എടപ്പാൾ: നവീകരണത്തിനായി ലഭിച്ച കോടികൾ സർക്കാരിലേക്ക് തിരിച്ചടച്ച് റവന്യൂ വകുപ്പ്. ഡിജിറ്റൽ സർവേ അടക്കമുള്ളവയ്ക്കായി അനുവദിച്ച 23 കോടി രൂപയിൽ 19.5 കോടി രൂപയും വകുപ്പ് തിരിച്ചടച്ചു. ഭൂരേഖകൾ ഡിജിറ്റൈസേഷൻ, ഡിജിറ്റൽ റീ-സർവേ തുടങ്ങിയ നടപടികൾക്കായി ചെലവഴിച്ചത് 4.23 കോടി രൂപ മാത്രം.

To advertise here,

ഡിജിറ്റൈസേഷനുവേണ്ടി സോഫ്റ്റ്‌വേറുകൾ വികസിപ്പിക്കുക, പുതിയ ഇലക്ട്രോണിക് ഉപകരണങ്ങൾ വാങ്ങുക, കംപ്യൂട്ടറധിഷ്ഠിത ഉപകരണങ്ങൾ അറ്റകുറ്റപ്പണി നടത്തി നവീകരിക്കുക തുടങ്ങിയവയ്ക്കായി ബജറ്റിൽ അനുവദിച്ചതാണ് ഈ തുക. വില്ലേജ് ഓഫീസുകളിൽ പലയിടത്തും രശീതി നൽകാൻ പ്രിന്ററില്ല. താലൂക്ക് ഓഫീസുകളിലെ കംപ്യൂട്ടറുകളും പ്രിന്ററുകളും പഴയതായി. കംപ്യൂട്ടറുകളടക്കമുള്ള ഉപകരണങ്ങൾ വാങ്ങേണ്ടത് ലാൻഡ് റവന്യൂ കമ്മിഷണറേറ്റിലുള്ള ഐ.ടി. സെൽ വിഭാഗമാണ്.

2023 ഓഗസ്റ്റ് മാസത്തിൽ അനുവദിച്ച തുക ഓരോ ജില്ലയിലെയും ആവശ്യങ്ങൾ മനസ്സിലാക്കി വകുപ്പുതല പർച്ചേസ് കമ്മിറ്റി മുഖേന ഇ-ടെൻഡർ വിളിച്ചാണ് വിനിയോഗിക്കേണ്ടത്. എട്ടു മാസത്തോളം ലഭിച്ചിട്ടും ഇതൊന്നും ചെയ്തില്ല. ഭൂരേഖ ഡിജിറ്റൈസേഷന് രണ്ടു കോടി അനുവദിച്ചതും ചെലവഴിച്ചില്ല. സോഫ്റ്റ്‌വേർ ഡിവലപ്‌മെന്റിന് 1.8 കോടി അനുവദിച്ചു. അടിസ്ഥാന സൗകര്യം, അറ്റകുറ്റപ്പണി എന്നിവയ്ക്ക് 17.05 കോടിയും അനുവദിച്ചു. ഇതിൽ സോഫ്റ്റ്‌വേർ ഡിവലപ്‌മെന്റിനായി 49.14 ലക്ഷവും അടിസ്ഥാന വികസനത്തിന് 2.36 കോടിയും വിനിയോഗിച്ചു.