വെള്ളപ്പട്ടാളത്തിന്റെ തേർവാഴ്ചകളുടെ അവശിഷ്ടങ്ങൾ പലയിടങ്ങളിൽ പലവിധത്തിൽ പേറുന്ന കോഴിക്കോടിന്റെയും പാലക്കാടിന്റെയും കൂടിച്ചേരലിൽ നിന്നാണ് ഇന്നത്തെ മലപ്പുറം പിറന്നത്. പഴയ ബ്രിട്ടീഷ് ഇന്ത്യയിലെ ബോംബെ പ്രവിശ്യയിൽ നിന്ന് മദ്രാസ് സംസ്ഥാനവും

To advertise here,

ആ സംസ്ഥാനത്തിനു കീഴിലെ മലബാർ ജില്ലയും ഭരണ സൗകര്യാർഥം വിഭജിച്ചും കൂടിച്ചേർന്നുമൊക്കെയാണ് നമ്മുടെ ജില്ലയുണ്ടായത്.

ലോകത്ത് പല രാഷ്ട്രങ്ങളുടെയും അതിർത്തികൾ മായിച്ചും മാറ്റി വരച്ചുമാണ് മനുഷ്യചരിത്രം മുന്നേറുന്നത്. സ്ഥായിയായ ഒരു രാഷ്ട്രമോ അതിർത്തികളോ അധികകാലം നിലനിന്നിട്ടില്ല. സംസ്‌കാരവും ഭാഷകളും ചരിത്രവും ജീവിതവും പങ്കുവെക്കാത്ത, പരസ്പരം കലരാത്തൊരു ജനതയും ഭൂമിയിലില്ല.

മനുഷ്യ വംശത്തിൽ ശുദ്ധ രക്തം സിരകളിൽ വഹിക്കുന്ന ഒരു വിശിഷ്ട വംശമോ ജനതയോ വർഗ്ഗമോ ഇല്ല. കടലും കരയും പ്രകൃതിയും ഈ മലക്കം മറിച്ചിലിൽ പങ്കുചേരുന്നതും പതിവാണ്. കര കടലായും കടൽ കരയായും വനങ്ങൾ മരുഭൂമിയായും മാറിയേക്കാം.

പണ്ടൊക്കെ ഇവിടെ ബ്രിട്ടീഷ് അനുകൂലികളും പ്രതികൂലികളുമെന്ന രണ്ടു വിഭാഗം മനുഷ്യരെ ഉണ്ടായിരുന്നുള്ളൂ. ജാതികളും ജാതിക്കോമരങ്ങളും വേറെയൊരു തട്ടിൽ നിലനിന്നിരുന്നു. മത വിഭജനവും വർഗീയതയും അവരുടെ കൊടികൾ താഴ്ത്തിക്കെട്ടിയിരുന്നു. ആ കൊടികളുടെ ചുവട്ടിൽ ദരിദ്രരും ധനികനും രണ്ടുണ്ടായിരുന്നു. ഭൂരിപക്ഷം വരുന്ന പട്ടിണിക്കാരുടെ കയ്യിൽ ഭരണവും ഉണ്ടായിരുന്നില്ല.

റെയിലും തീവണ്ടിയും തപാലാപ്പീസും സ്‌കൂളുകളും റോഡും വെള്ളക്കാരുടെ ആവശ്യമായിരുന്നു. സമൃദ്ധമായ തടിമരങ്ങളും സമ്പത്തും കടത്തിക്കൊണ്ടു പോവാനും പട്ടാളത്തിനു യഥേഷ്ടം വെടിക്കോപ്പുകളുമായി വരാനും അതൊക്കെ വേണമായിരുന്നു. ഇംഗ്ലീഷ് അറിയുന്ന അടിമകളെ സൃഷ്ടിക്കേണ്ടതും അവരുടെ ആവശ്യമായിരുന്നു. അവയെല്ലാം ബ്രിട്ടനെതിരേ ഉപയോഗിക്കാനും ഇവിടത്തുകാർ പിന്നീടു പഠിച്ചു. അവർ പറയാത്ത പുസ്തകങ്ങളും നാം വായിച്ചുപഠിച്ചു. കരിക്കുലത്തിനപ്പുറത്താണ് ദേശീയ പ്രസ്ഥാനവും സ്വാതന്ത്ര്യ സമരവും പിറന്നതും വളർന്നതും. അങ്ങനെ നമ്മൾ രാജ്യ സ്നേഹമുള്ള ഇന്ത്യക്കാരായി. സാമ്രാജ്യത്വത്തോടു പൊരുതി പലരും മരിച്ചു, ചിലർ തൂക്കിലേറി. പിന്നെയും ചിലർ നാടുകടത്തപ്പെട്ടു. അവയെല്ലാമാണ് മലപ്പുറത്തിന്റെ ഓർമകൾ. അവയെല്ലാം ഓർക്കാൻ ഇഷ്ടമില്ലാത്തവർ ഓർക്കേണ്ട.

ബ്രിട്ടീഷുകാർ ചവിട്ടയരച്ച മലപ്പുറം

മലപ്പുറത്തിന്റെ ചരിത്ര പ്രസിദ്ധമായ നഗര വീഥികളിലൂടെ കുളിരണിഞ്ഞ പ്രഭാതങ്ങളിൽ മാർച്ചു ചെയ്യുന്ന ഇന്ത്യൻ സൈന്യത്തെ കാണാൻ റോഡരികിൽ കാത്തുനിന്ന ദിവസങ്ങൾ കുട്ടിക്കാല ഓർമകളിൽ മായാതെ കിടപ്പുണ്ട്. വെള്ളപ്പട്ടാളം മലപ്പുറത്തു നിന്ന് തിരിച്ചു പോയ ശേഷം ജനിച്ചവനാകയാൽ സ്വതന്ത്ര ഇന്ത്യയുടെ സൈന്യത്തെ മാത്രമേ മലപ്പുറം ഹൈബാരക്സിൽ കണ്ടിട്ടുള്ളു. കടലുണ്ടിപ്പുഴ ഭീമാകാരമായ ചന്ദ്രക്കല പോലെ വളഞ്ഞു പുളഞ്ഞൊഴുകുന്നത് മലപ്പറം കുന്നുമ്മലെ ഹൈബാരക്സിൽ (ഇന്നത്തെ സിവിൽ സ്റ്റേഷൻ) നിന്നുകാണാം.

ബാന്റു വാദ്യങ്ങളോടെ അവിടെ നിന്ന് ആരംഭിക്കുന്ന സൈനിക മാർച്ച് കോട്ടപ്പടി മൈതാനവും കടന്നു കോട്ടയ്ക്കൽ റോഡുവഴി നൂറാടിപ്പാലവും പിന്നിട്ട് വടക്കേമണ്ണ വളവിലെത്തുമ്പോഴാണ് മാർച്ച് എന്റെ മുന്നിലെത്തിയിരുന്നത്. കുറച്ചുകൂടി മുന്നോട്ടുപോയി പട്ടാളം മാർച്ചു നിർത്തും. പിന്നീട് അവരുടെ ക്യാമ്പിലേക്ക് തിരിച്ചുപോയിരുന്നു.

ബ്രിട്ടീഷ് ഭരണാധികാരികളും അവരുടെ സൈന്യവും സ്പെഷ്യൽ പോലീസും ചവിട്ടയരച്ച ഒരു മലപ്പറം ഉണ്ടായിരുന്നു. വെള്ളപ്പട്ടാളത്തിന്റെ കുതിരക്കുളമ്പടികൾ കേട്ടു തഴമ്പിച്ച മലപ്പുറത്തുകാരുമുണ്ടായിരുന്നു. പുലർ കാല വേളകളിൽ ബാരക്കിൽ നിന്നും എംഎസ്പി ക്യാമ്പിൽ നിന്നും മുഴങ്ങിക്കേട്ടിരുന്ന ബ്യൂഗിൾ നാദവും മണിയൊച്ചയും ഞങ്ങൾക്കു സുപരിചിതമായിരുന്നു. അവ സുമാർ അഞ്ചു കീലോമീറ്റർ ദൂരത്തു കേട്ടിരുന്നു. വെള്ളക്കാരുടെ കാലത്ത് പ്രഭാതങ്ങളിൽ കോട്ടക്കുന്നിന്റെ ചെരിവിൽ വെടിവെയ്ക്കാൻ പട്ടാളക്കാർക്കു പരീശീലനം നൽകിയിരുന്നു. സ്വാതന്ത്ര്യത്തിനു മുൻപ് പഠനം വിജയകരമായി പൂർത്തീകരിച്ചവർ ഞങ്ങളുടെ എത്രയോ പൂർവ്വികരെയാണ് പിന്നീട് വെടി വെച്ചു കൊന്നത് !

ഇന്ത്യ സ്വതന്ത്രമായ ശേഷവും ഈ പരിശീലനം തുടർന്നിരുന്നു. ക്യാമ്പ് മലപ്പുറം വിട്ടതോടെ അതു നിന്നു. വെള്ളക്കാരോടു സഹവസിക്കാനിടയായ മലപ്പുറത്തെ യുവാക്കൾ അന്നേ ഹോക്കിയും ക്രിക്കറ്റും ഫുട്ബാളും നല്ല പോലെ കളിച്ചിരുന്നു. നിരവധി യുവാക്കൾക്ക് സൈന്യത്തിലും പോലീസിലും ജോലിയും കിട്ടി. പട്ടാള ക്യാമ്പിനോടു ചേർന്നു നിന്നിരുന്ന വീടുകളിൽ വേശ്യവൃത്തിക്കു സജ്ജരായ സ്ത്രീകളെ കൊണ്ടു വന്നു പാർപ്പിച്ചിരുന്നു.

വെള്ളപ്പട്ടാളക്കാരുടെ സെമിത്തേരികളും മലപ്പുറം ജില്ലയിൽ പലയിടങ്ങളിലും കാണാം. മലപ്പുറം കുന്നുമ്മലും അതുണ്ട്. പള്ളി ഖബറിസ്ഥാനുകളിൽ അനവധി സ്വാതന്ത്ര്യ സമര സേനാനികളെയും അടക്കം ചെയ്തിട്ടുണ്ട്. വാഗൺ കൂട്ടക്കൊലയിൽ മരിച്ചവരും അതിലുണ്ട്. പന്തലൂർ പോലുള്ള സ്ഥലങ്ങളിൽ ട്രാൻസിറ്റ് ജയിലുകളും കാണാം.