കൊല്ലം: ചർച്ച വിലക്കുകയും അഡ്മിൻമാർക്കുമാത്രം സന്ദേശം അയയ്ക്കാവുന്ന രീതിയിലാക്കുകയും ചെയ്തതോടെ യൂത്ത് കോൺഗ്രസ് സംസ്ഥാന വാട്സാപ്പ് കൂട്ടായ്മ നിശ്ചലമായി. വിമർശനങ്ങളും മറുപടികളും വഴി കലുഷിതമായ ഗ്രൂപ്പിൽ, വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.55-നാണ് അവസാന സന്ദേശം വന്നത്. അഡ്മിൻ ഒൺലിയാക്കിയെങ്കിലും, അഡ്മിൻമാരായ യൂത്ത് കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി ശ്രാവൺറാവു, സെക്രട്ടറി പുഷ്പലത, സംഘടനാ ചുമതലയുള്ള സംസ്ഥാന ജനറൽ സെക്രട്ടറി ജോമോൻ ജോസ് എന്നിവർപോലും പിന്നീട് ഒരു മെസേജും അയച്ചിട്ടില്ല.

To advertise here,

രാഹുൽ ഗാന്ധി നയിക്കുന്ന വോട്ട്‌ അധികാർ യാത്രയുമായി ബന്ധപ്പെട്ട പോസ്റ്റുകൾപോലും വന്നിട്ടില്ല. ആകെ ശോകമൂകമാണിപ്പോൾ വാട്സാപ്പ് കൂട്ടായ്മ.

യുവതികളുടെ വെളിപ്പെടുത്തലിനെ തുടർന്ന് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ വിവാദത്തിലായ ആദ്യ മണിക്കൂറുകളിൽ നിശ്ശബ്ദമായിരുന്ന സംസ്ഥാന ഗ്രൂപ്പിനെ സംസ്ഥാന ജനറൽ സെക്രട്ടറി ആർ.വി. സ്നേഹയുടെ ശബ്ദസന്ദേശമാണ് കലുഷിതമാക്കിയത്. വിവാദം സംബന്ധിച്ച് കൃത്യമായ ഉത്തരം കിട്ടണമെന്ന സ്നേഹയുടെ സന്ദേശത്തിനു പിന്നാലെ ‘രാഹുൽ മൗനം വെടിയണ’മെന്നാവശ്യപ്പെട്ട് സംസ്ഥാന വൈസ് പ്രസിഡന്റ് വിഷ്ണു സുനിൽ പന്തളവും സംസ്ഥാന ജനറൽ സെക്രട്ടറി ദുൽഖിഫിറും രംഗത്തെത്തിയതോടെ സംസ്ഥാന ഭാരവാഹികൾ ചേരിതിരിഞ്ഞ് ഗ്രൂപ്പിൽ വലിയ ബഹളമായി. ഒടുവിൽ ദേശീയനേതൃത്വം ഇടപെട്ട് ഗ്രൂപ്പ്തന്നെ പൂട്ടുകയായിരുന്നു.

അതേസമയം രാഹുൽ വിരുദ്ധർ, ചർച്ചകൾ ജില്ലാ ഗ്രൂപ്പുകളിലേക്ക് മാറ്റിയിട്ടുണ്ട്. 190 അംഗങ്ങളുള്ള സംസ്ഥാന വാട്സാപ്പ് ഗ്രൂപ്പിലെ നേതാക്കൾ അനൗദ്യോഗിക ഗ്രൂപ്പുകളുണ്ടാക്കി വിമർശനത്തിന്റെ ശക്തി കൂട്ടിയിരിക്കുകയാണ്. എറണാകുളം ജില്ല കേന്ദ്രീകരിച്ച്, രാഹുലിനുനേരേ ഉയർന്ന രൂക്ഷവിമർശനങ്ങൾ പ്രതിരോധിക്കാനായി മറുവിഭാഗവും രംഗത്തെത്തിയിട്ടുണ്ട്.

