കോഴിക്കോട്: വിദ്യാർഥിനിക്ക് ഗുരുതരമായി പരിക്കേൽക്കാനിടയായ

To advertise here,

തീവണ്ടിക്ക് നേരെയുണ്ടായ കല്ലേറിൽ പിടിയിലായ കടലുണ്ടി വടക്കുമ്പാട് സ്വദേശി കൃഷ്ണകുമാറി(30)ന്റെ മൊഴിയിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. ഐപിഎല്ലിൽ ഇഷ്ട ടീം തോറ്റ വിഷമം തീർക്കാനാണ് താൻ ട്രെയിനിനുനേരെ കല്ലെറിഞ്ഞത് എന്നാണ് ചോദ്യംചെയ്യലിൽ ഇയാൾ പറഞ്ഞതെന്ന് റെയിൽവേ പോലീസ് ഇൻസ്‌പെക്ടർ സുധീർ മനോഹർ മാതൃഭൂമി ഡോട് കോമിനോട് പറഞ്ഞു.

മൂന്ന് മാസം മുൻപാണ് കൃഷ്ണകുമാർ 3000 രൂപയ്ക്ക് സെക്കൻഡ് ഹാൻഡ് ആൻഡ്രോയിഡ് മൊബൈൽ വാങ്ങിയത്. ഇതിൽ ഐപിഎൽ മത്സരങ്ങൾ കണ്ടിരുന്നു. മഹേന്ദ്രസിങ് ധോനിയുടെ കടുത്ത ആരാധകനായ കൃഷ്ണകുമാർ, ഐപിഎൽ മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്‌സ് തോറ്റതോടെ വിട്ടീൽനിന്ന് വഴക്കുണ്ടാക്കി പുറത്തിറങ്ങി. തുടർന്ന് റെയിൽപാളത്തിന് അരികിലേക്ക് എത്തിയ ഇയാൾ കല്ലെടുത്ത് ട്രെയിനിന് നേരെ എറിയുകയായിരുന്നുവെന്നും സുധീർ മനോഹർ കൂട്ടിച്ചേർത്തു. വീട്ടിൽ കഞ്ചാവ് ചെടി വളർത്തിയ കേസിൽ പത്ത് മാസം ജയിൽവാസം കഴിഞ്ഞെത്തിയ ആളാണ് കൃഷ്ണകുമാർ. സംഭവസമയവും ഇയാൾ ലഹരി ഉപയോഗിച്ചിരുന്നുവെന്നാണ് വിവരം.

കഴിഞ്ഞ മാസം മുപ്പതാം തീയതി ആയിരുന്നു ആലപ്പുഴ-കണ്ണൂർ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസിന് നേരെ കല്ലേറുണ്ടായത്. ആലുവയിലെ ഹോസ്റ്റലിൽ നിന്നും ട്രെയിനിൽ കോഴിക്കോട് പുറമേരിയിലെ വീട്ടിലേക്ക് വരുന്നതിനിടെ എരഞ്ഞോളി താഴേക്കുനിയിൽ ഐശ്വര്യക്ക് (22) കല്ലേറിൽ പരിക്കേറ്റു. ഫറോക്കിനും കടലുണ്ടിക്കും ഇടയിൽ വെച്ചായിരുന്നു സംഭവം. കല്ലേറിൽ ഐശ്വര്യയുടെ താടിയെല്ലിന് ഗുരുതരമായി പരിക്കേറ്റിരുന്നു. ഇടതുവശത്തെ രണ്ടു പല്ലുകൾ നഷ്ടമാവുകയും ചുണ്ടിനു മുറിവേൽക്കുകയും ചെയ്തു.

എന്നാൽ, ആർപിഎഫും റെയിൽവേ പോലീസും വിശദമായ അന്വേഷണം നടത്തിയെങ്കിലും പ്രതിയെ കണ്ടെത്താനായില്ല. തുടർന്ന്, സംഭവം നടന്ന പ്രദേശത്തെ വീടുകളിലെത്തി അന്വേഷണസംഘം വിവരങ്ങൾ ശേഖരിച്ചു. അയൽവാസികളുടെ വീട്ടിലേക്കും മാവിനും പതിവായി കല്ലെറിയുന്ന കൃഷ്ണകുമാറിനെ കുറിച്ച് ഇവിടെനിന്നാണ് പോലീസിന് വിവരം ലഭിച്ചത്. തുടർന്ന് തിങ്കളാഴ്ച വൈകീട്ടോടെ പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പിന്നീട് നടത്തിയ ചോദ്യംചെയ്യലിലാണ് ഇയാൾ സംഭവം വിവരിച്ചത്.