
കൊല്ലം:സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളും ജില്ലാ സെക്രട്ടറിമാരും അടങ്ങിയ വാട്സാപ്പ് ഗ്രൂപ്പിൽ പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന സെക്രട്ടറി കെ.ഇ.എൻ. കുഞ്ഞഹമ്മദിനെ രൂക്ഷമായി വിമർശിച്ചു പോസ്റ്റിട്ടത് വിവാദമായി. വാദപ്രതിവാദം അതിരു കടന്നപ്പോൾ ഇൻസൈഡേഴ്സ് എന്ന ഗ്രൂപ്പ് പൂട്ടി, അഡ്മിൻ ഒൺലിയാക്കി മാറ്റി.
ഡി.വൈ.എഫ്.ഐ. കോഴിക്കോട് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി കെ.ഇ.എൻ. പങ്കെടുക്കുന്ന വന്ദേമാതരം ചരിത്രവും വർത്തമാനവും എന്ന സെമിനാറിന്റെ അറിയിപ്പിനു താഴെയാണ് അദ്ദേഹത്തെ സംശയമുനമ്പിൽ നിർത്തുന്ന അതിരൂക്ഷമായ വിമർശനം പോസ്റ്റ് ചെയ്തത്. കെ.ഇ.എന്നിനെല്ലാം നമ്മൾ എന്തിനാണ് ഇടം കൊടുക്കുന്നത്. സംഘടനയും സഖാക്കളും പണിയെടുത്ത് ഇയാൾക്ക് കേൾവിക്കാരെ ഉണ്ടാക്കിക്കൊടുക്കണോ. ഇയാളൊക്കെ തിരിഞ്ഞുകൊത്തും എന്നായിരുന്നു വിമർശനം. പാർട്ടിസാൻ എന്ന പ്രൊഫൈലിൽനിന്നാണ് വിമർശനം വന്നത്. ഇതിനു താഴെ എതിർത്തും അനുകൂലിച്ചും കമന്റുകൾ നിറഞ്ഞു. കെ.ഇ.എന്നിന് എതിരായ പരാമർശത്തെ രൂക്ഷമായി വിമർശിച്ച് ഡി.വൈ.എഫ്.ഐ. നേതാവ് വസീഫ് അടക്കമുള്ളവർ കുറിപ്പുകൾ ഇട്ടു.
‘ജനാധിപത്യത്തിന്റെ അകത്തളങ്ങളിലും ആർ.എസ്.എസ്.കളി തുടങ്ങിയോ’ എന്ന കുറിപ്പോടെ, തന്നെ വിമർശിച്ച പോസ്റ്റിന്റെ സ്ക്രീൻഷോട്ട് കെ.ഇ.എൻ. കുഞ്ഞഹമ്മദും സാമൂഹികമാധ്യമത്തിൽ പങ്കുവെച്ചു. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും സാമൂഹികമാധ്യമങ്ങളിൽ കുറിപ്പുകൾ വ്യാപകമായതോടെ വാട്സാപ്പ് ഗ്രൂപ്പിന്റെ തലവൻമാർക്ക് തലവേദനയായി. കമന്റുകളിൽ വർഗീയ പരാമർശം നിറഞ്ഞതാണ് കാരണം. ഒടുവിൽ ചൊവ്വാഴ്ച രാത്രി ഗ്രൂപ്പ് അഡ്മിനായ സി.പി.എം. അനുകൂല മാധ്യമപ്രവർത്തകൻ വാട്സാപ്പ് ഗ്രൂപ്പിലെ ചർച്ച വിലക്കുകയായിരുന്നു.
നിയമസഭാ തിരഞ്ഞെടുപ്പിനു തൊട്ടുമുൻപ് തുടങ്ങിയ വാട്സാപ്പ് ഗ്രൂപ്പിൽ സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളും അഞ്ച് ജില്ലാ സെക്രട്ടറിമാരും ഡി.വൈ.എഫ്.ഐ. സംസ്ഥാന നേതാക്കളും പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ പ്രൈവറ്റ് സെക്രട്ടറിയും മുതിർന്ന മാധ്യമപ്രവർത്തകരും അടക്കം 462 അംഗങ്ങളുണ്ടായിരുന്നു. ‘നിർണായകഘട്ടമാണല്ലോ. പറയേണ്ടത് പറയുകയും അടിക്കേണ്ടിടത്ത് അടിക്കുകയും ചെയ്തേ മതിയാകൂ. അത് എങ്ങനെ, എവിടെ, എന്തെല്ലാം എന്ന് പരസ്പരം അറിഞ്ഞ് ചെയ്യാനുള്ള വേദി’ എന്ന കുറിപ്പോടെയാണ് വാട്സാപ്പ് ഗ്രൂപ്പ് ആരംഭിച്ചത്.
Content Highlights: Internal dispute within a CPM-affiliated WhatsApp group involving senior leaders., Sharp criticism directed at K.E.N. Kunhahammed regarding his participation in a DYFI seminar., Social media backlash led to the group being restricted to 'admin only'., The group, formed before the assembly elections, includes high-ranking party officials and journalists.
Published: 11 Jun 2026, 07:57 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented