കൊച്ചി: വിവാദങ്ങൾക്കും പൊട്ടിത്തെറികൾക്കുമൊടുവിൽ കൊച്ചി മേയറായി സ്ഥാനമേറ്റ് വി.കെ. മിനിമോൾ. 48 വോട്ടുകളാണ് മിനിമോൾ നേടിയത്. കൊച്ചിയുടെ ജനത വലിയ ഉത്തരവാദിത്വമാണ് ഏൽപ്പിച്ചിരിക്കുന്നതെന്നും അവരുടെ ആഗ്രഹത്തിനും പ്രതീക്ഷയ്ക്കും അ‌നുസരിച്ച് ജനങ്ങൾക്കൊപ്പം നിന്നുകൊണ്ട് പ്രവർത്തിക്കുമെന്നും സത്യപ്രതി‍‍ജ്ഞാ ചടങ്ങിന് ശേഷം വി.കെ. മിനിമോൾ പറഞ്ഞു.

To advertise here,

പാലാരിവട്ടം ഡിവിഷനിൽ നിന്നാണ് മിനിമോൾ ജയിച്ചത്. ആദ്യ രണ്ടര വർഷം മിനിമോളും പിന്നീടുള്ള രണ്ടര വർഷം ഷൈനി മാത്യുവും കൊച്ചി മേയറാകും. മേയർ സ്ഥാനത്തെത്തുമെന്ന് പ്രതീക്ഷിച്ചിരുന്ന ദീപ്തി മേരി വർഗീസും വോട്ടെടുപ്പിനെത്തി. പരിഭവമില്ലെന്നായിരുന്നു അ‌വരുടെ പ്രതികരണം. എന്നാൽ, വോട്ടെടുപ്പിനു ശേഷം മിനിമോളെ ഷാളണിയിച്ച് അ‌ഭിനന്ദിച്ച ശേഷം സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാതെ അ‌വർ മടങ്ങി.

കൊച്ചി കോർപറേഷനിൽ ഉജ്ജ്വല വിജയം നേടിയെങ്കിലും ഏറെ വിവാദങ്ങൾക്കും ഭിന്നതകൾക്കുമൊടുവിലാണ് കൊച്ചി മേയർ ആരാകുമെന്ന ധാരണയിൽ കോൺഗ്രസ് എത്തുന്നത്. പാർട്ടിയിലെ മുതിർന്ന വനിതാ നേതാവും കെപിസിസി ജനറൽ സെക്രട്ടറിയുമായ ദീപ്തി മേരി വർഗീസിനെ കൊച്ചി മേയറാക്കുമെന്നായിരുന്നു ആദ്യം മുതലേ കരുതപ്പെട്ടിരുന്നത്‌. മേയർ സ്ഥാനാർഥിയെന്ന നിലയിൽ തന്നെയാണ് തിരഞ്ഞെടുപ്പ് ഫലം വരും വരെയും ദീപ്തിയും പാർട്ടിയും നിലകൊണ്ടത്.

എന്നാൽ, ഫലം വന്നതോടെ പല ടേമുകളിലായി കൊച്ചി കൗൺസിലർമാരായ മിനിമോളും ഷൈനി മാത്യുവും ഉൾപ്പെടെയുള്ളവർ അ‌വകാശവാദവുമായി രംഗത്തെത്തിയതോടെ ഭിന്നത രൂക്ഷമാവുകയായിരുന്നു. കൂടുതൽ കൗൺസിലർമാരുടെ പിന്തുണ മിനിയ്ക്കും ഷൈനിയ്ക്കും ലഭിച്ചതോടെ ദീപ്തി പിന്തള്ളപ്പെട്ടു.

ഇതിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് ദീപ്തി രംഗത്ത് വരികയും ചെയ്തു. മേയറെ തിരഞ്ഞെടുത്ത വിവരം ആരും തന്നെ ഔദ്യോഗികമായി അറിയിച്ചിട്ടില്ലെന്നും ദീപ്തി മാധ്യമങ്ങളോട് പറഞ്ഞു. പിന്നാലെ കോൺഗ്രസ് നേതാക്കാളായ മാത്യു കുഴൽനാടൻ, അജയ് തറയിൽ എന്നിവർ നേതൃത്വത്തെ പരസ്യമായി വിമർശിച്ച് രംഗത്തെത്തിയിരുന്നു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ദീപ്തി പാർട്ടിയിൽ പരാതിയും നൽകിയിട്ടുണ്ട്.