തിരുവനന്തപുരം: സ്ത്രീകള്‍ക്ക് മാസം 1000 രൂപ പെന്ഷന് നല്കുന്ന സ്ത്രീസുരക്ഷാ പദ്ധതിയുടെ മാനദണ്ഡങ്ങള്‍ തീരുമാനിച്ചു. പെന്ഷന് കിട്ടാന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിക്കാണ് അപേക്ഷ നല്‍കേണ്ടത്.
ക്ഷേമപെന്ഷന് വിതരണംചെയ്യുന്ന മാതൃകയില്‍ സാമൂഹിക സുരക്ഷാ പെന്ഷന് കമ്പനി ഗുണഭോക്താക്കളുടെ അക്കൗണ്ടിലേക്ക് നേരിട്ട് പണംനല്‍കും.
മറ്റുക്ഷേമപദ്ധതികളില്‍ അംഗങ്ങളല്ലാത്ത, 35-നും 60-നും ഇടയില്‍ പ്രായമുള്ള, അന്ത്യോദയ അന്നയോജനയിലും (മഞ്ഞ റേഷന്‍ കാര്‍ഡ്) മുന്‍ഗണനാവിഭാഗങ്ങളിലും (പിങ്ക് റേഷന്‍ കാര്‍ഡ്) വരുന്ന സ്ത്രീകള്‍ക്കാണ് അര്‍ഹത. ഈ വിഭാഗങ്ങളില്‍വരുന്ന ട്രാന്‍സ് വുമണിനും അപേക്ഷിക്കാം.
മാനദണ്ഡങ്ങള്ക്കുള്ളില്വരുന്നുവെന്ന സത്യപ്രസ്താവനയും നല്‍കണം. പ്രായം തെളിയിക്കുന്നതിന് ജനനസര്‍ട്ടിഫിക്കറ്റ്, സ്കൂള്‍ സര്‍ട്ടിഫിക്കറ്റ്, ഡ്രൈവിങ് ലൈസന്‍സ്, പാസ്പോര്‍ട്ട് എന്നിവ ഹാജരാക്കാം. മറ്റ് രേഖകളില്ലെങ്കില്‍ ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. അനര്‍ഹമായി പെന്ഷന് നേടിയാല്‍ 18 ശതമാനം പലിശയോടെ തിരിച്ചുപിടിക്കും.
മറ്റ് മാനദണ്ഡങ്ങള്‍
- സംസ്ഥാനത്ത് സ്ഥിരമായി താമസിക്കുന്ന ആളാകണം.
- വിധവ, അവിവാഹിത, വികലാംഗ, സാമൂഹികക്ഷേമ പെന്‍ഷനുകള്‍, സര്‍വീസ്, കുടുംബപെന്ഷന്, ക്ഷേമനിധി ബോര്‍ഡുകളില്‍നിന്നുള്ള പെന്ഷന്, ഇപിഎഫ് പെന്ഷന് മുതലായവ ലഭിക്കുന്നവര്‍ക്ക് അര്‍ഹതയില്ല.
- കേരളത്തില്‍നിന്ന് താമസം മാറുകയോ കേന്ദ്ര-സംസ്ഥാന, സ്വയംഭരണ, ഗ്രാന്‍ഡ് ഇന്‍ എയ്ഡ് സ്ഥാപനങ്ങളിലോ പദ്ധതികളിലോ സ്ഥിരമോ താത്കാലികമായോ ജോലികിട്ടുകയോ ചെയ്താല്‍ തുടര്‍ന്ന് പെന്ഷന് കിട്ടില്ല. എന്നാല്‍, സ്വകാര്യസ്ഥാപനങ്ങളിലെ ജോലി പെന്ഷന് കിട്ടാന്‍ തടസ്സമായി പറയുന്നില്ല. റേഷന്‍കാര്‍ഡുകള്‍ നീല, വെള്ള എന്നിവയായി തരംമാറ്റപ്പെട്ടാലും പെന്‍ഷനില്ല. ഒരുമാസത്തിലേറെ റിമാന്‍ഡിലോ ജയിലിലോ ആയാലും അര്‍ഹത നഷ്ടപ്പെടും.
Content Highlights: Kerala govt announces Rs 1000 monthly pension for women. Eligibility, application process
Published: 13 Nov 2025, 08:09 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented