തിരുവനന്തപുരം: ചീഫ് സെക്രട്ടറിയുടെ അന്വേഷണവും വിജിലൻസിന്റെ ത്വരിത പരിശോധനയും കഴിഞ്ഞാണ് മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി കെ.എം. എബ്രഹാമിനെതിരായ പരാതി സിബിഐയുടെ മുന്നിലേക്കു നീങ്ങുന്നത്.
എബ്രഹാം ധനവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയായിരിക്കെ, 2015 മേയ് 25-നാണ് അനധികൃത സ്വത്തുസമ്പാദനം ആരോപിച്ച് പൊതുപ്രവർത്തകൻ ജോമോൻ പുത്തൻപുരയ്ക്കൽ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കും വിജിലൻസിനും ആദ്യം പരാതി നൽകിയത്. വിജിലൻസിന്റെ ത്വരിത പരിശോധനയിൽ കോടതി കെ.എം. എബ്രഹാമിന് ക്ലീൻചിറ്റ് നൽകിയതോടെ ജോമോൻ ഹൈക്കോടതിയിലെത്തി.
ആസ്തിബാധ്യതാ കണക്കിൽ ഭാര്യയുടെയും മക്കളുടെയും സ്വത്തുവിവരം നൽകിയില്ലെന്നും നിയമവിരുദ്ധമായി സ്വത്തുസമ്പാദിച്ചെന്നുമായിരുന്നു പരാതി. പരാതിയിൽ ചീഫ് സെക്രട്ടറി വിശദീകരണം തേടിയപ്പോൾ, ഭാര്യ ഷേർളിക്ക് ദൈനംദിന ആവശ്യത്തിന് ഉപയോഗിക്കുന്ന വസ്തുക്കളല്ലാതെ മറ്റ് സ്വത്തുവകകൾ ഒന്നുമില്ലെന്ന വിശദീകരണമാണ് കെ.എം. എബ്രഹാം നൽകിയത്.
ഐപിഎസ്- ഐഎഎസ് പോര്
ഇതിനുപിന്നാലെ ജോമോൻ വിജിലൻസ് കോടതിയിൽ നൽകിയ പരാതിയിൽ 2016 സെപ്റ്റംബർ ഏഴിന് തിരുവനന്തപുരം കോടതി കെ.എം. എബ്രഹാമിനെതിരേ ത്വരിതാന്വേഷണത്തിന് ഉത്തരവിട്ടു. ഇതുമായി ബന്ധപ്പെട്ട് എബ്രഹാമിന്റെ വീട്ടിൽ വിജിലൻസ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയത് വിവാദമായി. ജേക്കബ് തോമസ് വിജിലൻസ് ഡയറക്ടറായിരിക്കെയായിരുന്നു ഇത്. ഐഎഎസ് - ഐപിഎസ് പോരിനും ഇത് വഴിവെച്ചു. ഇതിനിടെ, കെ.എം. എബ്രഹാം 2000 മുതൽ 2015 വരെയുള്ള കാലത്തിനിടെ വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന ആരോപണവും പരാതിക്കാരൻ ഉന്നയിച്ചു.
ത്വരിത പരിശോധനയിൽ ക്ലീൻ ചിറ്റ്
അന്വേഷണോദ്യോഗസ്ഥനായിരുന്ന എസ്. രാജേന്ദ്രന് ഐപിഎസ് ലഭിച്ചതോടെ അദ്ദേഹം മാറി, മറ്റൊരു ഡിവൈഎസ്‍പി അന്വേഷണച്ചുമതലയേറ്റു.
പരാതിയിൽ കഴമ്പില്ലെന്നായിരുന്നു വിജിലൻസിന്റെ കണ്ടെത്തൽ. തുടർന്ന് കേസ് എഴുതിത്തള്ളാൻ റിപ്പോർട്ട് നൽകുകയും കോടതി അത് അംഗീകരിക്കുകയും ചെയ്തു. ഇതോടെയാണ് 2018-ൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ജോമോൻ ഹൈക്കോടതിയെ സമീപിച്ചത്.
വിജിലൻസിനുംവിജിലൻസ് കോടതിക്കും വിമർശനം
ഭാര്യയുടെ ബാങ്കിലൂടെ നടത്തിയ പണമിടപാടില്‍നിന്ന് പ്രഥമദൃഷ്ട്യാ കെ.എം. എബ്രഹാം വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന് വ്യക്തമാണെന്ന് പറഞ്ഞ ഹൈക്കോടതി ഇക്കാര്യങ്ങളും ചൂണ്ടിക്കാട്ടി
- വിജിലൻസിന്റെ അന്വേഷണം സംശയകരം
- കെ.എം. എബ്രഹാമിനെ സംരക്ഷിക്കുന്നതരത്തിലായിരുന്നു അന്വേഷണം. വിജിലൻസിന്റെ ദ്രുതപരിശോധനാ റിപ്പോർട്ട് ഒരു പരിശോധനയുമില്ലാതെ വിജിലൻസ് കോടതി അംഗീകരിക്കുകയായിരുന്നു
- വിജിലൻസിന്റെ നിയമോപദേശകനും ശരിയായി പ്രവർത്തിച്ചില്ല. വസ്തുതകൾ ശരിയായി പരിശോധിച്ചില്ല.
- ചീഫ് സെക്രട്ടറിയായി വിരമിച്ച കെ.എം. എബ്രഹാം നിലവിൽ ആഭ്യന്തരവകുപ്പിന്റെ ചുമതലവഹിക്കുന്ന മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറിയാണ്
- അന്വേഷണത്തിൽ ജനങ്ങൾക്ക് വിശ്വാസമുണ്ടാകേണ്ടതുണ്ട്. അതിനാൽ സിബിഐ അന്വേഷിക്കണം
ആരോപണം ഇങ്ങനെ
കെ.എം. എബ്രഹാമിന് മുംബൈയിലും തിരുവനന്തപുരത്തും യഥാക്രമം മൂന്നും ഒന്നും കോടി രൂപ മൂല്യമുള്ള ഫ്ലാറ്റുകളും കൊല്ലത്ത് എട്ട് കോടി രൂപ മൂല്യമുള്ള ഷോപ്പിങ് മാളും ഉണ്ട്. സിവിൽ സർവീസ് ഉദ്യോഗസ്ഥന്മാരുടെ പെരുമാറ്റച്ചട്ടപ്രകാരം വർഷംതോറും ചീഫ് സെക്രട്ടറിക്ക് നൽകേണ്ട സാമ്പത്തിക ആസ്തി സംബന്ധിച്ച സ്റ്റേറ്റ്‌മെന്റ് നൽകിയിട്ടില്ല. ഭാര്യയുടെയും മകളുടെയും പേരിലും വലിയ സമ്പാദ്യം ഉണ്ട്. ഇതിന്റെയൊന്നും ഉറവിടം വെളിപ്പെടുത്തിയിട്ടില്ല.
Content Highlights: km abraham-Kerala HC Trashes Vigilance Probe-Orders CBI Inquiry Into Disproportionate Assets
Published: 12 Apr 2025, 04:16 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented