തിരുവനന്തപുരം: റവന്യൂ വകുപ്പിലെ 181 തഹസീൽദാർ, സീനിയർ സൂപ്രണ്ടുമാർ എന്നിവരുടെ കൂട്ടസ്ഥലംമാറ്റം കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ സ്റ്റേചെയ്തു. ലാൻഡ് റവന്യൂ കമ്മീഷണർ ഇറക്കിയ ഉത്തരവാണ് ട്രൈബ്യൂണലിലെ അഡ്മിനിസ്ട്രേറ്റീവ് മെമ്പർ എൻ. വാസുദേവൻ സ്റ്റേചെയ്തത്.

To advertise here,

മാനദണ്ഡങ്ങൾ പാലിക്കാതെയുള്ള സ്ഥലംമാറ്റ ഉത്തരവാണിതെന്നാണ് ട്രൈബ്യൂണലിന്റെ നിരീക്ഷണം. കരട് പട്ടിക പ്രസിദ്ധീകരിച്ച് ഉദ്യോഗസ്ഥരുടെ അഭിപ്രായം ആരായാതെ തിടുക്കപ്പെട്ടാണ് സ്ഥലംമാറ്റ ഉത്തരവ് ഇറക്കിയത്. സ്ഥലംമാറ്റം നിയമവിരുദ്ധമാണെന്നും ട്രൈബ്യൂണൽ ചൂണ്ടിക്കാട്ടി.

മഴക്കെടുതി കണക്കിലെടുത്ത് ദുരന്തനിവാരണത്തിന്റെ ഭാഗമായുള്ള ദുരിതാശ്വാസം, രക്ഷാപ്രവർത്തനം എന്നിവ ഏകോപിപ്പിക്കാനും കാര്യക്ഷമമാക്കാനുമാണ് തിടുക്കപ്പെട്ട് സ്ഥലംമാറ്റ ഉത്തരവ് പുറപ്പെടുവിച്ചതെന്നായിരുന്നു സർക്കാർ വാദം. ഈ വാദം ട്രൈബ്യൂണൽ തള്ളി. സർക്കാർ ഉത്തരവ് അനുസരിച്ച് ജോലിയിൽ പ്രവേശിച്ച ഉദ്യോഗസ്ഥർക്ക് ഈ ഉത്തരവ് ബാധകമല്ലെന്നും ട്രൈബ്യൂണൽ വ്യക്തമാക്കി.