാണ്. തീരുമാനത്തിലെത്താന്‍ കഴിയാതെവന്നാല്‍ മേയര്‍സ്ഥാനം വീതംവെപ്പിലേക്ക് എത്താനുള്ള സാധ്യതകളും കാണുന്നുണ്ട്. മേയര്‍ സ്ഥാനത്തിന്റെ കാര്യത്തില്‍ ഒരു തീരുമാനമായശേഷം വേണം ഡെപ്യൂട്ടി മേയര്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാര്‍ എന്നിവരെ തിരഞ്ഞെടുക്കാന്‍.
മേയര്‍സ്ഥാനത്തിന് ക്രൈസ്തവസമുദായം പിടിമുറുക്കിയിരിക്കുന്നതിനാല്‍ ഡെപ്യൂട്ടി മേയര്‍ സ്ഥാനം ഹൈന്ദവസമുദായത്തിന് നല്‍കണമെന്ന ആവശ്യം ശക്തമാണ്. നഗരത്തില്‍ മുതിര്‍ന്ന കൗണ്‍സിലര്‍ കെ.വി.പി. കൃഷ്ണകുമാറിന്റെ പേരാണ് നായര്‍ സമുദായത്തില്‍നിന്ന് ഉയര്‍ന്നുവന്നിട്ടുള്ളത്. ഹൈന്ദവസമുദായത്തിലെ മറ്റുവിഭാഗക്കാരും ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തിനായി വലവീശുന്നുണ്ട്. എന്നാല്‍ ഒരേസമുദായത്തിലെ ഒന്നിലധികം പേര്‍ രംഗത്തുള്ളതിനാല്‍ ആ വഴിക്കുള്ള ചര്‍ച്ചകള്‍ കൂടുതല്‍ സങ്കീര്‍ണമാണ്.
പാണക്കാട് വഴിയുള്ള ഓപ്പറേഷന് ലീഗ്
ഇക്കുറി ഡെപ്യൂട്ടി മേയര്‍ സ്ഥാനം കിട്ടിയേതീരു എന്ന തീരുമാനത്തിലാണ് മുസ്ലിം ലീഗ്. പശ്ചിമ കൊച്ചിയലടക്കം മുന്നണിക്ക് അതിശക്തമായ വിജയം ഉണ്ടാക്കിക്കൊടുത്തതിനുപിന്നില്‍ തങ്ങളും വിയര്‍ത്തിട്ടുണ്ടെന്നാണ് ലീഗിന്റെ അവകാശവാദം. 'വിയര്‍പ്പോഹരി'യായി ഡെപ്യൂട്ടി മേയര്‍ സ്ഥാനം തങ്ങള്‍ക്ക് തരണമെന്നാണ് ലീഗിന്റെ ആവശ്യം. ലീഗിനുവേണ്ടി മുതിര്‍ന്ന കൗണ്‍സിലര്‍ ടി.കെ. അഷ്‌റഫാണ് രംഗത്തുള്ളത്. ഇവിടെ ചര്‍ച്ചചെയ്താല്‍ കാര്യങ്ങള്‍ക്ക് തീരുമാനമുണ്ടാവില്ലെന്ന് ഉറപ്പായതിനാലാണ് അഷ്‌റഫ് പാണക്കാട്ടേക്ക് വണ്ടികയറിയത്. അവിടെനിന്ന് അനുകൂല തീരുമാനം ഉണ്ടാകുമെന്ന പ്രതീക്ഷായാണുള്ളത്. ആരോഗ്യസ്ഥിരം സമിതി ചെയര്‍മാന്‍ സ്ഥാനത്ത് തുടര്‍ന്നുവന്നിരുന്ന അഷ്‌റഫിന് ഇക്കുറി അത് ലഭിക്കില്ല. ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി വനിതാസംവരണമാണ്. ടാക്‌സ് ആന്‍ഡ് അപ്പീല്‍, ക്ഷേമകാര്യം, പൊതുമരാമത്ത്, തുടങ്ങിയ സ്ഥിരംസമിതികള്‍ മാത്രമാണ് പുരുഷന്മാര്‍ക്ക് ഇക്കുറി ലഭിക്കുക. മുതിര്‍ന്ന കൗണ്‍സിലര്‍മാരെല്ലാംതന്നെ കസേരകളില്‍ നോട്ടമിട്ടുകഴിഞ്ഞിട്ടുണ്ട്. എല്ലാവരെയും തൃപ്തിപ്പെടുത്തണമെങ്കില്‍ വീതംവെപ്പല്ലാതെ മാര്‍ഗമില്ല. വീതംവെച്ചാലും കുറെ മുതിര്‍ന്നവര്‍ നിരാശരാകേണ്ട അവസ്ഥയാണ്.
Content Highlights: Kochi Mayor selection faces uncertainty as group and individual interests clash. Congress has majority but finding a consensus candidate proves difficult. Explore the latest updates.
Published: 17 Dec 2025, 07:07 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented