തിരുവനന്തപുരം: സ്കൂൾ തുറക്കാൻവേണ്ടി മാത്രമായി തദ്ദേശസ്ഥാപനങ്ങൾ താത്‌കാലിക ഫിറ്റ്‌നസ് നൽകിയതോടെ അധ്യാപകരും സ്കൂൾജീവനക്കാരും തൊഴിൽഭീഷണിയിൽ. പ്രൊവിഷണൽ ഫിറ്റ്‌നസ് നൽകാൻ ചട്ടമോ ഉത്തരവോ ഇല്ലാത്തതിനാൽ, അത്തരം സ്കൂളിൽ തസ്തികനിർണയം നടത്താനാവില്ലെന്നു വ്യക്തമാക്കി പൊതുവിദ്യാഭ്യാസ ഡയറക്ടർ ഉത്തരവിറക്കി.
ഈ സ്കൂളുകളിലെ അധ്യാപകർക്ക് ജൂലായ് 15 മുതലുള്ള ശമ്പളം നൽകാനാവില്ലെന്നും അധ്യാപകരെ സീനിയോറിറ്റി അടിസ്ഥാനമാക്കി ക്രമീകരിക്കാനുമാണ് നിർദേശം. ഇതോടെ, സ്ഥിരം ഫിറ്റ്‌നസില്ലാത്ത സ്കൂളുകളിലെ അധ്യാപകരും ജീവനക്കാരും തൊഴിൽ പ്രതിസന്ധിയിലായി. ഒട്ടേറെ സ്കൂളുകൾക്ക് പ്രൊവിഷണൽ ഫിറ്റ്‌നസ് മാത്രമേയുള്ളൂവെന്ന് സർക്കാർ സമ്മതിക്കുമ്പോഴും കണക്കുകൾ പുറത്തുവിട്ടിട്ടില്ല.
കെട്ടിടങ്ങളുടെ സുരക്ഷയും കുടിവെള്ളം, ശുചിത്വം ഉൾപ്പെടെയുള്ള സൗകര്യങ്ങളും ഉറപ്പാക്കി തദ്ദേശസ്ഥാപനങ്ങൾ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് നൽകിയാൽ മാത്രമേ സ്‌കൂൾ തുറക്കാവൂ എന്നാണ് വ്യവസ്ഥ. ഫിറ്റ്‌നസിനായി സർക്കാർ പുറപ്പെടുവിച്ച നിർദേശം സങ്കീർണതകൾ സൃഷ്ടിച്ചിരുന്നു.
പ്രഥമാധ്യാപകരും മാനേജർമാരും പരാതികളുമായി രംഗത്തിറങ്ങിയോടെ, സർക്കാർ ഇളവനുവദിച്ചു. പക്ഷേ, മതിയായ സമയം ലഭിക്കാത്തതിനാൽ അധ്യയനവർഷം ആരംഭിക്കുമ്പോൾ അയ്യായിരത്തോളം സ്കൂളുകൾക്ക് ഫിറ്റ്‌നസ് ഉണ്ടായിരുന്നില്ല. ഇക്കാര്യം ‘മാതൃഭൂമി’ നേരത്തേ റിപ്പോർട്ട് ചെയ്തിരുന്നു.
ഒരു വർഷത്തേക്കാണ് സ്‌കൂൾ അധ്യാപക തസ്തികനിർണയം നടത്തുക. ഫിറ്റ്‌നസ് ഉണ്ടെങ്കിലേ തസ്തികനിർണയം നടത്താവൂ എന്നാണ് വ്യവസ്ഥ. അതിനാൽ ഒരു വർഷത്തേക്കാണ് ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് നൽകേണ്ടത്. താത്‌കാലിക സർട്ടിഫിക്കറ്റിന് വ്യവസ്ഥയില്ല. ഫിറ്റ്‌നസില്ലാത്ത കെട്ടിടങ്ങളിൽ ക്ലാസ് നടത്തരുതെന്നാണ് മറ്റൊരു നിർദേശം.
ഇനി പ്രതിസന്ധിയിൽനിന്നു കരയേറാൻ സർക്കാർ പ്രത്യേകമായി ഇടപെടേണ്ടിവരും. തദ്ദേശസ്ഥാപനങ്ങൾ അധിക നിർദേശങ്ങൾ അടിച്ചേൽപ്പിച്ചതാണ് പ്രതിസന്ധിക്കു കാരണമെന്ന് സർക്കാർ സ്‌കൂൾ പ്രഥമാധ്യാപകരുടെ സംഘടനയായ കെ.ജി.പി.എസ്.എച്ച്.എ. കുറ്റപ്പെടുത്തി.
ഫിറ്റ്‌നസിന്റെ ഉത്തരവാദിത്വം അധ്യാപകരുടെ തലയിലിട്ട് രക്ഷപ്പെടുകയാണ് സർക്കാരെന്ന് കെ.എസ്.ടി.എ. ആരോപിച്ചു. സ്‌കൂളുകൾ പൂട്ടുന്ന സാഹചര്യം ഒഴിവാക്കണമെന്ന് എൻ.ടി.യു. ആവശ്യപ്പെട്ടു.
Content Highlights: Government mandates permanent fitness certificates for staff salary disbursement. Provisional fitness certificates are deemed invalid for staff determination (Thasthika Nirnayam). Teachers in schools without permanent fitness face salary stoppage from July 15. Local bodies and school management blamed for the lack of compliance. Teacher unions demand government intervention to prevent school closures.
Published: 11 Jul 2026, 06:23 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented