കൊച്ചി: കൊച്ചി തീരത്തുനിന്ന് 38 നോട്ടിക്കല്‍ മൈല്‍ അകലെ(74കിലോമീറ്റര്‍) അറബിക്കടലില്‍ ചെരിഞ്ഞ ചരക്കുകപ്പല്‍ മുങ്ങുന്നു. കൂടുതല്‍ചെരിയാതെ കപ്പല്‍ നിവര്‍ത്താനുള്ള ശ്രമം ആരംഭിക്കുന്നതിന് മുന്നെ കപ്പല്‍ കൂടുതല്‍ചെരിഞ്ഞ് മുങ്ങുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഞായറാഴ്ച രാവിലെയോടെ കൂടുതല്‍ കണ്ടെയ്‌നറുകള്‍ കടലില്‍ പതിച്ചു. ഇതോടെ കടുത്ത ആശങ്ക ഉയര്‍ന്നിട്ടുണ്ട്. അപകടകരമായ രാസവസ്തുക്കളുണ്ടെങ്കില്‍ കപ്പല്‍ മുങ്ങിയാല്‍ അത് ഒരുപക്ഷേ വലിയ പരിസ്ഥിതി നാശത്തിനും വഴിവെച്ചേക്കാം. സംഭവത്തില്‍ കൂടുതല്‍ പരിസ്ഥിതി നാശം ഒഴിവാക്കുന്നതിനായുള്ള വഴികള്‍ ഇന്ത്യന്‍ നാവികസേനയും ആരംഭിച്ചിരുന്നു. കപ്പലിനെ കെട്ടിവലിക്കാന്‍ സാധിക്കുമോ എന്ന് ഉറപ്പുവരുത്തുന്നതിനായുള്ള വിദഗ്ദ്ധ വിലയിരുത്തലുകള്‍ പുരോഗമിച്ചുകൊണ്ടിരിക്കെയാണ് കപ്പല്‍ മുങ്ങാന്‍ തുടങ്ങിയത്.

To advertise here,

ഗുരുതര സാഹചര്യം കണക്കിലെടുത്ത് കമ്പനിയുടെ നിര്‍ദ്ദേശപ്രകാരം കപ്പലില്‍ തുടര്‍ന്ന മൂന്ന് ജീവനക്കാരെയും നാവികസേനയുടെ ഐഎന്‍എസ് സുജാത രക്ഷപ്പെടുത്തി. കപ്പലിന് വളരെ അടുത്തായി ഐഎന്‍എസ് സുജാത ഇപ്പോഴും നിലയുറപ്പിച്ചിട്ടുണ്ട്.

മാതൃ കമ്പനിയുടെ മറ്റൊരു കപ്പലും പ്രദേശത്ത് എത്തിയിട്ടുണ്ട്. കോസ്റ്റ് ഗാര്‍ഡ് കപ്പലുകളും നാവികസേനാ കപ്പലുകളും പ്രദേശത്ത് നിലയുറപ്പിച്ച് സാഹചര്യം നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്.

 

placeholder
അപകടത്തില്‍ പെട്ട കപ്പലിലെ ജീവനക്കാരെ രക്ഷപ്പെടുത്തിയപ്പോള്‍

ഇന്ധനം ചോര്‍ന്നാല്‍ അത്‌ കടലിലെ ജീവികളെ ബാധിക്കും.  കണ്ടെയ്‌നറുകളിൽ രാസവസ്തുക്കളുണ്ടെങ്കിൽ അത് നീക്കുന്നതിനും വിദഗ്ധസംവിധാനങ്ങളുണ്ട്. കപ്പലിൽ നിലവിൽ ഉള്ളതും കടലിൽ ഒഴുകി നടക്കുന്നതുമായ കണ്ടെയ്‌നറുകളിലെ കാർഗോ എന്താണെന്ന് കപ്പൽ കമ്പനിക്കുമാത്രമേ അറിയാനാകൂ. കപ്പലിൽ ഉപയോഗിക്കുന്ന ബങ്കർ ഓയിൽ ആയിരിക്കാമെന്ന് കേരള മാരിടൈം ബോർഡ് മുൻ ചെയർമാനും മാരിടൈം നിയമത്തിൽ വിദഗ്ധനുമായ സീനിയർ അഭിഭാഷകൻ വി.ജെ. മാത്യു പറഞ്ഞു.

കണ്ടെയ്‌നറുകളിൽ ഓയിൽ കൊണ്ടുപോകുന്നത് അപൂർവമാണ്. ഏത് ഓയിലാണെങ്കിലും കടലിന്റെ ആവാസ വ്യവസ്ഥയ്ക്ക് അപകടകരമാണ്. മത്സ്യസമ്പത്തിനടക്കം ഭീഷണിയാണ്. ഓയിൽ കടലിൽ പടരുന്നത് അമേരിക്ക ഉൾപ്പെടെ ചില രാജ്യങ്ങളിൽ വലിയ കുറ്റമാണ്. കപ്പലിന്റെ ക്യാപ്റ്റനെവരെ അറസ്റ്റ് ചെയ്യും.

