ആലപ്പുഴ: സംസ്ഥാനത്ത് സാമൂഹിക ക്ഷേമപെൻഷൻ ഗുണഭോക്താക്കളുടെ എണ്ണം കുറയും. വെള്ളിയാഴ്ച തുടങ്ങിയ മസ്റ്ററിങ് പൂർത്തിയായശേഷം കർശനപരിശോധനയിലൂടെ അനർഹരെ ഒഴിവാക്കാനാണു നീക്കം.
നിലവിൽ 66.22 ലക്ഷം ഗുണഭോക്താക്കളാണുള്ളത്. സാമൂഹികസുരക്ഷാ പെൻഷൻ വാങ്ങുന്ന 51.87 ലക്ഷം പേരും ക്ഷേമനിധി ബോർഡുകളിൽനിന്നു പെൻഷൻ ലഭിക്കുന്ന 14.35 ലക്ഷം പേരുമുൾപ്പെടെയാണിത്. ഇത്രയധികം പേർക്ക് യു.ഡി.എഫ്. സർക്കാർ പ്രഖ്യാപിച്ച 3,000 രൂപവീതം പെൻഷൻ നൽകണമെങ്കിൽ മാസംതോറും 1,986 കോടി രൂപ വേണം. നിലവിൽ 2,000 രൂപയാണ് പെൻഷൻ.
അനർഹരെ ഒഴിവാക്കി വർധിപ്പിച്ച പെൻഷന്റെ സാമ്പത്തിക ബാധ്യത കുറച്ചുകൊണ്ടുവരാനാണു സർക്കാർ ശ്രമം. എല്ലാ വർഷവും മസ്റ്ററിങ് കഴിയുന്നതോടെ മരിച്ചവർ ഒഴിവാക്കപ്പെടാറുണ്ട്. എന്നാൽ, പുതുതായി പെൻഷന് അപേക്ഷിക്കുന്നവർ അതിൽക്കൂടുതലാണ്. പ്രാദേശിക നേതാക്കളുടെ ഇടപെടലുകളടക്കം ഇതിനു കാരണമാകാറുണ്ട്. ഇത്തരത്തിൽ അനർഹമായി കടന്നുകൂടിയവരെ പൂർണമായി ഒഴിവാക്കും. പുതിയ അപേക്ഷകൾക്ക് അംഗീകാരം നൽകുന്നതിനുമുൻപും പരിശോധന കർശനമാക്കും.
കുടുംബ വാർഷികവരുമാനം ലക്ഷം രൂപയിൽ കൂടുതലുള്ളവർ, ഒരേക്കറിൽ കൂടുതൽ ഭൂമിയുള്ളവർ, ആദായനികുതി നൽകുന്നവർ, 1,000 സി.സി. വാഹനമുള്ളവർ, മറ്റു പെൻഷൻ വാങ്ങുന്നവർ തുടങ്ങിയവർ നിലവിൽ ക്ഷേമപെൻഷന് അർഹരല്ല. എന്നാൽ, വരുമാനപരിധി കുറച്ചുകാണിച്ചും വിദേശത്തു ജോലിയുള്ളവരുടെ വിവരം മറച്ചുവെച്ചും ഒട്ടേറെപ്പേർ പെൻഷൻ വാങ്ങുന്നുണ്ട്. അർഹരായവർ ഒഴിവാക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കാനായി മാനദണ്ഡങ്ങളിലും പരിഷ്കരണമുണ്ടാകും.
സാങ്കേതികത്തകരാർ: മസ്റ്ററിങ് മണിക്കൂറുകളോളം മുടങ്ങി
: ജീവൻരേഖാ പോർട്ടലിലുണ്ടായ തകരാർ കാരണം ക്ഷേമപെൻഷൻ മസ്റ്ററിങ് ആദ്യദിവസം മണിക്കൂറുകളോളം മുടങ്ങി. സംസ്ഥാന ഡേറ്റാ സെന്ററിലുണ്ടായ സാങ്കേതിക പ്രശ്നമാണു കാരണം.
രാവിലെ മസ്റ്ററിങ് തുടങ്ങിയപ്പോൾത്തന്നെ പ്രശ്നങ്ങൾ തുടങ്ങിയതിനാൽ ഓരോ അക്ഷയകേന്ദ്രത്തിലും പോർട്ടലിൽ പ്രവേശിക്കുന്ന ജീവനക്കാരുടെ എണ്ണം രണ്ടായി നിജപ്പെടുത്താൻ നിർദേശിച്ചു. എന്നിട്ടും പ്രശ്നം പരിഹരിക്കാനായില്ല. മസ്റ്ററിങ്ങിനു പുറമേ മറ്റുസേവനങ്ങളും തടസ്സപ്പെട്ടു. സെപ്റ്റംബർ 30 വരെ മസ്റ്ററിങ്ങിനു സമയമുള്ളതിനാൽ തിരക്കുകൂട്ടേണ്ടെന്നാണ് അധികൃതർ പറയുന്നത്.
Content Highlights: Government initiates mandatory mustering for 66.22 lakh pension beneficiaries in 2026., Strict verification process aims to remove ineligible individuals to reduce the 1,986 crore monthly financial burden., New criteria exclude those with high annual income, land ownership over one acre, or tax-paying status., Technical glitches in the Jeevan Rekha portal caused initial delays during the mustering process., Mustering deadline is set for September 30, 2026.
Published: 18 Jul 2026, 08:20 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented