തിരുവനന്തപുരം: അഴിമതിരഹിത കേരളം ലക്ഷ്യമിട്ട് വിജിലൻസിൽ 'പ്രോജക്ട് സീറോ' പദ്ധതി പ്രഖ്യാപിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. അഴിമതി നടക്കുന്നതിന്റെ ദൃശ്യങ്ങൾ പകർത്തിനൽകുന്ന പൊതുജനങ്ങൾക്ക് 5000 രൂപ സമ്മാനം നൽകും. അഴിമതിക്കുള്ള സാധ്യത മുൻകൂട്ടി മനസ്സിലാക്കി തടയും. അഴിമതിക്കാരായ ഉദ്യോഗസ്ഥരും നേതാക്കളും വിജിലൻസിന്റെ നിരീക്ഷണത്തിലായിരിക്കുമെന്നും മന്ത്രി പത്രസമ്മേളനത്തിൽ അറിയിച്ചു.

To advertise here,

സർക്കാർസേവനങ്ങൾ ലഭിക്കാൻ പണംനൽകുന്നത് ജനങ്ങൾ അവസാനിപ്പിക്കണമെന്നും അഴിമതിക്കാരെക്കുറിച്ചുള്ള വിവരങ്ങൾ ധൈര്യപൂർവം കൈമാറണമെന്നും ചെന്നിത്തല പറഞ്ഞു. അഴിമതിയെക്കുറിച്ച് നൽകുന്ന വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കും. സർക്കാർവകുപ്പുകളിലും സഹകരണ മേഖലയിലും വിജിലൻസ് സാന്നിധ്യം ശക്തമാക്കും.

വിജിലൻസിന് സ്വതന്ത്രമായി പ്രവർത്തിക്കാൻ അവസരമൊരുക്കും. ഉദ്യോഗസ്ഥർക്കെതിരേയടക്കം പ്രോസിക്യൂഷൻ അനുമതി വേഗത്തിൽ ലഭ്യമാക്കാൻ വിവിധ വകുപ്പുമേധാവികളുമായി ചർച്ച നടത്തുമെന്നും മന്ത്രി പറഞ്ഞു.

സർവീസിൽനിന്ന് വിരമിക്കുന്ന ഉദ്യോഗസ്ഥരെ വിജിലൻസ് മേധാവി മനോജ് എബ്രഹാം അധ്യക്ഷത വഹിച്ച ചടങ്ങിൽ മന്ത്രി ആദരിച്ചു. ആഭ്യന്തര മന്ത്രിയുടെ പോലീസ് ഉപദേഷ്ടാവ് എ. ഹേമചന്ദ്രൻ, വിജിലൻസ് ഐ.ജി. തോംസൺ ജോസ് എന്നിവരും പങ്കെടുത്തു.

അഴിമതിസംബന്ധിച്ച് ലഭിക്കുന്ന പരാതികൾ നിർമിതബുദ്ധിവഴിയാകും വിശകലനം ചെയ്യുക.

ശബരിമല പ്രതിഷേധം: കേസുകൾ പിൻവലിക്കാൻ ആലോചനയില്ല

തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശത്തിന് എതിരേ നടന്ന സമരങ്ങളുമായി ബന്ധപ്പെട്ട് രജിസ്റ്റർചെയ്ത കേസുകളിൽ എല്ലാ കേസുകളും പിൻവലിക്കില്ല. രാജിയാക്കാനാവുന്ന കേസുകൾ പിൻവലിക്കാനാണ് തീരുമാനം. ക്രിമിനൽ സ്വഭാവമുള്ള കേസുകളിൽ കോടതിയാണ് തീരുമാനമെടുക്കേണ്ടത്.

2624 കേസുകളാണ് രജിസ്റ്റർചെയ്തത്. ഇതിൽ പകുതിയോളം ക്രിമിനൽ സ്വഭാവമുള്ളതാണെന്നാണ് കണക്ക്. കഴിഞ്ഞ സർക്കാരിന്റെ കാലത്തുതന്നെ ഇതുമായി ബന്ധപ്പെട്ട് ആവശ്യങ്ങൾ ഉയർന്നിരുന്നു. ഗുരുതരമല്ലാത്ത കേസുകൾ പിൻവലിക്കാൻ നടപടി സ്വീകരിച്ചതായി അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ അറിയിക്കുകയും ചെയ്തു. എന്നാൽ, ക്രിമിനൽ സ്വഭാവമുള്ള കേസുകൾ പിൻവലിക്കണമെങ്കിൽ സർക്കാർ നയപരമായി തീരുമാനിച്ച് പ്രോസിക്യൂഷൻ മുഖേന കോടതിയിൽ അപേക്ഷ നൽകേണ്ടതുണ്ട്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് അത്തരം തീരുമാനമൊന്നും ഉണ്ടായിട്ടില്ല.

അതേസമയം, ഈ സർക്കാർ എല്ലാ കേസുകൾ പിൻവലിക്കാൻ ആലോചിച്ചിട്ടില്ലെന്നും കോംപൗണ്ട് ചെയ്യാനാവുന്നവ പിൻവലിക്കുന്നത് പരിശോധിക്കുമെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പത്രസമ്മേളനത്തിൽ പറഞ്ഞു.