സിണ്ടിക്കേറ്റിനും സെനറ്റിനുമെല്ലാം അധികാരം യോഗം കൂടുമ്പോള്‍ മാത്രം. വി.സിക്ക് എപ്പോഴും അധികാരമുണ്ട്. ഭാരതാംബാ ചിത്രവിവാദത്തില്‍ കേരള സര്‍വകലാശാല രജിസ്ട്രാര്‍ ഡോ.കെ.എസ്. അനില്‍കുമാറിനെ സസ്‌പെന്‍ഡ് ചെയ്ത വൈസ് ചാന്‍സിലര്‍ ഡോ. മോഹനന്‍കുന്നുമ്മലിന്റെ നടപടി വിവാദമാകുകയും നടപടിക്കെതിരെ എസ് എഫ് ഐയും ഡിവൈഎഫ്‌ഐയും പ്രതിഷേധവുമായി രംഗത്തിറങ്ങുകയും എസ് എഫ് ഐ രാജ്ഭവനിലേക്ക് മാര്‍ച്ച് നടത്തുകയും ചെയ്തു. പ്രതിഷേധങ്ങള്‍ക്കും വിവാദങ്ങള്‍ക്കുമിടയില്‍ വി.സി ഡോ. മോഹനന്‍ കുന്നുമ്മല്‍  സെന്റ് പീറ്റേഴ്‌സ് ബര്‍ഗ്ഗില്‍ റേഡിയോളജി അന്തര്‍ദ്ദേശീയ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ റഷ്യയിലേക്ക് വിമാനം കയറി. യാത്രക്ക് തൊട്ടു മുന്‍പ്  വിമാനത്താവളത്തില്‍ വെച്ച് മാതൃഭൂമി ലേഖകന്‍ പ്രദീപ് പയ്യോളിക്ക് ഡോ. മോഹനന്‍ കുന്നുമ്മല്‍ നല്‍കിയ അഭിമുഖം:

To advertise here,

ഭാരതാംബാ ചിത്രവിവാദവും റജിസ്ട്രാറുടെ സസ്‌പെന്‍ഷനും പ്രതിഷേധ കൊടുങ്കാറ്റുയര്‍ത്തുന്നതിനിടയില്‍ താങ്കളെന്തിനാണ് വിദേശത്തേക്ക് പോകുന്നത്?

റഷ്യയിയിലെ സെന്റ് പീറ്റേഴ്‌സ് ബര്‍ഗ്ഗില്‍ റേഡിയോളജി അന്തര്‍ദ്ദേശീയ സമ്മേളനത്തില്‍ സ്തനാര്‍ബുദത്തെ കുറിച്ച് പ്രഭാഷണം നടത്താനാണ് പോകുന്നത്. ഇന്ത്യന്‍ റോഡിയോളജിക്കല്‍ ആന്‍ഡ് ഇമേജിങ് അസോസിയേഷന്‍ മുന്‍ ദേശീയ പ്രസിഡന്റ് എന്ന നിലയിലാണ് ക്ഷണം. പ്രസിഡന്റായപ്പോള്‍ റഷ്യയിലെ റേഡിയോളജി സംഘടനാ നേതാക്കളെ ഇന്ത്യയിലേക്കും ക്ഷണിച്ചിരുന്നു. ജൂലായ് എട്ടിന് തിരിച്ചെത്തും.

കേരള സര്‍വകലാശാല രജിസ്ട്രാര്‍ ഡോ.കെ.എസ്.അനില്‍കുമാറിനെ സസ്‌പെന്‍ഡ് ചെയ്ത നടപടി തെറ്റായിപ്പോയി എന്നു തോന്നുന്നുണ്ടോ?

മതപരമല്ലെന്നും ചടങ്ങ് തടയരുതെന്നുംപറഞ്ഞിട്ടും രജിസ്ട്രാര്‍ അനുസരിച്ചില്ല. ഗവര്‍ണര്‍ വേദിയിലുള്ളപ്പോള്‍ ജനഗണമന ചൊല്ലുന്നതിനിടയില്‍ പരിപാടി റദ്ദുചെയ്തുവെന്ന് തന്റെ അനുവാദമില്ലാതെയും അറിയിക്കാതെയും റജിസ്ട്രാര്‍ രാജ്ഭവനിലേക്ക് മെയിലയപ്പിച്ചത് രജിസ്ട്രാര്‍ ഗവര്‍ണറോടു കാട്ടിയ അനാദരമാണെന്ന് ഞാന്‍ ഇപ്പോഴും ഉറപ്പിച്ചു പറയുന്നു. ഇതിനെതിരെയാണ് സസ്‌പെന്‍ഷന്‍ നടപടി.

റജിസ്ട്രാറുടെ മറ്റേതെങ്കിലും നടപടി താങ്കളെ പ്രകോപിപ്പിച്ചിട്ടുണ്ടോ?

സെനറ്റ് ഹാളില്‍ നടന്നത് സ്വകാര്യ ചടങ്ങാണ്. 65,000 രൂപയ്ക്ക് വാടകക്കാണ് സംഘാടകര്‍ ഹാള്‍ ബുക്ക് ചെയ്തത്. ഭാരതാംബായുടെ ചിത്രം സ്റ്റേജില്‍ വെച്ചിട്ടുണ്ടെന്ന് രജിസ്ട്രാര്‍ എന്നെ ഫോണില്‍ വിളിച്ചു പറഞ്ഞു. ഹാള്‍ വാടകയ്ക്ക് നല്‍കാനുള്ള വ്യവസ്ഥ മതപരമായ ചടങ്ങുകള്‍, പ്രഭാഷണങ്ങള്‍, പ്രസംഗങ്ങളും ചടങ്ങുകളും പാടില്ലെന്നാണ്. ഭാരതാംബായുടെ ചിത്രം മതപരമല്ലെന്നും ചടങ്ങ് തടയരുതെന്ന് പറഞ്ഞിട്ടും അനു തടഞ്ഞ് രജിസ്ട്രാര്‍ തന്റെ വാക്കുകള്‍ അനുസരിച്ചില്ല. അത് മാത്രമല്ല നിയമവിരുദ്ധമായി പരിപാടി നടത്തിയെന്ന് തന്നോട് ചോദിക്കാതെ ഡിജിപിയ്ക്ക് മെയിലയക്കുകയും ചെയ്തു.

ഈ സംഭവത്തില്‍ രാജ്ഭവന്റെ പ്രതികരണമെന്തായിരുന്നു?

രജിസ്ട്രാര്‍ രാജ്ഭവനിലേക്കയച്ച ഇ-മെയില്‍ സന്ദേശത്തിന് രാജ്ഭവന്‍ എന്നോട് വിശദീകരണം ചോദിച്ചു. ഇതേ കുറിച്ച് റജിസ്ട്രാറോട് വിശദീകരണം ചോദിച്ചപ്പോള്‍ മതപരമായ ചിഹ്നംവെച്ചതിനാലെന്ന് മറുപടി തന്നു. മതപരമായ ചിഹ്നം എന്നത് കൊണ്ട് ഉദ്ദേശിച്ചതെന്താണെന്ന് റജിസ്ട്രാറോട് ചോദിച്ചപ്പോള്‍ വ്യകതമായ മറുപടി തന്നില്ല. എല്ലാം പറഞ്ഞതാണല്ലോ പുതുതായി ഒന്നും പറയാനില്ലെന്നാണ് റജിസ്ട്രാര്‍ തന്ന മറുപടി

 റജിസ്ട്രാറെ സസ്‌പെന്‍ഡ് ചെയ്യാന്‍ വി.സിക്ക് അധികാരമില്ലെന്ന് മന്ത്രി ഡോ.ആര്‍. ബിന്ദുവും ഇടത് സിണ്ടിക്കേറ്റ് അംഗങ്ങളും പറയുന്നുണ്ടല്ലോ?

സിണ്ടിക്കേറ്റിനും സെനറ്റിനും അക്കാദമിക്ക് കൗണ്‍സിലിനും യോഗം കൂടുമ്പോള്‍ മാത്രമേ അധികാരമുള്ളൂ വി.സിക്ക് യോഗമില്ലാത്ത സമയത്തും എപ്പോഴും അധികാരമുണ്ട്. വി.സിക്ക് തീരുമാനമെടുത്ത ശേഷം സമിതികളോട് റിപ്പോര്‍ട്ട് ചെയ്താല്‍ മതി.

സസ്‌പെന്‍ഷന്‍ നടപടി നേരിടുമെന്ന് റജിസ്ട്രാര്‍ പറയുന്നുണ്ടല്ലോ?

നിയമപരമായി നേരിടുമെന്ന് റജിസ്ട്രാര്‍ പറഞ്ഞതില്‍ തര്‍ക്കിക്കാനില്ല. കാരണം ഞാന്‍ ചെയ്തതെല്ലാം നിയമപരമായിട്ടാണ്.നിയമത്തെ കൈവിട്ട് ഒന്നും ചെയ്യുന്നില്ല എന്നു പറയുന്നതില്‍ സന്തോഷമുണ്ട്.

ഗവര്‍ണര്‍ ഈ വിഷയത്തില്‍ നേരിട്ട് സംസാരിച്ചിരുന്നോ?

ഇല്ല. രാജ്ഭവന്‍ മെയില്‍ വഴി വിശദീകരണം ചോദിച്ചു.

താങ്കള്‍ രാഷ്ട്രീയം കളിക്കുന്നുവെന്ന് വിമര്‍ശനമുണ്ടല്ലോ?

എനിക്ക് രാഷ്ട്രീയമില്ല. പഠിക്കുന്ന കാലത്ത് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ സ്വതന്ത്രനായി മത്സരിച്ച് ജയിച്ച ആളാണു ഞാന്‍. മെഡിക്കല്‍ കോളേജ് അധ്യാപകരുടെ സംഘടന രാഷ്ട്രീയമില്ലാത്ത സംഘടനയാണ്. അതിന്റെ സംസ്ഥാന പ്രസിഡന്റായി തുടര്‍ച്ചയായി ഞാന്‍ മൂന്നു വര്‍ഷമിരുന്നിട്ടുണ്ട്.

ഇടതുപക്ഷ സര്‍ക്കാറിനോടും ഇടതുസംഘടനകളോടും എന്തെങ്കിലും വിദ്വേഷമുണ്ടോ?

ഒരു വൈരാഗ്യവുമില്ല. ഞാന്‍ എന്റെ കര്‍ത്തവ്യം നിര്‍വഹിക്കുന്നു. സര്‍ക്കാരുമായി നല്ല സഹകരണത്തിലാണ്. ലഹരി വിപത്തിനെതിരെയുള്ള യോഗത്തില്‍ ആരോഗ്യ മന്ത്രിയ്ക്കും ഉദ്യോഗസ്ഥര്‍ക്കുമൊപ്പം ഞാന്‍ കുറച്ചു നാള്‍ മുന്‍പ് ക്ഷണം സ്വീകരിച്ച് പങ്കെടുത്തിരുന്നു. 

താത്ക്കാലിക വി.സിമാരെ വെച്ചുള്ള സര്‍വകലാശാലകളുടെ ഭരണം നടത്തുന്നത് സര്‍വകലാശാലകളുടെ പ്രവര്‍ത്തനത്തെ ബാധിക്കുമെന്ന വിമര്‍ശനത്തെ കുറിച്ച് എന്തു പറയുന്നു

.കേരളത്തിലെ സ്ഥിരമായ ഒരേ ഒരു വി.സി ആരോഗ്യ സര്‍വകലാശാലയിലെ വി.സിയായ ഞാനാണ്. സ്ഥിരം വി.സിമാരെ നിയമിച്ചാല്‍ സര്‍വകലാശാലയുടെ പ്രവര്‍ത്തനം കൂടുതല്‍ ഊര്‍ജ്ജസ്വലമാക്കാം.