ഞാറക്കലിൽ മുൻപ് കപ്പൽ മുങ്ങിയിട്ടുണ്ട്

കേരളതീരത്ത് ഞാറക്കലിൽ 2015-ൽ കപ്പൽ മുങ്ങിയിട്ടുണ്ട്. അൽബേനിയയുടെ എംവി മറിയ എന്ന കപ്പലായിരുന്നു അന്ന് മുങ്ങിയത്. കപ്പലിൽ ദ്വാരം വീണതിനാൽ വെള്ളം കയറുന്ന അവസ്ഥയിലായിരുന്നു. ഇരുമ്പു കമ്പിയുമായി എത്തിയ കപ്പലായിരുന്നു. എന്നാൽ, കൊച്ചി തുറമുഖത്തേക്ക്‌ അടുപ്പിക്കാൻ അനുമതി നൽകിയില്ല. അറ്റകുറ്റപ്പണി നടത്താൻ കഴിയാതെ കപ്പൽ ചെരിഞ്ഞ് മുങ്ങുകയായിരുന്നു. ചെളിയിൽ പൂണ്ട കപ്പൽ പിന്നീട് ഉയർത്താനും കഴിഞ്ഞില്ല.

placeholder
കപ്പലിലെ ജീവനക്കാരെ രക്ഷപ്പെടുത്താനുള്ള ശ്രമം

കണ്ടെയ്നർ കടലിൽ വീഴാൻ കാരണങ്ങളേറെ

കണ്ടെയ്‌നറുകൾ കടലിൽ വീഴുന്നതിന്റെ പ്രധാന കാരണമായി ചൂണ്ടിക്കാണിക്കുന്നത് ഇവ കപ്പലിൽ ഉറപ്പിക്കുന്നതിലുണ്ടാകുന്ന പിഴവാണ്. സ്റ്റീൽ ദണ്ഡുകളും പ്രത്യേകതരം ലോക്കുകളും ഇരുമ്പുവടങ്ങളും ഉപയോഗിച്ച് കപ്പലിൽ ഉറപ്പിക്കുന്നതിനെ ലാച്ചിങ് എന്നാണ് പറയുന്നത്.

കൃത്യമായി ഉറപ്പിച്ചിട്ടില്ലെങ്കിൽ പ്രക്ഷുബ്ധമായ കടലിൽപ്പെട്ട് കപ്പൽ ആടിയുലയുമ്പോൾ കടലിലേക്കു വീഴാനുള്ള സാധ്യതയുണ്ട്. ലോക്കിന്റെ തകരാർ കാരണം അടിഭാഗംകൊണ്ട് കണ്ടെയ്‌നർ ഉലഞ്ഞുതുടങ്ങുമ്പോൾ വശങ്ങളിൽനിന്ന്‌ കെട്ടിയുറപ്പിച്ചിട്ടുള്ള സ്റ്റീൽ റോഡുകൾ പൊട്ടിമാറിയും അപകടമുണ്ടാവും. അമിതഭാരം കയറ്റിയാലും അപകടത്തിനിടയാക്കും. കണ്ടെയ്‌നറുകൾ കൃത്യമായി ഉറപ്പിച്ചിട്ടുണ്ടെന്ന് പരിശോധിച്ച ശേഷമാണ് കപ്പൽ തീരം വിടാറുള്ളത്. കഴിഞ്ഞദിവസം കേരളതീരത്തിനോടു ചേർന്ന് കടൽ പ്രക്ഷുബ്ധമായിരുന്നെന്നും ചുഴലിക്കാറ്റ് ഉണ്ടായിരുന്നതായും വിവരമുണ്ട്. കണ്ടെയ്‌നറുകൾ കൃത്യമായി ഉറപ്പിച്ചിട്ടുണ്ടെങ്കിലും കപ്പൽ ശക്തമായി ആടിയുലഞ്ഞാൽ ഇത്തരം അപകടങ്ങൾക്ക് സാധ്യതയുണ്ട്.

കടൽ പ്രക്ഷുബ്ധമായാൽ ഇളകിയ കണ്ടെയ്‌നറുകൾ ഉറപ്പിക്കാനാകില്ല. കൂടുതൽ അപകടം ഒഴിവാക്കാൻ ചരിഞ്ഞ കണ്ടെയ്‌നറുകൾ കെട്ടഴിച്ചുവിടാറുണ്ട്. അന്തർദേശീയ കപ്പൽചാലുകളിൽ കണ്ടെയ്‌നറുകൾ കടലിൽ വീഴുന്ന സംഭവങ്ങൾ അസാധാരണമല്ല. ഇവ ഉപേക്ഷിച്ച് കപ്പൽ നീങ്ങാറാണ് പതിവ്.

കപ്പലിന്റെ ഭാരം ബാലൻസ് ചെയ്യുന്നതിനുള്ള ടാങ്കുകളിലെ തകരാറും കപ്പൽ ചരിയാൻ ഇടയാക്കാറുണ്ട്. എന്നാൽ, പുത്തൻതലമുറ കാർഗോ ഷിപ്പുകളിൽ ഇതിനുള്ള സാധ്യത വിരളമാണ്. കപ്പലുകൾ ചരിഞ്ഞാൽ ഇത്തരം ടാങ്കുകളിൽ വെള്ളം നിറച്ചാണ് സന്തുലിതമാക്കുന്നത്.