ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് സി.ബി.ഐ. കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങൾ. 'ഫിഫ വേൾഡ് കപ്പ് 2026' എന്ന വാട്‌സാപ്പ് ഗ്രൂപ്പ് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് കേസിൽ നിർണായകമായത്. ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട പ്രധാന പ്രതികളായ പി.വി. കുൽക്കർണിയേയും മനീഷ മന്ദാരെയേയെും കേന്ദ്രീകരിച്ച് അന്വേഷണം നടത്താൻ സി.ബി.ഐക്ക് സഹായകമായത് ഈ ഗ്രൂപ്പായിരുന്നു.

To advertise here,

പുണെ സ്വദേശിയായ മനീഷ മന്ദാരെ വിദ്യാർഥികൾക്കായി നടത്തിയ പ്രത്യേക ബയോളജി ക്ലാസുകളുടെ സമയക്രമവും വിവരങ്ങളും പങ്കുവെക്കാനെന്ന പേരിലാണ് 'ഫിഫ വേൾഡ് കപ്പ് 2026' എന്ന ഈ ഗ്രൂപ്പുണ്ടാക്കിയത്. നീറ്റ് പരീക്ഷയ്ക്കുശേഷം ചോദ്യപേപ്പർ മൂല്യനിർണയം നടത്തുന്നതിനും വിദ്യാർഥികളുടെ മാർക്ക് കണക്കുകൂട്ടുന്നതിനും വേണ്ടിയാണ് ഗ്രൂപ്പ് രൂപവത്കരിച്ചതെന്ന് സി.ബി.ഐ. വെളിപ്പെടുത്തി.

2025 നവംബറിൽ രൂപവത്കരിച്ച ഈ ഗ്രൂപ്പിൽ എട്ടുപേരെയാണ് ചേർത്തത്. കേസിൽ ഇടനിലക്കാരിയായി പ്രവർത്തിച്ച ബ്യൂട്ടീഷ്യൻ മനീഷ വാഗ്മറെയാണ് നീറ്റ് വിദ്യാർഥികളെ കണ്ടെത്തി ഗ്രൂപ്പിലേക്ക് ചേർത്തത്. നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻ.ടി.എ.) വിവർത്തനത്തിനും പ്രൂഫ് റീഡിങ്ങിനും വേണ്ടി നിയോഗിച്ച കെമിസ്ട്രി, ബയോളജി വിഷയങ്ങളിലെ വിദഗ്ധരായ കുൽക്കർണി, മന്ദാരെ എന്നിവരുടെ ക്ലാസുകൾ നൽകുമെന്ന് വാഗ്ദാനം ചെയ്താണ് കുട്ടികളെ ഗ്രൂപ്പുകളിലെത്തിച്ചത്. ഇതുകൂടാതെ കെമിസ്ട്രി ക്ലാസുകൾക്കായി ‘NEET 2026’ എന്ന പേരിൽ വേറെ ഒരു ഗ്രൂപ്പു കൂടിയുണ്ടായിരുന്നു.

തുടർന്ന് ഗ്രൂപ്പുകളിലൂടെ വിവരങ്ങൾ കൈമാറിയ ശേഷം കുട്ടികളെ കുൽക്കർണിയുടേയും മന്ദാരെയുടേയും വീടുകളിലെത്തിച്ച് ക്ലാസുകൾ നടത്തി. മനീഷ വാഗ്മറെയാണ് ഇതിന് ഇടനില നിന്നത്. 

ബയോളജി ക്ലാസുകളിൽവെച്ച് വിദ്യാർഥികളോട് പ്ലസ്‌വൺ, പ്ലസ്ടു ക്ലാസുകളിലെ പുതിയ എൻ.സി.ഇ.ആർ.ടി. ബയോളജി പാഠപുസ്തകങ്ങളിൽ ചില പ്രത്യേക ഖണ്ഡികകൾ അടയാളപ്പെടുത്താനും ചോദ്യങ്ങൾ പുസ്തകത്തിന്റെ മാർജിനിൽ കുറിച്ചെടുക്കാനും ആവശ്യപ്പെട്ടു. പിന്നീട് വിദ്യാർഥികൾ നോട്ട്ബുക്കിലേക്ക് പകർത്തിയ ചോദ്യങ്ങൾ മന്ദാരെ സ്വയം പരിശോധിച്ചശേഷം തിരുത്തലുകൾ വരുത്തി. പരീക്ഷയ്ക്കുമുന്നേ ഇരു വാട്‌സാപ്പ് ഗ്രൂപ്പുകളിലൂടെയും ചോദ്യങ്ങളും ലിങ്കുകളും പങ്കുവെച്ചിരുന്നു.

പരീക്ഷയ്ക്ക് ചോദിക്കാനിടയുള്ള ചോദ്യങ്ങളെന്നു പറഞ്ഞ് 2025 നവംബർ-ഡിസംബർ മാസങ്ങളിലും 2026 മാർച്ച് - ഏപ്രിൽ മാസങ്ങളിലുമായിരുന്നു ക്ലാസുകൾ. മന്ദാരെ ബയോളജിയും കുൽക്കർണി കെമിസ്ട്രിയുമാണ് പഠിപ്പിച്ചിരുന്നത്. പരീക്ഷയ്ക്കുശേഷം ഇരുവരും ഗ്രൂപ്പുകളിലൂടെ പങ്കുവെച്ച ചോദ്യങ്ങളും വിവരങ്ങളും യഥാർഥ നീറ്റ് ചോദ്യപേപ്പറുമായി ഒത്തുപോയതായി വിദ്യാർഥികൾ മൊഴിനൽകി.

ചോദ്യപേപ്പർ ലഭ്യമാക്കുന്നതിനായി ഒരു വിദ്യാർഥിയിൽനിന്ന് നാലുലക്ഷം രൂപവരെ ഈടാക്കിയിരുന്നതായാണ് വിവരം. പരീക്ഷയ്ക്ക് തൊട്ടുമുമ്പ് ഫിസിക്‌സ് ചോദ്യങ്ങൾ വാട്സാപ്പിലൂടെ അയച്ചുനൽകിയതിന് അധിക തുകയും വാങ്ങിയിരുന്നു. ഫിസിക്‌സിന്റെ 66 ചോദ്യങ്ങൾ ഇത്തരത്തിൽ ചോർത്തി നൽകിയിട്ടുണ്ടെന്നാണ് വിവരങ്ങൾ. സംഭവത്തിൽ എൻ.ടി.എ. വിദഗ്ധരായ മൂന്ന് പേർക്ക് പുറമേ കോച്ചിങ് സെന്റർ അധ്യാപകരും ഉടമകളുമടക്കം ആകെ 13 പേരെയാണ് സി.ബി.ഐ. പ്രതി ചേർത്തത്.