കാക്കനാട്: “എന്റെ മോനേ... മോളേ...” ആ വിളികളായിരുന്നു തിങ്കളാഴ്ച രാത്രി തൃക്കാക്കര കെ.എം.എ. കോളേജിലെങ്ങും കേട്ടത്. കോളേജിലെ എൻ.സി.സി. ക്യാമ്പിൽ വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധയേറ്റെന്ന വിവരം അറിഞ്ഞതോടെ രക്ഷിതാക്കളെല്ലാം അതിവേഗം കോളേജിലേക്ക് കുതിച്ചെത്തുകയായിരുന്നു. കുട്ടികളെയെല്ലാം ആശുപത്രികളിലേക്ക് മാറ്റുന്നതിനിടെ ഭക്ഷ്യവിഷബാധയുടെ വ്യാപ്തി അറിയാതെ രക്ഷിതാക്കളെല്ലാം പരിഭ്രാന്തിയിലായി. ചികിത്സ തേടിയ കുട്ടികളുടെ പേരുവിവരങ്ങളടക്കം രഹസ്യമാക്കി വയ്ക്കാൻ ശ്രമിച്ചതും പ്രശ്നം രൂക്ഷമാക്കി. ഗേറ്റ് തകർത്ത് കൂട്ടമായി അകത്തുകയറിയ രക്ഷിതാക്കളെല്ലാം പേര് വിളിച്ച് മക്കളെ തിരയുന്ന തിരക്കിലായിരുന്നു.

To advertise here,

സംഭവമറിഞ്ഞെത്തിയ രക്ഷിതാക്കളെ കാംപസിനകത്തേക്ക് കടത്തിവിടാതിരുന്നതിനെ തുടർന്ന് എല്ലാവരും ചേർന്ന് കൂറ്റൻ ഇരുമ്പുഗേറ്റ് ചവിട്ടിത്തകർത്ത് ബലമായി അകത്തു പ്രവേശിക്കുകയായിരുന്നു. ഇതിനു പിന്നാലെ അകത്ത് കുടുങ്ങിയ വിദ്യാർഥികളും ആശ്വാസത്തോടെ മാതാപിതാക്കളുടെ അരികത്തേക്കണഞ്ഞു. ഇതിനിടെ പോലീസെത്തി രക്ഷിതാക്കളെ തടയാൻ ശ്രമിച്ചത് രംഗം സംഘർഷഭരിതമാക്കി. തൃക്കാക്കര എ.സി.പി. പി.വി. ബേബിയുടെ നേതൃത്വത്തിൽ ഏറെ പണിപ്പെട്ടാണ് രോഷാകുലരായ മാതാപിതാക്കളെ ശാന്തരാക്കിയത്.

തങ്ങളെ ഇവിടെ പൂട്ടിയിട്ടിരിക്കുകയാണെന്നും വിവരം പുറത്തറിയിക്കരുതെന്ന് ഭീഷണിപ്പെടുത്തിയെന്നും വിദ്യാർഥികളിൽ ചിലർ മാതാപിതാക്കളോട് പറഞ്ഞു. പരിശീലനത്തിന്റെ ഭാഗമായി തങ്ങളെ ക്യാമ്പ് അധികൃതർ മർദിച്ചിരുന്നതായും ചില വിദ്യാർഥികൾ പരാതിപ്പെട്ടു.

70-ലേറെ വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പ്രാഥമിക ചികിൽസയ്ക്കു ശേഷം കുറേപ്പേർ കോളേജിൽ തിരിച്ചെത്തി. ഇതോടെ രക്ഷിതാക്കൾക്ക് അല്പം ആശ്വാസമായി. സംഘർഷാവസ്ഥക്കൊടുവിൽ സ്വന്തം മക്കളെയും കൊണ്ട് രക്ഷിതാക്കൾ തിരികെ മടങ്ങി. ക്യാമ്പിൽ തിങ്കളാഴ്ച ഉച്ച ഊണിന് മീൻകറിയും മോരുമുണ്ടായിരുന്നു. ഇത് കഴിച്ച ശേഷമാണ് വിദ്യാർഥികളിൽ അസ്വസ്ഥത കണ്ടുതുടങ്ങിയതെന്നാണ് പലരും രക്ഷിതാക്കളോട് പറഞ്ഞത്. വൈകീട്ടായതോടെ നിരവധി പേർക്ക് ഛർദിയും തലകറക്കവും അനുഭവപ്പെട്ടു. മണിക്കൂറുകളോളം ആശങ്കയിൽ കഴിഞ്ഞിരുന്ന പല വിദ്യാർഥികൾക്കും ആശ്വാസമായത് സ്വന്തം അച്ഛനമ്മമാർ എത്തിയതോടെയാണ്.