തിരുവനന്തപുരം: ഭൂപരിഷ്‌കരണ നിയമത്തിന് ഭേദഗതി കൊണ്ടുവരുമെന്ന സർക്കാർ പ്രഖ്യാപനം രാഷ്ട്രീയമായി ഭരണ-പ്രതിപക്ഷ ഏറ്റുമുട്ടലിലേക്ക് മാറുന്നു. കോർപ്പറേറ്റുകൾക്ക് ഭൂമി കൈമാറാനുള്ള ആസൂത്രിതനീക്കമെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. ഇടതുസർക്കാരിന്റെ കാലങ്ങളിൽ ഭൂപരിഷ്‌കരണ നിയമത്തിൽ ഭേദഗതി കൊണ്ടുവരാൻ നടത്തിയ നീക്കങ്ങൾ ശേഖരിച്ച് പ്രതിരോധിക്കാനാണ് സർക്കാർ ആലോചിക്കുന്നത്.
ഒപ്പം, ആരോപണങ്ങൾ പൊതുമനസ്സ് സർക്കാരിന് എതിരാക്കാത്തവിധം നിയമമാറ്റം കൊണ്ടുവരാനാണ് ശ്രമം. ഏതൊക്കെ രീതിയിലുള്ള മാറ്റം വേണമെന്ന് പഠിക്കാൻ പ്രത്യേകം സമിതിയെ നിയോഗിക്കും.
തോട്ടം ഭൂമിയിൽ നിശ്ചിതശതമാനം സ്ഥലം മറ്റ് ഫലവൃക്ഷങ്ങൾ നടുന്നതിനും ടൂറിസം പദ്ധതികൾക്കുമായി ഉപയോഗിക്കാമെന്ന മാറ്റം കഴിഞ്ഞ ഇടതുസർക്കാരിന്റെ കാലത്താണ് കൊണ്ടുവന്നത്. ഈ ഇളവ് ഫലപ്രദമാക്കാൻ കഴിയുന്ന മാറ്റങ്ങളാണ് ഇപ്പോൾ സർക്കാർ പ്രധാനമായും ഉദ്ദേശിക്കുന്നത്. ഒഴിഞ്ഞുകിടക്കുന്ന തോട്ടം ഭൂമി, അതിന്റെ ഉടമസ്ഥാവകാശത്തിന്റെ വ്യവസ്ഥമാറ്റാതെ മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ അനുവദിക്കുക എന്നതാണ് ലക്ഷ്യം.
എന്നാൽ, ഇതിന്റെ അപകടവും പരിശോധിക്കുന്നുണ്ട്. വൻകിട കമ്പനികൾ തോട്ടം ഭൂമിയിൽ ഇളവുതേടി കാത്തിരിക്കുന്നുണ്ട് എന്നതാണ് കാരണം. ഇടുക്കിപോലുള്ള ജില്ലകളിൽ തോട്ടം ഭൂമിയുടെ ഘടനയിൽ മാറ്റംവരുത്തിയാൽ വലിയ പരിസ്ഥിതിപ്രശ്‌നങ്ങൾക്ക് വഴിവെക്കും. ഇത് മനസ്സിലാക്കിയാണ്, വിദഗ്ധസമിതിയെ പഠനത്തിനായി നിയോഗിക്കുന്നത്.
ധവളപത്രവും ബജറ്റും സ്വകാര്യനിക്ഷേപം പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യംവെക്കുന്നുവെന്ന ആരോപണമാണ് പ്രതിപക്ഷം ഉയർത്തുന്നത്. പൊതുമേഖലാസ്ഥാപനങ്ങളുടെ ഭൂമി മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കുക, ധാതുസമ്പത്ത് അടിസ്ഥാനമാക്കി സ്വകാര്യനിക്ഷപകരെ തേടുക, ഭൂപരിഷ്‌കരണത്തിൽ മാറ്റം കൊണ്ടുവരുക എന്നീ നിർദേശങ്ങളാണ് ഇതിന് ആധാരം.
സംസ്ഥാനം കടക്കെണിയിലാണെന്ന പ്രചാരണം ഇതിനുള്ള മറയാണെന്നും എൽ.ഡി.എഫ്. വിലയിരുത്തുന്നു. സർക്കാരിന് പണമില്ലാത്തതിനാൽ, പദ്ധതികൾക്ക് പണം കണ്ടെത്താൻ സ്വകാര്യനിക്ഷേപമല്ലാതെ മറ്റുവഴിയില്ലെന്ന് വരുത്തിത്തീർക്കുകയാണ് യു.ഡി.എഫ്. എന്നാണ് വിമർശനം.
വി.എസ്. സർക്കാരിന്റെ കാലംമുതൽ ഭൂപരിഷ്‌കരണ നിയമത്തിലടക്കം ഭേദഗതി കൊണ്ടുവരാനുള്ള നീക്കം ഇടതുപക്ഷത്തുനിന്നുണ്ടായിട്ടുണ്ട്. ഇത് ശേഖരിച്ചായിരിക്കും പ്രതിപക്ഷത്തെ സർക്കാർ നേരിടുക. പിണറായി ഭരണത്തിലും സ്വകാര്യനിക്ഷേപത്തിന് ഒട്ടേറെ ഇളവുനൽകിയിട്ടുണ്ട്. കാമ്പസ് വ്യവസായ പാർക്കുകളും സ്വകാര്യപാർക്കുകളുമെല്ലാം ഇളവുകളുടെ ആനുകൂല്യത്താൽ രൂപപ്പെട്ടവയാണ്. ഇതിന്റെയെല്ലാം വിവരം സമാഹരിച്ചാകും സർക്കാർ പ്രതിപക്ഷ ആരോപണങ്ങളെ നേരിടുക.
Content Highlights: Government proposal to amend the Land Reform Act to allow alternative use of plantation land., Opposition alleges a hidden agenda to favor large corporations., Formation of an expert committee to study environmental and social impacts., Shift in government strategy to promote private investment amid financial constraints., Historical context of land reform amendments from VS Achuthanandan era to present.
Published: 21 Jun 2026, 06:33 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented