തിരുവനന്തപുരം: വടക്കൻ കേരളത്തിൽ ഇന്ന് (വെള്ളി) അതിതീവ്ര മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് നാല് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ് അലർട്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ ഇന്ന് മഞ്ഞ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

To advertise here,

നാളെ (ശനി) പത്ത് ജില്ലകളിൽ മഞ്ഞ അലർട്ടാണ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് മഞ്ഞ അലർട്ട്. മലയോര മേഖലകളിൽ മണ്ണിടിച്ചിലിനും ഉരുൾപൊട്ടലിനുമുള്ള സാധ്യത നിലനിൽക്കുന്നതിനാൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഇത്തരം മേഖലകളിലൂടെയുള്ള രാത്രിയാത്ര പാടില്ലെന്നും നിർദേശമുണ്ട്.

കനത്ത മഴയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് എട്ട് ജില്ലകളിലാണ് ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചത്. പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, കണ്ണൂർ, കാസർകോട്, വയനാട് ജില്ലകളിൽ കഴിഞ്ഞദിവസവും തൃശ്ശൂർ, എറണാകുളം ജില്ലകളിൽ ഇന്ന് രാവിലേയുമാണ് അവധി പ്രഖ്യാപിച്ചത്.