എടത്വാ: മാലിന്യക്കൊട്ടയിൽ കളഞ്ഞ കാരുണ്യ ലോട്ടറി ടിക്കറ്റിന് ഒന്നാം സമ്മാനമായി ഒരുകോടി രൂപ നേടി കുഞ്ഞ് അച്ചാമ്മയ്ക്ക് ഇരട്ടഭാഗ്യം. സമ്മാനാർഹമായ ടിക്കറ്റിനൊപ്പം എടുത്ത മറ്റൊരു ടിക്കറ്റിന് പ്രോത്സാഹന സമ്മാനമായി 5,000 രൂപയും ലഭിച്ചു. കൊച്ചമ്മനം ജങ്ഷനു സമീപം പെട്ടിക്കട നടത്തുന്ന തലവടി പഞ്ചായത്ത് 15-ാം വാർഡിൽ മംഗലത്ത് കുഞ്ഞ് അച്ചാമ്മയെയാണ് ഇരട്ടഭാഗ്യം തേടിയെത്തിയത്.
തലവടി സ്വദേശിതന്നെയായ കോതപ്പുഴശ്ശേരി ജോർജുകുട്ടി വിറ്റ കാരുണ്യ ഭാഗ്യക്കുറിയുടെ രണ്ടു ടിക്കറ്റ് കുഞ്ഞ് അച്ചാമ്മ വാങ്ങിയിരുന്നു. വ്യാഴാഴ്ചത്തെ ഫലപ്രഖ്യാപനത്തിനുശേഷം ടിക്കറ്റിന്റെ നമ്പർ കുഞ്ഞ് അച്ചാമ്മ പരിശോധിച്ചെങ്കിലും 5,000 രൂപയുടെ പ്രോത്സാഹന സമ്മാനം മാത്രമാണ് ശ്രദ്ധയിൽപ്പെട്ടത്. ഒന്നാം സമ്മാനത്തിന് അർഹമായ ടിക്കറ്റ് കളഞ്ഞിരുന്നു.
ഒന്നാം സമ്മാനം അടിച്ച വിവരം കുഞ്ഞ് അച്ചാമ്മയുടെ സഹോദരൻ അറിയിച്ചതിനെത്തുടർന്ന്, രാത്രിയിൽ ഇരുവരും കടയിലെത്തി ലോട്ടറി ടിക്കറ്റ് തപ്പി വേസ്റ്റ് ബോക്സിൽനിന്ന് കണ്ടെത്തുകയായിരുന്നു. അമ്പലപ്പുഴ-തിരുവല്ല സംസ്ഥാനപാതയിൽ കൊച്ചമ്മനം ജങ്ഷനു സമീപം ചെറുകിട കച്ചവടം നടത്തിയാണ് കുഞ്ഞ് അച്ചാമ്മ ഉപജീവനം തേടിയിരുന്നത്. പെസഹദിനത്തിൽ ഭാഗ്യദേവത കടാക്ഷിച്ചതോടെ ഇരട്ടി സന്തോഷത്തിലാണ് കുഞ്ഞ് അച്ചാമ്മ.
Published: 05 Apr 2026, 08:11 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented