തിരുവനന്തപുരം: കേരള സര്‍വകലാശാലയില്‍ പകരം രജിസ്ട്രാറായി ചുമതലനല്‍കിയ മിനി കാപ്പനോട് ചുമതലയേറ്റെടുക്കാന്‍ വൈസ് ചാന്‍സലര്‍ ഡോ. മോഹനന്‍ കുന്നുമ്മല്‍ വീണ്ടും നിര്‍ദേശിച്ചു. വിസി സസ്പെന്‍ഡ് ചെയ്യുകയും സിന്‍ഡിക്കേറ്റ് സസ്പെന്‍ഷന്‍ റദ്ദാക്കുകയും ചെയ്ത രജിസ്ട്രാര്‍ ഡോ. കെ.എസ്. അനില്‍കുമാര്‍ സര്‍വകലാശാലയില്‍ ജോലിക്കെത്തുന്നുണ്ട്. അത് വിസി അംഗീകരിക്കുന്നില്ല. എന്നാല്‍, വിവാദങ്ങളുടെ സാഹചര്യത്തില്‍ ചുമതല ഏല്‍ക്കുന്നില്ലെന്ന് മിനി, വിസിയെ അറിയിച്ചിരുന്നു. ഇത് നിരാകരിച്ചാണ് ചുമതല ഏറ്റെടുക്കാന്‍ വിസി നിര്‍ദേശം നല്‍കിയത്.

To advertise here,

മിനി കാപ്പന്‍ വഴി വരുന്ന ഫയലുകള്‍ മാത്രമേ പരിഗണിക്കൂവെന്നാണ് വിസി അറിയിച്ചിരിക്കുന്നത്. അനില്‍കുമാറിന്റെ രജിസ്ട്രാര്‍ ഐഡി വിച്ഛേദിച്ച് മിനി കാപ്പന് മാറ്റിനല്‍കിയെങ്കിലും അതനുസരിച്ച് ഈ ഫയല്‍ സിസ്റ്റത്തില്‍ മാറ്റംവരുത്താന്‍ സര്‍വീസ് പ്രൊവൈഡറായ തിരുവനന്തപുരം ടെക്നോപാര്‍ക്കിലെ സ്വകാര്യകമ്പനി തയ്യാറായിട്ടില്ല. ഇടത് സിന്‍ഡിക്കേറ്റ് അംഗങ്ങളുടെ സമ്മര്‍ദങ്ങള്‍ക്ക് ഏജന്‍സി വഴങ്ങിയാണ് ഇതെന്നാണ് സൂചന. സിന്‍ഡിക്കേറ്റ് അംഗങ്ങളുടെ നിര്‍ദേശപ്രകാരം സര്‍വകലാശാല ചുമതലപ്പെടുത്തിയിട്ടുള്ള നോഡല്‍ ഓഫീസര്‍ അനില്‍കുമാറിന് ഫയലുകള്‍ ലഭിക്കത്തക്കരീതിയില്‍ അയക്കാന്‍ സിസ്റ്റത്തില്‍ മാറ്റംവരുത്തിയിട്ടുണ്ട്. കെല്‍ട്രോണ്‍ നിര്‍ദേശം നല്‍കിയാല്‍മാത്രമേ വിസിയുടെ ഉത്തരവ് നടപ്പാക്കാനാകൂവെന്ന നിലപാടിലാണ് സ്വകാര്യകമ്പനി.