രാഹുലിന്റെ പെരുമാറ്റദൂഷ്യംമൂലം രണ്ടു പെൺകുട്ടികൾ കെഎസ്‌യു വിട്ടതായി, എറണാകുളം ജില്ലയിലെ യൂത്ത് കോൺഗ്രസ് ഭാരവാഹികളുടെ വാട്സാപ്പ് ഗ്രൂപ്പിൽ, ഒരു ജില്ലാ സെക്രട്ടറിതന്നെ സന്ദേശമിട്ടു. ഇതോടെ എറണാകുളം ജില്ലാ യൂത്ത് കോൺഗ്രസ് വാട്സാപ്പ് ഗ്രൂപ്പും ‘അഡ്മിൻ ഒൺലി’യാക്കി മാറ്റി.

രാഹുലിനെ കോണ്‍ഗ്രസിലെ മുതിര്‍ന്നനേതാക്കളെല്ലാം കൈവിട്ടിരിക്കുകയാണ്. ഞായറാഴ്ച വനിതാനേതാക്കളും പരസ്യമായി രംഗത്തെത്തിയതോടെ എംഎല്‍എ സ്ഥാനം രാജിവെക്കാന്‍ രാഹുലിനുമേല്‍ സമ്മര്‍ദമേറി. രാജിയുണ്ടായില്ലെങ്കില്‍ അച്ചടക്കനടപടിക്കുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.

രാഹുല്‍ ഒരുനിമിഷംമുന്‍പ് രാജിവെച്ചാല്‍ അത്രയുംനല്ലതെന്ന് ഉമാ തോമസ് എംഎല്‍എയും മുഖ്യധാരാരാഷ്ട്രീയത്തില്‍നിന്ന് മാറിനില്‍ക്കണമെന്ന് ഷാനിമോള്‍ ഉസ്മാനും പറഞ്ഞു. പരാതികള്‍ പാര്‍ട്ടിയുടെ പ്രതിച്ഛായയെ ബാധിക്കുമെന്ന് പ്രവര്‍ത്തകസമിതിയംഗം രമേശ് ചെന്നിത്തല വ്യക്തമാക്കിയപ്പോള്‍ അടിയന്തരമായി രാജിവെക്കണമെന്നായിരുന്നു വി.എം. സുധീരന്റെ ആവശ്യം. പ്രതിപക്ഷനേതാവ് വി.ഡി. സതീശനും കടുത്ത എതിര്‍പ്പിലാണ്. ഉചിതമായ സമയത്ത് ഉചിതമായ തീരുമാനമുണ്ടാകുമെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫും വ്യക്തമാക്കി.

സംസ്ഥാനത്തുതന്നെ തീരുമാനമെടുക്കാനാണ് ഹൈക്കമാന്‍ഡ് നിര്‍ദേശം. അതിനാല്‍, രാഷ്ട്രീയകാര്യസമിതിയില്‍പ്പെട്ട നേതാക്കള്‍ തമ്മിലാണ് കൂടിയാലോചന. തിങ്കളാഴ്ചയോടെ വ്യക്തമായ നിലപാടെടുക്കാനാണ് ശ്രമം.

രാഹുല്‍ രാജിവെച്ചാല്‍ പാലക്കാട് ഉപതിരഞ്ഞെടുപ്പിനുള്ള സാധ്യതയെക്കുറിച്ച് കോണ്‍ഗ്രസ് നിയമോപദേശം തേടിയിരുന്നു. ഉപതിരഞ്ഞെടുപ്പുവന്നാല്‍ ബിജെപിക്ക് ഗുണകരമാകുമോയെന്ന ആശങ്കയുമുണ്ട്. ഇക്കാരണങ്ങളാലാണ് തിടുക്കപ്പെട്ട് രാജിവേണ്ടെന്ന് ഒരുവിഭാഗത്തിന്റെ വാദം.