കൊച്ചി: ഭൂനിയമങ്ങളിൽ ഭേദഗതി വരുത്തി രണ്ടാം ഭൂപരിഷ്കരണത്തിന് സർക്കാർ തുടക്കമിടുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു. പൂട്ടിക്കിടക്കുന്ന തോട്ടങ്ങൾ തുറക്കാൻ നടപടിയെടുക്കും. അവിടെ കാർഷിക വ്യവസ്ഥയ്ക്കും പരിസ്ഥിതിക്കും കോട്ടംതട്ടാത്ത രീതിയിൽ ടൂറിസം, മൾട്ടി-ക്രോപ്പിങ് എന്നിവ പ്രോത്സാഹിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനതല കർഷകദിനാഘോഷം കളമശ്ശേരിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അധികാരത്തിലേറി രണ്ടുമാസത്തിനുള്ളിൽ തന്നെ നെൽകർഷകർക്കുള്ള അധ്വാനഫലം ലഭ്യമാക്കാൻ നടപടിയെടുത്തു. റബ്ബറിന്റെ വില 200 രൂപയിൽ നിന്ന് 250 രൂപയായി ഉയർത്തിയത് വൈകാതെ 300 രൂപയാക്കും. ഉൽപ്പന്നങ്ങൾക്ക് ന്യായവില ലഭ്യമാക്കാൻ മൂല്യവർദ്ധന നടത്തി ഉത്പന്നങ്ങൾ 'കേരള ബ്രാൻഡ്' എന്ന പേരിൽ വിപണിയിലിറക്കും. വിഴിഞ്ഞം തുറമുഖത്തിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തി ഇവ വിദേശത്തേക്ക് കയറ്റുമതി ചെയ്യാനുള്ള നടപടികൾ സ്വീകരിക്കും-അദ്ദേഹം പറഞ്ഞു.
പാരമ്പര്യവിത്ത് സംരക്ഷകൻ ചെറുവയൽ രാമന് ഉമ്മൻചാണ്ടിയുടെ പേരിലുള്ള പ്രഥമ അവാർഡും മറ്റ് കർഷക അവാർഡുകളും മുഖ്യമന്ത്രി വിതരണം ചെയ്തു. മന്ത്രി ടി. സിദ്ദിഖ് അധ്യക്ഷനായി. മന്ത്രിമാരായ വി.ഇ. അബ്ദുൾ ഗഫൂർ, റോജി എം. ജോൺ, എം.പി. മാരായ ബെന്നി ബഹനാൻ, ഹൈബി ഈഡൻ, ഹാരിസ് ബീരാൻ, ജെബി മേത്തർ, കെ. ഫ്രാൻസിസ് ജോർജ്, എം.എൽ.എ.മാരായ അൻവർ സാദത്ത്, ടി.ജെ. വിനോദ്, ഉമാ തോമസ്, മാത്യു കുഴൽനാടൻ, മനോജ് മൂത്തേടൻ, ടോണി ചമ്മണി, മുഹമ്മദ് ഷിയാസ്, ദീപക് ജോയ്, മേയർ മിനിമോൾ വി.കെ., ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാധാകൃഷ്ണൻ, അഡീഷണൽ ചീഫ് സെക്രട്ടറിയും കാർഷികോത്പാദന കമ്മിഷണറുമായ മിൻഹാജ് ആലം, സ്പെഷ്യൽ സെക്രട്ടറി ടി.വി. സുഭാഷ്, ജില്ലാ കളക്ടർ ജി. പ്രിയങ്ക, കളമശ്ശേരി മുനിസിപ്പൽ ചെയർമാൻ ജമാൽ മണക്കാടൻ, സോയിൽ സർവേ ആൻഡ് സോയിൽ കൺസർവേഷൻ ഡയറക്ടർ സാജു കെ. സുരേന്ദ്രൻ, കൊച്ചി സർവകലാശാലാ വൈസ് ചാൻസലർ പ്രൊഫ. എം. ജുനൈദ് ബുഷ്‌രി എന്നിവർ സംബന്ധിച്ചു.
Content Highlights: Kerala CM announces second land reforms through land law amendments and a hike in rubber price to Rs 300.
Published: 18 Aug 2026, 08:13 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented