കൊച്ചി : സ്പാ ജീവനക്കാരിയുടെ മാല മോഷ്ടിച്ചെന്നും ഇക്കാര്യം ഭാര്യയെ അറിയിക്കുമെന്നും ഭീഷണിപ്പെടുത്തി പോലീസുകാരനില്‍നിന്ന് നാലുലക്ഷം രൂപ തട്ടിയ സംഭവത്തില്‍ എസ്ഐ ഉള്‍പ്പെടെ മൂന്നാളുകളുടെ പേരില്‍ കേസെടുത്തു. പാലാരിവട്ടം സ്റ്റേഷനിലെ എസ്ഐ കെ.കെ. ബൈജുവാണ് (53) കേസില്‍ ഒന്നാം പ്രതി. സ്പാ നടത്തിപ്പുകാരന്‍ ഷിഹാം, പാലാരിവട്ടം റോയല്‍ വെല്‍നെസ് സ്പായിലെ ജീവനക്കാരി രമ്യ എന്നിവരാണ് മറ്റ് പ്രതികള്‍.

To advertise here,

എറണാകുളം ജില്ലാ ഹെഡ്ക്വാര്‍ട്ടേഴ്സിലെ സിപിഒയുടെ പരാതിയിലാണ് നടപടി.

കഴിഞ്ഞ സെപ്റ്റംബര്‍ 8-ന് വൈകീട്ട് അഞ്ചരയോടെ പോലീസുകാരന്‍ പാലാരിവട്ടത്തെ സ്പായിലെത്തിയിരുന്നു. പിറ്റേന്ന് രാവിലെ പത്തോടെ സ്പായിലെ ജീവനക്കാരി രമ്യ പോലീസുകാരനെ ഫോണില്‍ വിളിച്ചു. മസാജ് ചെയ്യുന്നതിനിടെ താന്‍ മാല ഊരിവെച്ചിരുന്നെന്നും അത് തിരികെ നല്‍കണമെന്നും അല്ലെങ്കില്‍ ആറര ലക്ഷം രൂപ കൈമാറണമെന്നും ആവശ്യപ്പെട്ടു.

മാല താന്‍ എടുത്തിട്ടില്ലെന്നും പോലീസില്‍ പരാതി നല്‍കൂവെന്നും പോലീസുകാരന്‍ പറഞ്ഞു.

പിറ്റേന്ന് രമ്യ പാലാരിവട്ടം സ്റ്റേഷനിലെത്തി മാല മോഷണം പോയെന്ന പരാതി നല്‍കി. ഇതിനിടെ രണ്ടാംപ്രതി ഷിഹാം പോലീസുകാരനെ ഫോണില്‍ വിളിക്കുകയും സ്പായില്‍ വന്നതും മാല മോഷ്ടിച്ചതും പോലീസുകാരന്റെ ഭാര്യയെ അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. പ്രശ്‌നം തീര്‍ക്കാന്‍ നാലുലക്ഷം രൂപ പാലാരിവട്ടം സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ ബൈജു മുഖേന പ്രതികള്‍ക്ക് കൈമാറിയെന്നാണ് പോലീസുകാരന്റെ മൊഴി.

അതേസമയം ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ ബന്ധമില്ലെന്നാണ് പോലീസുകാരന്‍ മേലുദ്യോഗസ്ഥരെ അറിയിച്ചിട്ടുള്ളത്. സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുന്നുണ്ടെന്നും എസ്ഐയ്‌ക്കെതിരേ വകുപ്പുതല നടപടി ഉണ്ടാകുമെന്നും ഉന്നത ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.ഭീഷണിപ്പെടുത്തിയത് സ്പായിലെ യുവതിയുടെ മാല അപഹരിച്ചെന്ന് ആരോപിച്ച്‌സ്പാ നടത്തിപ്പുകാരനും യുവതിയും പ്രതികള്‍

സംഭവം പുറത്തുവന്നത് രഹസ്യാന്വേഷണ വിഭാഗത്തിന്റെ നീക്കത്തിലൂടെ

: സ്പായിലെ മാല മോഷണം പോയതുമായി ബന്ധപ്പെട്ട പരാതി പെട്ടെന്ന് ഒത്തുതീര്‍ന്നതില്‍ രഹസ്യാന്വേഷണ വിഭാഗത്തിനുണ്ടായ സംശയമാണ് പോലീസിനെത്തന്നെ ഞെട്ടിച്ച സ്പാ വിവാദം പുറത്തേക്ക് വരാന്‍ കാരണം. സ്പായില്‍ പോയ സിപിഒ മാല അപഹരിച്ചെന്ന് കാണിച്ച് സ്പാ ജീവനക്കാരി പരാതി നല്‍കിയിരുന്നു. ഈ പരാതിയെക്കുറിച്ച് രഹസ്യാന്വേഷണ വിഭാഗം അന്വേഷണം നടത്തിയിരുന്നു. അതിനിടെ കേസ് പെട്ടെന്ന് ഒത്തുതീര്‍പ്പായതും സംശയമുണ്ടാക്കി. കൂടുതല്‍ അന്വേഷണത്തിലാണ് ഭീഷണിപ്പെടുത്തി പണം തട്ടിയെന്ന വിവരം ഉന്നത ഉദ്യോഗസ്ഥര്‍ അറിയുന്നത്. കേസ് തീരാനുള്ള സാഹചര്യവും മറ്റും അന്വേഷിച്ചിറങ്ങിയപ്പോഴാണ് എസ്ഐ ഉള്‍പ്പെട്ട കേസ് ഒത്തുതീര്‍ത്തതായി അറിയുന്നത്.

രഹസ്യാന്വേഷണ വിഭാഗത്തിന്റെ അന്വേഷണത്തിലാണ് ഭീഷണിപ്പെടുത്തി പണം തട്ടിയെന്ന വിവരം ഉന്നത ഉദ്യോഗസ്ഥര്‍ അറിയുന്നത്. കഴിഞ്ഞ ദിവസം സിപിഒയുടെ മൊഴി രേഖപ്പെടുത്തി കേസെടുക്കുകയായിരുന്നു. മുന്‍പ് കൊച്ചിയിലെ അനാശാസ്യ കേന്ദ്രത്തിന്റെ നടത്തിപ്പില്‍ പങ്കുണ്ടെന്ന് കണ്ടെത്തിയ രണ്ട് പോലീസുകാര്‍ നേരത്തേ അറസ്റ്റിലായിരുന്നു. ഇവരെ സസ്‌പെന്‍ഡ് ചെയ്യുകയും ഉണ്ടായി.

ഇതിനു ശേഷമാണ് ഇപ്പോള്‍ സ്പാ നടത്തിപ്പുകാരുമായി പോലീസ് സേനാംഗത്തിന്റെ ചങ്ങാത്തത്തിന്റെ വിവരങ്ങള്‍ പുറത്തു വന്നിരിക്കുന്നത്. കൊച്ചി സിറ്റിയില്‍ ഏതാണ്ട് 600-ലധികം സ്പാകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് കണ്ടെത്തിയിട്ടുള്ളത്.

ഇതിന്റെ നടത്തിപ്പുകാരുമായി പതിവായി ബന്ധം പുലര്‍ത്തുന്ന പോലീസുകാരുടെ വിവരങ്ങളും ശേഖരിച്ചിട്ടുണ്ട്. ഇതില്‍ ചില സ്പാകളുടെ മറവില്‍ അനാശാസ്യ ഇടപാടുകള്‍ നടക്കുന്നതായും ഇതിന് പോലീസിലെ ചിലര്‍ ഒത്താശ ചെയ്യുന്നതായുമാണ് ആക്ഷേപം.