
കാസര്‍കോട്: ബ്രിട്ടനിലെ ചാള്‍സ് മൂന്നാമന്‍ രാജാവിന്റെ അസി. പ്രൈവറ്റ് സെക്രട്ടറി കാസര്‍കോട്ടുകാരി മുന ഷംസുദ്ദീന്‍. തളങ്കര തെരുവത്ത് ഹാഷിം സ്ട്രീറ്റിലെ പരേതനായ ഡോ. പുതിയപുരയില്‍ ഷംസുദ്ദീന്റെയും സെയ്ദുന്നിസ എന്ന ഷഹനാസിന്റെയും മകളാണ് മുന. ബ്രിട്ടീഷ് നയതന്ത്ര ഉദ്യോഗസ്ഥയായ ഇവര്‍ ലണ്ടനിലെ ഫോറിന്‍, കോമണ്‍വെല്‍ത്ത് ആന്‍ഡ് ഡിവലപ്‌മെന്റ് ഓഫീസില്‍ ജോലി ചെയ്യുമ്പോഴാണ് കഴിഞ്ഞവര്‍ഷം ചാള്‍സ് രാജാവിന്റെ അസി. പ്രൈവറ്റ് സെക്രട്ടറിയായി നിയമിതയായത്.
ബ്രിട്ടനിലെ നോട്ടിങ്ങാം സര്‍വകലാശാലയില്‍നിന്ന് മാത്തമാറ്റിക്‌സ് ആന്‍ഡ് എന്‍ജിനിയറിങ്ങില്‍ ബിരുദം നേടിയശേഷമാണ് മുന ബ്രിട്ടീഷ് വിദേശകാര്യ സര്‍വീസില്‍ ചേര്‍ന്നത്. ജറുസലേമില്‍ കോണ്‍സുലേറ്റ് ജനറലായും പാകിസ്താനിലെ കറാച്ചിയില്‍ ഡെപ്യൂട്ടി ഹെഡ് ഓഫ് മിഷന്‍ ആയും പ്രവര്‍ത്തിച്ചു. യു.എന്‍. ഉദ്യോഗസ്ഥനായ ഡേവിഡാണ് ഭര്‍ത്താവ്. ചാള്‍സ് രാജാവിന്റെ ഔദ്യോഗിക പരിപാടികളുടെ ചുമതല മുന ഉള്‍പ്പെടെയുള്ളവര്‍ക്കാണ്. രാജാവിനൊപ്പം വിദേശയാത്രകളിലും മറ്റും അനുഗമിക്കുകയും ചെയ്യണം.
കാസര്‍കോട്ടെ പ്രമുഖ അഭിഭാഷകനായിരുന്ന പരേതനായ അഡ്വ. പി. അഹ്‌മദിന്റെയും പരേതയായ സൈനബിയുടെയും മകനാണ് മുനയുടെ പിതാവായ ഡോ. ഷംസുദ്ദീന്‍. യു.എസിലും ബ്രിട്ടനിലും സൗദി അറേബ്യയിലും പ്രവര്‍ത്തിച്ചു. തിരികെ ബ്രിട്ടനിലെത്തിയശേഷം കുടുംബസമേതം ബര്‍മിങ്ങാമിലായിരുന്നു താമസം.
കുട്ടിക്കാലത്ത് മുന കുടുംബാംഗങ്ങളോടൊപ്പം എല്ലാ വര്‍ഷവും കാസര്‍കോട്ട് വന്നിരുന്നതായി ഡോ. ഷംസുദ്ദീന്റെ സഹോദരന്‍ അഡ്വ. പി. അബ്ദുള്‍ ഹമീദിന്റെ മകനും കാസര്‍കോട്ട് ബിസിനസുകാരനുമായ മുഹമ്മദ് സമീര്‍ പുതിയപുരയില്‍ 'മാതൃഭൂമി'യോട് പറഞ്ഞു. ഏറ്റവുമൊടുവില്‍ 10 വര്‍ഷം മുന്‍പാണ് വന്നത്. ഡോ. ഷംസുദ്ദീന്റെ സഹോദരങ്ങളും അവരുടെ മക്കളും വിവിധ രംഗങ്ങളിലായി പ്രശസ്തരാണ്.
Content Highlights: king charles asst private secretary muna shamsuddin from kasarkod
Published: 29 Nov 2024, 07:24 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented