
കൊച്ചി: ജിദ്ദയിൽനിന്ന് കോഴിക്കോട്ടേക്ക് പുറപ്പെട്ട എയർഇന്ത്യ എക്‌സ്പ്രസ് വിമാനം സുരക്ഷിതമായി കൊച്ചിയിലിറങ്ങിയപ്പോൾ സിയാലിനും അത് ആശ്വാസനിമിഷമായി. കൊച്ചി അന്താരാഷ്ട്ര വിമാനത്താവള ലിമിറ്റഡ് (സിയാൽ) സുരക്ഷിത ലാൻഡിങ് വിജയകരമായി ഏകോപിപ്പിച്ചതാണ് വലിയ ദുരന്തം ഒഴിവാക്കിയത്.
കരിപ്പൂർ വിമാനത്താവളത്തിൽ ഇറങ്ങേണ്ട വിമാനം കൊച്ചിയിലേക്ക് ലാൻഡിങ് മാറ്റിയതും ഇവിടത്തെ സുരക്ഷാകാര്യങ്ങളിലെ വിശ്വാസ്യതമൂലമാണ്. ടേബിൾ ടോപ്പ് ആകൃതിയിലുള്ള കരിപ്പൂർ വിമാനത്താവളത്തിൽ പൊട്ടിയ ടയറുകളുമായി ലാൻഡിങ്ങിന് ശ്രമിച്ചാൽ അപകടസാധ്യത കൂടുതലാണെന്ന വിലയിരുത്തലിലാണ് കൊച്ചിയെ ലാൻഡിങ്ങിനായി തിരഞ്ഞെടുത്തത്. കൊച്ചി വിമാനത്താവളത്തിലെ സുരക്ഷാസൗകര്യത്തിനൊപ്പം സാങ്കേതിക വൈദഗ്ധ്യവും പ്രയോജനപ്പെടുത്താമെന്ന കണക്കുകൂട്ടലുമുണ്ടായി. വിമാനങ്ങളുടെ അറ്റകുറ്റപ്പണികൾക്കുള്ള ഹാങ്കർ ഉള്ളതും കൊച്ചിയുടെ പ്ലസ് പോയിന്റായി.
മികച്ച ഏകോപനത്തിലൂടെയാണ് സുരക്ഷിത ലാൻഡിങ്ങിന് സൗകര്യമൊരുക്കാൻ സിയാലിന് കഴിഞ്ഞതെന്ന് മാനേജിങ് ഡയറക്ടർ എസ്. സുഹാസ് പറഞ്ഞു. ''സിയാലുമായി സഹകരിച്ചുവരുന്ന എല്ലാ ഏജൻസികളും സ്റ്റേക്ക് ഹോൾഡർമാരും തമ്മിലുള്ള ധാരണയുടെ അടിസ്ഥാനത്തിൽ ഈ സാഹചര്യം പ്രൊഫഷണലായി നമുക്ക് കൈകാര്യം ചെയ്യാനായി. എല്ലാ യാത്രക്കാരും സുരക്ഷിതരായി അവരുടെ സ്ഥലങ്ങളിലേക്ക് എത്തിച്ചേർന്നു എന്നറിയുന്നത് ആശ്വാസകരമാണ്'' - സുഹാസ് പറഞ്ഞു. സുരക്ഷിതമായ ലാൻഡിങ്ങിനും റൺവേ ക്ലിയറൻസിനുംശേഷം സിയാലിലെ എല്ലാ ഓപ്പറേഷനുകളും സാധാരണ നിലയിലായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ജിദ്ദ വിമാനത്താവളത്തിലെ റൺവേയിൽ വെച്ച് ഏതോ ബാഹ്യവസ്തുമൂലം ടെയ്ക്ക് ഓഫിനിടെ വിമാനത്തിന്റെ ടയറിന് കേടുപാടുണ്ടായി എന്ന് സംശയമുണ്ടായതിനാലാണ് മുൻകരുതൽ ലാൻഡിങ് നടത്തിയതെന്ന് എയർഇന്ത്യ എക്‌സ്പ്രസ് അറിയിച്ചു. ''വിമാനം കൊച്ചിയിൽ സുരക്ഷിതമായി ലാൻഡ് ചെയ്തു. എല്ലാ യാത്രക്കാരെയും റോഡ് മാർഗം കോഴിക്കോട്ട് എത്തിച്ചു. യാത്രക്കാർക്കുണ്ടായ അസൗകര്യങ്ങളിൽ ഖേദിക്കുന്നു'' - എയർ ഇന്ത്യ എക്‌സ്പ്രസ് വക്താവ് അറിയിച്ചു.
Content Highlights: Air India Express lands safely in Kochi due to Karipur`s higher risk with a damaged tire. CIAL`s preparedness ensured passenger safety and seamless operations.
Published: 19 Dec 2025, 07:56 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented