തിരുവനന്തപുരം: സ്കൂൾ സമയമാറ്റം വിവാദമായതോടെ, കോടതിവിധിയും വിദ്യാഭ്യാസനിയമങ്ങളും വിശദീകരിച്ച് സമസ്തയുൾപ്പെടെയുള്ള സംഘടനകളെ ബോധ്യപ്പെടുത്താൻ സർക്കാർ. മുഖ്യമന്ത്രി മടങ്ങിവന്നശേഷം ചർച്ച ആലോചിക്കുമെന്നും സംശയമുള്ള എല്ലാവരെയും വിളിക്കുമെന്നും മന്ത്രി വി. ശിവൻകുട്ടി പത്രസമ്മേളനത്തിൽ പറഞ്ഞു.
ചിലർ തെറ്റിദ്ധരിച്ചതുപോലെ ഒന്നുമുതൽ പത്തുവരെ ക്ലാസുകളിൽ സമയമാറ്റമില്ല. ഹൈസ്കൂളിൽ മാത്രമേ അരമണിക്കൂർ അധികപഠനമുള്ളൂ. കോടതിവിധിയനുസരിച്ച് പുറത്തിറക്കിയതാണ് സ്കൂൾ വിദ്യാഭ്യാസ കലണ്ടർ. പൊതുവിദ്യാഭ്യാസവകുപ്പ് രാജ്യത്ത് രണ്ടാംസ്ഥാനത്തെത്തിയതിൽ സമസ്തയുടെയും പിന്തുണയുണ്ടെന്ന് പ്രശംസിച്ച മന്ത്രി അത് ഇനിയും ആവശ്യമാണെന്നും അഭിപ്രായപ്പെട്ടു.
വിദ്യാഭ്യാസനിയമങ്ങൾ മാറ്റണമെങ്കിൽ നിയമസഭയിൽ ഭേദഗതിവരുത്തണം. കോടതിവിധിയിലും വിദ്യാഭ്യാസനിയമങ്ങളിലും ചർച്ചയില്ല. നിയമമനുസരിച്ച് സമയമാറ്റം പുനരാലോചിക്കാനാവില്ല. നിയമപ്രശ്നങ്ങളും കോടതിവിധിയും ബോധ്യപ്പെടുത്തും -മന്ത്രി പറഞ്ഞു.
താൻ ആരെയും വെല്ലുവിളിച്ചിട്ടില്ല, കഴിഞ്ഞവർഷം ശനിയാഴ്ചകൾ പ്രവൃത്തിദിനമാക്കിയ കലണ്ടറിനെതിരേ കോടതിയിൽപ്പോയത് കോൺഗ്രസിന്റെയും മുസ്‍ലിംലീഗിന്റെയും അധ്യാപകസംഘടനകളായിരുന്നു. യുഡിഎഫ് ഭരണകാലത്ത് രാവിലെയും വൈകീട്ടും അരമണിക്കൂർവീതം സമയം കൂട്ടിയപ്പോൾ ഒരു വിവാദവുമുണ്ടായില്ല -മന്ത്രി പറഞ്ഞു.
ഹൈസ്കൂൾ സമയമാറ്റം വന്ന വഴി
- അധ്യയനവർഷത്തിൽ 220 പ്രവൃത്തിദിനം ആവശ്യപ്പെട്ട് 2024-ന്റെ തുടക്കത്തിൽ എറണാകുളം ബീട്ടൂർ എബനൈസർ എച്ച്എസിലെ മാനേജരും പിടിഎയും ഹൈക്കോടതിയെ സമീപിച്ചു.
- ചട്ടങ്ങളനുസരിച്ച് തീരുമാനിക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് കോടതി നിർദേശം. ഹർജിക്കാരനെ കേട്ടശേഷം നിയമാനുസൃതമായ പ്രവൃത്തിദിനങ്ങൾ കലണ്ടറിൽ ഉൾപ്പെടുത്താമെന്ന് 2024 ഏപ്രിൽ 25-ന് ഉത്തരവിറക്കി.
- ഇതംഗീകരിക്കാതെ, ഹർജിക്കാരൻ സർക്കാരിനെതിരേ കോടതിയലക്ഷ്യഹർജി നൽകി.
- തുടർന്ന്, സർക്കാർ 25 ശനിയാഴ്ചകൾകൂടി പ്രവൃത്തിദിനമാക്കി വിദ്യാഭ്യാസ കലണ്ടർ പ്രസിദ്ധീകരിച്ചു. ഇതിനെതിരേ ഹൈക്കോടതിയിൽ കെപിഎസ്ടിഎ, കെഎസ്ടിയു തുടങ്ങിയ സംഘടനകളുടെ ഹർജി.
- ശനിയാഴ്ച പ്രവൃത്തിദിനമാക്കിയത് റദ്ദാക്കി, വിദ്യാഭ്യാസ അവകാശ നിയമത്തിലെ വ്യവസ്ഥകളനുസരിച്ചും വിദഗ്ധരുമായി കൂടിയാലോചിച്ചും കലണ്ടർ തയ്യാറാക്കാൻ 2024 ഓഗസ്റ്റ് ഒന്നിന് ഹൈക്കോടതിവിധി.
- വിദ്യാഭ്യാസ കലണ്ടർ സമഗ്രമായി പഠിച്ച് ശുപാർശനൽകാനായി 2025 ജനുവരി 20-ന് സർക്കാർ അഞ്ചംഗ വിദഗ്ധസമിതി രൂപവത്കരിച്ചു.
- സമിതി മേയ് ആറിന് റിപ്പോർട്ട് സമർപ്പിച്ചു. അതനുസരിച്ച് സർക്കാർ ശുപാർശ ഹൈക്കോടതിയെ അറിയിച്ചു.
- മേയ് 31-ന് സർക്കാർ വിദ്യാഭ്യാസകലണ്ടർ പുറത്തിറക്കി. എൽപി ക്ലാസുകൾക്ക് 800 ബോധനമണിക്കൂറിന് 198 പ്രവൃത്തിദിനങ്ങളും യുപിയിൽ 1000 ബോധനമണിക്കൂറിനായി 200 പ്രവൃത്തിദിനങ്ങളും നിശ്ചയിച്ചു. ഹൈസ്കൂളിൽ 1100 ബോധനമണിക്കൂർ തികയ്ക്കാൻ 204 പ്രവൃത്തിദിനങ്ങൾ നിശ്ചയിച്ചു. ഇതുറപ്പാക്കാൻ 38 വെള്ളിയാഴ്ചകൾ ഒഴിവാക്കി. 166 പ്രവൃത്തിദിനങ്ങളിൽ രാവിലെയും വൈകീട്ടും കാൽമണിക്കൂർ അധികപ്രവൃത്തിസമയവും ഉൾപ്പെടുത്തി. യുപിക്ക് രണ്ടും ഹൈസ്കൂളിൽ ആറും അധികശനിയാഴ്ചകൾ പ്രവൃത്തിദിനവുമാക്കി.
Content Highlights: Kerala govt clarifies school timing changes, citing court order & education laws
Published: 14 Jul 2025, 08:16 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented