ആലപ്പുഴ: വിനോദസഞ്ചാരമേഖലയുടെ വികസനവും ചരക്കുനീക്കം സുഗമമാക്കാനും ലക്ഷ്യമിട്ട് തുടങ്ങിയ തെക്കു-വടക്ക് ജലപാതയുടെ പണി പൂർത്തിയായില്ല. 590 കിലോമീറ്ററാണു നീളം. 520 കിലോമീറ്ററിലെ പണി തീർന്നെങ്കിലും ബാക്കിയിടങ്ങളിൽ വൈകുകയാണ്. സ്ഥലമേറ്റെടുപ്പിലെയും കേന്ദ്രാനുമതി കിട്ടുന്നതിലെയും കാലവിളംബമാണ് പ്രധാന കാരണം. ഈ സാഹചര്യത്തിൽ, ഈ സർക്കാരിന്റെ കാലത്ത് പാത പൂർത്തിയാകാനിടയില്ല.
കോവളം മുതൽ ബേക്കൽ വരെയാണ് ജലപാതയായി വികസിപ്പിക്കുന്നത്. എൽ.ഡി.എഫ്. പ്രകടനപത്രികയിലെ വാഗ്ദാനമായിരുന്നു ഇത്. പാതയിൽ കൊല്ലം മുതൽ കോഴിക്കോടു വരെയുള്ള ഭാഗം ദേശീയ ജലപാതയായി അംഗീകരിച്ചിരുന്നു. എന്നാൽ, പണി പൂർത്തിയായത് കൊല്ലം മുതൽ തൃശ്ശൂർ കോട്ടപ്പുറം വരെ മാത്രം. കോട്ടപ്പുറം-കോഴിക്കോട് പാതയ്ക്ക് കേന്ദ്രം അംഗീകാരം നൽകിയിട്ടില്ല.
കോഴിക്കോട്ടെ കല്ലായി മുതൽ എരഞ്ഞിക്കൽവരെ കനോലി കനാൽ വികസനത്തിനു 1,118 കോടി രൂപ കിഫ്ബി അനുവദിച്ചെങ്കിലും വിശദ പദ്ധതി രേഖ (ഡി.പി.ആർ) തയ്യാറാകുന്നതേയുള്ളൂ. എരഞ്ഞിക്കൽ മുതൽ വടകര വരെ നിർമാണം പുരോഗമിക്കുന്നുണ്ട്.
വടകര-മാഹി ഭാഗം 17.6 കിലോമീറ്ററാണ്. ഇതിൽ 13.38 കിലോമീറ്ററിൽ പണി തീർന്നു. എന്നാൽ, മാഹി-വളപട്ടണം ഭാഗത്ത് സ്ഥലമേറ്റെടുക്കൽ തുടങ്ങിയതേയുള്ളൂ. കാസർകോട് ജില്ലയിൽ കൊറ്റി മുതൽ നീലേശ്വരം കോട്ടപ്പുറം വരെയുള്ള 22.63 കിലോമീറ്റർ സഞ്ചാരയോഗ്യമാണ്. കോട്ടപ്പുറം മുതൽ ബേക്കലിനു സമീപം ചിത്താരി വരെ (21.93 കിലോമീറ്റർ) നീട്ടുന്നതിന് പദ്ധതി തയ്യാറാക്കി വരുന്നതേയുള്ളൂ.
എങ്കിലും, പദ്ധതിയുടെ ഗുണം കേരളത്തിനു കിട്ടുമെന്ന് പ്രഖ്യാപിക്കാൻ സർക്കാർ ഒരുങ്ങുകയാണ്. തിരുവനന്തപുരത്തെ ആക്കുളം മുതൽ തൃശ്ശൂരിലെ ചേറ്റുവ വരെ(225 കിലോമീറ്റർ)യുള്ള പാതയുടെ ഉദ്ഘാടനം ഈ മാസാവസാനം നടത്തും.
40 മീറ്റർ വീതിയും 2.2 മീറ്റർ ആഴത്തിലുമാണ് ജലപാത നിർമിക്കുന്നത്. സംസ്ഥാന സർക്കാർ കിഫ്ബി വഴി ഇതിനായി 2,556 കോടി രൂപ നീക്കിവെച്ചിട്ടുണ്ട്. സ്ഥലമേറ്റെടുക്കൽ, കനാൽ വീതികൂട്ടൽ എന്നിവയ്ക്കാണ് ഈ തുക വിനിയോഗിക്കുക.
Published: 17 Feb 2026, 07:22 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented