കൊച്ചി: എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) തനിക്ക് നോട്ടീസ് അയച്ചതുമായി ബന്ധപ്പെട്ട് വരുന്ന വാർത്തകൾ വ്യാജമാണെന്നും വ്യാജ വാർത്തകൾക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്നും കിറ്റെക്സ് ഗ്രൂപ്പ് എം.ഡി സാബു എം. ജേക്കബ്. കേന്ദ്ര സർക്കാർ വിദേശ വിനിമയ ഇടപാടുകൾ കൂടുതൽ സുതാര്യമാക്കുന്നതിന്റെ ഭാഗമായി രാജ്യത്തെ ആയിരത്തിലധികം കയറ്റുമതിക്കാർക്ക് നൽകിയ സാധാരണ നോട്ടീസ് മാത്രമാണിതെന്ന് അദ്ദേഹം വ്യക്തമാക്കി. ഇഡിയുടെ പേര് പറഞ്ഞ് തന്നെ ബ്ലാക്ക് മെയിൽ ചെയ്യാൻ ശ്രമിക്കുന്നവർക്കെതിരെ നോട്ടീസ് അയക്കുമെന്നും അദ്ദേഹം അറിയിച്ചു.
വിദേശ വ്യാപാരം നടത്തുന്നവർക്ക് ഒന്നോ രണ്ടോ ഡോളറിന്റെ വിനിമയ വ്യത്യാസം വന്നാൽ റിസർവ് ബാങ്ക് നിശ്ചയിക്കുന്ന പിഴയല്ലാതെ ഇതിൽ അറസ്റ്റ് ചെയ്യാനോ തടവിലിടാനോ നിയമമില്ലെന്ന് സാബു എം. ജേക്കബ് പറഞ്ഞു. വിദേശ പണം ഇടപാടുകൾ നൂറു ശതമാനവും ഇന്ത്യയിൽ എത്തിയെന്ന് ഉറപ്പുവരുത്താൻ കേന്ദ്രം ആരംഭിച്ച നടപടിയുടെ ഭാഗമായി കേരളത്തിലെ നൂറോളം എക്സ്പോർട്ടർമാർക്കും സമാനമായ നോട്ടീസ് ലഭിച്ചിട്ടുണ്ട്. ഇത് കേവലം നിയമപരമായ ഒരു ട്രാൻസാക്ഷൻ മാത്രമാണെന്നും കള്ള ഡോക്യുമെന്റുകൾ ഉപയോഗിച്ച് ഒന്നും ചെയ്തിട്ടില്ലെന്നും അദ്ദേഹം വിശദീകരിച്ചു.
വ്യാജവാർത്ത നൽകിയ ചാനലിന് നാളെ പത്ത് മണിക്ക് മുൻപായി നോട്ടീസ് അയക്കുമെന്നും ടെലികാസ്റ്റിങ് മന്ത്രാലയത്തിന് പരാതി നൽകുമെന്നും അദ്ദേഹം പറഞ്ഞു. ഉദ്യോഗസ്ഥർ വിവരങ്ങൾ ചോർത്തി നൽകുന്നുണ്ടെങ്കിൽ അവർക്കെതിരെ നടപടി ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രാലയത്തെ സമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. താൻ ഒരു ഡോളറിന്റെ നിയമലംഘനമെങ്കിലും നടത്തിയെന്ന് തെളിയിച്ചാൽ കമ്പനി എഴുതിത്തരാമെന്നും എന്നാൽ വാർത്ത തെറ്റാണെന്ന് തെളിഞ്ഞാൽ ചാനൽ പൂട്ടാൻ ഉടമ തയ്യാറാണോ എന്നും അദ്ദേഹം വെല്ലുവിളിച്ചു.
കഴിഞ്ഞ മാസങ്ങളിൽ തന്റെ ഓഫീസിലെ സി.എഫ്.ഒ ഇഡി ഓഫീസിൽ പോയത് വിവരങ്ങൾ കൈമാറാനാണെന്ന് അദ്ദേഹം സ്ഥിരീകരിച്ചു. ജിഎസ്ടി, ഇൻകം ടാക്സ്, കസ്റ്റംസ് ഓഫീസുകളിൽ കൃത്യമായി രേഖകൾ ഹാജരാക്കാറുള്ളതുപോലെ ഇതിനെയും കണ്ടാൽ മതിയെന്നും വക്കീലിന്റെയോ ചാർട്ടേഡ് അക്കൗണ്ടന്റിന്റേയോ ആവശ്യമില്ലാത്ത സാധാരണ നടപടിയാണിതെന്നും അദ്ദേഹം വ്യക്തമാക്കി.
Content Highlights: Kitex Group MD Sabu M. Jacob clarifies ED notice is a standard procedure for export transactions, refutes blackmail claims.
Published: 27 Jan 2026, 04:02 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented